ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് 48 മണിക്കൂറിൽ താഴെ മാത്രം ശേഷിക്കെ, സസ്പെൻസിന് വിരാമമിട്ട് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിലെത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഔദ്യോഗികമായി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് നേരത്തെ ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നതെങ്കിലും, പിന്നീട് പുറത്തിറക്കിയ പ്രസ്താവനയിലൂടെ പ്രസിഡന്റിന്റെ സന്ദർശനം സ്ഥിരീകരിക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയിലാണ് ഷി ജിൻപിങ് പങ്കെടുക്കുന്നത്. ഏഴ് വർഷത്തിനിടയിലെ അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. സന്ദർശനത്തിൽ സസ്പെൻസ് തുടർന്നിരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ വൃത്തങ്ങൾ കൂടുതൽ വിവരങ്ങൾ കൈമാറിയിരുന്നില്ലെങ്കിലും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷി ജിൻപിങ് കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾക്കപ്പുറം വലിയ ആഗോള പ്രാധാന്യമുള്ളതാണ് ഈ ഉച്ചകോടി.
2020-ലെ ഗാൽവാൻ സംഘർഷത്തോടെയാണ് ഇന്ത്യ-ചൈന ബന്ധം വഷളായത്. ഇതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ നയതന്ത്ര നീക്കങ്ങൾ നടന്നു വരികയായിരുന്നു. ഇതിന്റെ തുടർച്ചയായി കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിക്കുകയും ചെയ്തിരുന്നു.
അതേസമയം, ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഈ ഉച്ചകോടിയിൽ പങ്കെടുത്തേക്കില്ലെന്നാണ് വിവരം. പുറത്താക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലിരുന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു എന്ന് ആരോപിച്ചാണ് താരിഖ് റഹ്മാൻ പിന്മാറ്റത്തിനൊരുങ്ങുന്നത്.


