...
Home News International ‘ജോലി ചെയ്യുന്ന റോബോട്ടുകള്‍ നികുതിയും നല്‍കണം’; സാമ്പത്തിക നീതി ഉറപ്പാക്കണമെന്ന് ആള്‍ട്ട്മാന്‍

‘ജോലി ചെയ്യുന്ന റോബോട്ടുകള്‍ നികുതിയും നല്‍കണം’; സാമ്പത്തിക നീതി ഉറപ്പാക്കണമെന്ന് ആള്‍ട്ട്മാന്‍

യന്ത്രങ്ങള്‍ ജോലികള്‍ ഏറ്റെടുക്കുമ്പോള്‍ മനുഷ്യര്‍ എന്ത് ചെയ്യും എന്ന ചോദ്യത്തിന്, മനുഷ്യര്‍ കൂടുതല്‍ മനുഷ്യ കേന്ദ്രീകൃതമായ മേഖലകളിലേക്ക് മാറുമെന്നാണ് ടെക് വിദഗ്‌ദരുടെ മറുപടി

210

ആര്‍ട്ടിഫിഷ്യല്‍ ഇൻ്റെലിജന്‍സ് (എഐ) ലോകത്തെ കീഴ്‌പ്പെടുത്തുമ്പോള്‍ യന്ത്രങ്ങള്‍ക്കും റോബോട്ടുകള്‍ക്കും നികുതി ഏര്‍പ്പെടുത്തണമെന്ന് ഓപണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍. ഭാവിയില്‍ എഐ മനുഷ്യനേക്കാള്‍ ബുദ്ധിശക്തി കൈവരിക്കുകയും ഭൂരിഭാഗം ജോലികളും ഏറ്റെടുക്കുകയും ചെയ്യുമെന്ന് സാം ആള്‍ട്ട്മാന്‍ കരുതുന്നു.

നിലവില്‍ ഗവണ്‍മെന്റുകള്‍ പ്രധാനമായും വരുമാനം കണ്ടെത്തുന്നത് വ്യക്തികളുടെ ആദായ നികുതിയിലൂടെയും തൊഴില്‍ നികുതിയിലൂടെയുമാണ്. എന്നാല്‍ റോബോട്ടുകള്‍ വ്യാപകമായി ജോലി ചെയ്യാന്‍ തുടങ്ങിയാല്‍ മനുഷ്യര്‍ക്ക് തൊഴില്‍ നഷ്‌ടപ്പെടുകയും തല്‍ഫലമായി സര്‍ക്കാരിന് ലഭിക്കുന്ന നികുതി വരുമാനം ഗണ്യമായി കുറയുകയും ചെയ്യും.

ഈ സാഹചര്യത്തില്‍, വലിയ കമ്പനികള്‍ മാത്രം ലാഭം കൊയ്യുന്ന സ്ഥിതി ഒഴിവാക്കാനും സാമൂഹ്യനീതി ഉറപ്പാക്കാനും റോബോട്ടുകള്‍ ചെയ്യുന്ന ജോലികള്‍ക്കും നികുതി ഏര്‍പ്പെടുത്തണമെന്ന് ഓപണ്‍ എഐ പുറത്തിറക്കിയ ‘Industrial policy for the Intelligence Age’ എന്ന പ്രബന്ധത്തില്‍ പറയുന്നു. യന്ത്രങ്ങള്‍ നേരിട്ട് ഫോം പൂരിപ്പിച്ച് നികുതി അടക്കുക എന്നല്ല ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. മറിച്ച്, നിലവിലെ നികുതി സമ്പ്രദായത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്താനാണ് ആള്‍ട്ട്മാന്‍ നിര്‍ദേശിക്കുന്നത്.

കോര്‍പറേറ്റ് വരുമാനത്തിന്മേലും വലിയ കമ്പനികളുടെ ലാഭത്തിന്മേലും ഉയര്‍ന്ന നികുതി ചുമത്തുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് ആള്‍ട്ട്മാന്‍ പറയുന്നു. ഗവണ്‍മെന്റും എഐ കമ്പനികളും ചേര്‍ന്ന് ഒരു പബ്ലിക് വെല്‍ത്ത് ഫണ്ട് രൂപീകരിക്കുക. എഐ വഴി ലഭിക്കുന്ന ലാഭത്തിൻ്റെ ഒരു വിഹിതം ഈ ഫണ്ടിലേക്ക് മാറ്റുകയും അത് രാജ്യത്തെ ഓരോ പൗരനും തുല്യമായി വിതരണം ചെയ്യുകയും വേണം.

ഇതിലൂടെ എഐ രംഗത്തെ സാമ്പത്തിക വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്കും ലഭ്യമാകുമെന്ന് അദ്ദേഹം പറയുന്നു. എഐ വിപ്ലവം വലിയ സാമ്പത്തിക വളര്‍ച്ച കൊണ്ടുവരുമെങ്കിലും കൃത്യമായ നയരൂപീകരണം നടത്തിയില്ലെങ്കില്‍ സമ്പത്ത് ചുരുക്കം ചില കമ്പനികളില്‍ മാത്രം കേന്ദ്രീകരിക്കപ്പെടുമെന്ന് ആള്‍ട്ട്മാന്‍ മുന്നറിയിപ്പ് നല്‍കുന്നു.

സാം ആള്‍ട്ട്മാനെ കൂടാതെ ശതകോടീശ്വരന്മാരായ ഇലോണ്‍ മസ്‌ക്, ബില്‍ ഗേറ്റ്‌സ് എന്നിവരും സമാന അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. ഭാവിയില്‍ ജോലി ഓപ്ഷണലായ കാര്യമായി മാറുമെന്നും റോബോട്ടുകള്‍ എല്ലാം ചെയ്യുന്ന ഒരു കാലം (സമൃദ്ധിയുടെ കാലം) വരുമെന്നും മസ്‌ക് പ്രവചിക്കുന്നു. ഓട്ടോമേഷന്‍ വഴി സമൂഹത്തില്‍ വലിയ അസമത്വം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ റോബോട്ടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തി ആ പണം യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം പോലുള്ള പദ്ധതികള്‍ക്കായി ഉപയോഗിക്കണമെന്നും ബില്‍ ഗേറ്റ്‌സ് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു.

യന്ത്രങ്ങള്‍ ജോലികള്‍ ഏറ്റെടുക്കുമ്പോള്‍ മനുഷ്യര്‍ എന്ത് ചെയ്യും എന്ന ചോദ്യത്തിന്, മനുഷ്യര്‍ കൂടുതല്‍ മനുഷ്യ കേന്ദ്രീകൃതമായ മേഖലകളിലേക്ക് മാറുമെന്നാണ് ടെക് വിദഗ്‌ദരുടെ മറുപടി. ആരോഗ്യം, വിദ്യാഭ്യാസം, കമ്മ്യൂണിറ്റി സര്‍വീസുകള്‍ തുടങ്ങിയ മേഖലകളില്‍ മനുഷ്യരുടെ സഹാനുഭൂതിയും നേരിട്ടുള്ള ഇടപെടലും അത്യന്താപേക്ഷിതമായി തുടരും.

എഐ ഒരു അടിസ്ഥാന അവകാശമായി മാറുന്ന കാലത്ത്, വൈദ്യുതിയും ഇൻ്റെര്‍നെറ്റും പോലെ അത് എല്ലാവര്‍ക്കും ലഭ്യമാകണമെന്നും ടെക് വിദഗ്‌ദര്‍ അഭിപ്രായപ്പെടുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.