...
Home News ലോകകപ്പ് ‘വിജയങ്ങളുടെ ഇതിഹാസം’ പടിയിറങ്ങുന്നു; ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു

ലോകകപ്പ് ‘വിജയങ്ങളുടെ ഇതിഹാസം’ പടിയിറങ്ങുന്നു; ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു

ഒരിക്കൽ ഞങ്ങൾ സ്വപ്നം കണ്ടിരുന്ന നിമിഷങ്ങൾ നിങ്ങൾക്ക് നൽകാൻ കഴിഞ്ഞതിന്റെ മനസ്സമാധാനവും അഭിമാനത്തോടെയുമാണ് ഞാൻ പോകുന്നത്," മെസ്സി

3

ആറു ലോകകപ്പുകളുടെ ഇതിഹാസയാത്രയ്ക്ക് വിരാമമിട്ട് ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പടിയിറങ്ങി. രാജ്യത്തിനായി ഇനി ബൂട്ടണിയുന്നില്ലെന്ന് തിങ്കളാഴ്ചയാണ് താരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

രാജ്യന്തര ഫുട്ബോളിൽ 207 മത്സരങ്ങളിൽ നിന്ന് 125 ഗോളുകൾ അടിച്ചുകൂട്ടിയ എട്ടുതവണ ബാലൺ ഡി ഓർ ജേതാവ്, അർജന്റീനൻ കുപ്പായത്തോടുള്ള തന്റെ വികാരാധീനമായ യാത്രാമൊഴി സമൂഹമാധ്യമങ്ങളിലൂടെയാണ് ലോകത്തെ അറിയിച്ചത്. ദേശീയ ടീമിനൊപ്പമുള്ള തന്റെ നീണ്ട നാളത്തെ കരിയർ വേദനകളും കണ്ണീരും ഒടുവിൽ കിരീടനേട്ടങ്ങളുടെ മധുരത്തിലേക്ക് വഴിമാറിയതിന്റെ കഥ കൂടിയാണ്.

“ആ തീരുമാനമായിരുന്നു വേദനിപ്പിച്ചത് – ഇപ്പോഴും ഉള്ളിൽ വേദനിപ്പിക്കുന്നു – പക്ഷേ സമയം വന്നിരിക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നമ്മൾ എല്ലാം നേടിയപ്പോൾ മാത്രമല്ല, അതിനു മുമ്പും ഞാൻ എന്റെ എല്ലാം നൽകിയിട്ടുണ്ടെന്ന് നിങ്ങളോട് സത്യം ചെയ്യുന്നു; ഈ ജേഴ്‌സിക്കായി ഞാൻ എപ്പോഴും പോരാടുകയും എല്ലാം കളത്തിൽ ഉപേക്ഷിക്കുകയും ചെയ്തു, നിങ്ങൾക്ക് സന്തോഷം നൽകാനും ഫുട്‌ബോളിലൂടെ അർജന്റീനിയൻ ആയിരിക്കുന്നതിൽ നിങ്ങൾക്ക് അഭിമാനം തോന്നിപ്പിക്കാനും വേണ്ടി,” ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ 39 കാരനായ മെസ്സി വ്യക്തമാക്കി.

“സമയം കുറഞ്ഞുവരികയാണ്, അധ്യായങ്ങൾ അവസാനിക്കുന്നു, ഇത് എന്നെ ആഴത്തിൽ വേദനിപ്പിക്കുന്ന ഒന്നാണ്. ഞാൻ സ്നേഹിക്കുന്നു, സ്നേഹിച്ചിട്ടുണ്ട്, ദേശീയ ടീമിന്റെ ഭാഗമാകാൻ എപ്പോഴും ഇഷ്ടപ്പെടും. എനിക്കുള്ളതെല്ലാം ഞാൻ നൽകിയിട്ടുണ്ട്; നൽകാൻ എനിക്ക് ഒന്നും ബാക്കിയില്ല, കൂടാതെ, ഇവിടെയിരിക്കാൻ അർഹതയുള്ള ചില മികച്ച യുവതാരങ്ങൾ ഉയർന്നുവരുന്നു.”

നീണ്ട കാത്തിരിപ്പിനൊടുവിൽ കിരീടനേട്ടങ്ങളിലെത്തിയ പ്രതിരോധത്തിന്റെ പൈതൃകമാണ് മെസ്സിയുടേത്. 2014 ലെ ലോകകപ്പ് ഫൈനൽ തോൽവിയും തുടർച്ചയായ കോപ്പ അമേരിക്ക നിരാശകളും സമ്മാനിച്ച സമ്മർദ്ദങ്ങളെ അതിജീവിച്ചാണ് മെസ്സി അർജന്റീനയെ വിജയകിരീടം ചൂടിച്ചത്. 2021-ലെ കോപ്പ അമേരിക്കയിലൂടെ ആദ്യ പ്രധാന അന്താരാഷ്ട്ര കിരീടം സ്വന്തമാക്കിയ താരം, 2022 ഖത്തർ ലോകകപ്പിൽ അർജന്റീനയെ സ്വപ്നതുല്യമായ വിജയത്തിലേക്ക് നയിച്ചു. തുടർന്ന് 2024-ൽ മറ്റൊരു കോപ്പ അമേരിക്ക കിരീടവും അദ്ദേഹം സ്വന്തം പേരിലാക്കി.

ഈ വർഷത്തെ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് അധികസമയത്ത് 1-0 ന് പരാജയപ്പെട്ടത് ആഗ്രഹിച്ച വിടവാങ്ങൽ നിഷേധിച്ചെങ്കിലും, ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമെന്ന പദവി മെസ്സി ഇതിനകം ഉറപ്പിച്ചു കഴിഞ്ഞു. ഡീഗോ മറഡോണയുടെ നിഴലിൽ നിന്ന് സ്വന്തം പ്രതിഭയുടെ തിളക്കത്തിലേക്ക് രാജ്യത്തെ നയിച്ച മെസ്സി, 2005-ൽ തുടങ്ങിയ അർജന്റീനയുടെ ജേഴ്സിയിലെ തന്റെ സുവർണ്ണ അധ്യായത്തിനാണ് ഔദ്യോഗികമായി തിരശീലയിട്ടിരിക്കുന്നത്.

“എന്റെ സഹതാരങ്ങൾക്കൊപ്പം, ഒരിക്കൽ ഞങ്ങൾ സ്വപ്നം കണ്ടിരുന്ന നിമിഷങ്ങൾ നിങ്ങൾക്ക് നൽകാൻ കഴിഞ്ഞതിന്റെ മനസ്സമാധാനവും അഭിമാനത്തോടെയുമാണ് ഞാൻ പോകുന്നത്,” മെസ്സി കൂട്ടിച്ചേർത്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.