...
Home News International 2026ലെ ലോക പുസ്തക തലസ്ഥാനം; മൊറോക്കോയിലെ റബാത് തിരഞ്ഞെടുക്കപ്പെട്ടു

2026ലെ ലോക പുസ്തക തലസ്ഥാനം; മൊറോക്കോയിലെ റബാത് തിരഞ്ഞെടുക്കപ്പെട്ടു

വായനയെ പരിപോഷിപ്പിക്കുന്നതിനായി ദേശീയവും അന്തർദേശീയവുമായ നിരവധി പരിപാടികള്‍ സംഘടിപ്പിക്കുക എന്നതാണ് ഈ തെരഞ്ഞെടുപ്പിലൂടെ ലക്ഷ്യമാക്കുന്നത്.

378

യുനെസ്കോ 2026ലെ ലോക പുസ്തക തലസ്ഥാനമായി മൊറോക്കോയുടെ തലസ്ഥാന നഗരം റബാതിനെ പ്രഖ്യാപിച്ചു. വേൾഡ് ബുക്ക് ക്യാപിറ്റൽ അഡ്വൈസറി കമ്മിറ്റിയുടെ ശുപാർശയെ തുടര്‍ന്നാണ് യുനെസ്കോ ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസോലെ ഈ പ്രഖ്യാപനം നടത്തിയത്. 54 പബ്ലിഷിം​ഗ് സ്ഥാപനങ്ങളുള്ള റബാത്, ആഫ്രിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയ്ക്ക് വേദിയാവുന്ന നഗരം കൂടിയാണ്.

റബാതിലെ പുസ്തകവിപണി വളരുന്നതിനൊപ്പം, ലോക പുസ്തക തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടതോടെ പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്കും പഠന-വിദ്യാഭ്യാസ മേഖലയ്ക്കും ഗുണകരമാകും എന്നാണ് കണക്കാക്കപ്പെടുന്നത്. വായനയുടെ പ്രാധാന്യം ഉയർത്തിപ്പിടിക്കാനും, രാജ്യാന്തര തലത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കാനും ഈ സ്ഥാനമാനത്തിന് വലിയ പ്രാധാന്യമുണ്ട്.

2025-ല്‍ റിയോ ഡി ജനീറോയാണ് ലോക പുസ്തക തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. 2024-ലെ പുസ്തക തലസ്ഥാനമായത് ഫ്രാന്‍സിലെ സ്ട്രാസ്ബർ​ഗ് ആണ്. വായനയെ പരിപോഷിപ്പിക്കുന്നതിനായി ദേശീയവും അന്തർദേശീയവുമായ നിരവധി പരിപാടികള്‍ സംഘടിപ്പിക്കുക എന്നതാണ് ഈ തെരഞ്ഞെടുപ്പിലൂടെ ലക്ഷ്യമാക്കുന്നത്.

2001-ലാണ് യുനെസ്കോ ലോക പുസ്തക തലസ്ഥാന പദ്ധതിക്ക് തുടക്കം കുറിച്ചത്. 26-ാമത് ലോക പുസ്തക തലസ്ഥാനമാണ് റബാത്. വായനയുടെ പ്രചാരണം, സ്ത്രീകളുടെയും യുവാക്കളുടെയും ശാക്തീകരണം, നിരക്ഷരതയുടെ ഉന്മൂലനം എന്നിവയിലൂടെ റബാത് സംഭാവന ചെയ്തിട്ടുള്ള സംഭാവനകളെ യുനെസ്കോയും വേൾഡ് ബുക്ക് ക്യാപിറ്റൽ അഡ്വൈസറി കമ്മിറ്റിയും പ്രശംസിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.