ന്യൂഡൽഹി: ഉത്തർപ്രദേശിൽ 1.27 കോടി ഹിന്ദുക്കളെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയിൽ വിശദീകരണം തേടി വിരമിച്ച ജഡ്ജിമാരുടെ സ്വതന്ത്ര സമിതി. പ്രസ്താവനയെ പിന്തുണയ്ക്കുന്ന തെളിവുകളോ കണക്കുകളോ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി, ഹൈക്കോടതി മുൻ ജഡ്ജിമാർ ഉൾപ്പെട്ട പാനൽ ശനിയാഴ്ച യോഗിക്ക് കത്തയച്ചു.
വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണമായ (SIR) നടപടിക്കിടെ അർഹരായ വോട്ടർമാരെ അന്യായമായി പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദൻ ബി ലോകുർ അധ്യക്ഷനായ സ്വതന്ത്ര കമ്മീഷനാണ് യോഗിയോട് വിശദീകരണം തേടിയത്.
1.27 കോടിയുടെ കണക്കിന് തെളിവ് എവിടെ?
ഉത്തർപ്രദേശിലെ ഏകദേശം 1.27 കോടി ഹിന്ദുക്കൾ വോട്ടർ പട്ടികയിൽനിന്ന് പുറത്തായെന്ന മുഖ്യമന്ത്രിയുടെ പരസ്യപ്രസ്താവനയുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും ലഭ്യമാക്കണമെന്നാണ് കമ്മീഷന്റെ ആവശ്യം.
ലോയേഴ്സ് അസോസിയേഷൻ ഫോർ കോൺസ്റ്റിറ്റ്യൂഷൻ (LAFC) രൂപീകരിച്ച സ്വതന്ത്ര കമ്മീഷനാണ് കത്തയച്ചത്. വോട്ടർ പട്ടിക പരിഷ്കരണത്തിലെ നടപടിക്രമങ്ങളിൽ വീഴ്ചകളോ ക്രമക്കേടുകളോ ഉണ്ടായിട്ടുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ ലഭിച്ചാൽ അവ വിശദമായി പരിശോധിക്കുമെന്നും സമിതി വ്യക്തമാക്കി.
വോട്ടർമാരെ ഒഴിവാക്കിയതിന്റെ കണക്കുകൾ, അതിന് പിന്നിലെ കാരണങ്ങൾ, നടപടിക്രമങ്ങളിലെ പിഴവുകൾ എന്നിവ സംബന്ധിച്ച തെളിവുകളാണ് പ്രധാനമായും തേടിയിരിക്കുന്നത്. ലഭിക്കുന്ന വിവരങ്ങൾ പൂർണമായും സ്വതന്ത്രമായും നിഷ്പക്ഷമായും പരിശോധിക്കുമെന്നും കമ്മീഷൻ അറിയിച്ചു.
വോട്ടവകാശം നിഷേധിക്കപ്പെടുമെന്ന ആശങ്ക
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ കണക്കിലെടുത്ത് വിഷയം അടിയന്തരമായി പരിശോധിക്കേണ്ടതുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. അർഹരായ ലക്ഷക്കണക്കിന് വോട്ടർമാർക്ക് വോട്ടവകാശം നഷ്ടപ്പെടാനുള്ള സാഹചര്യം ഒഴിവാക്കാൻ ആവശ്യമായ വിവരങ്ങൾ എത്രയും വേഗം കൈമാറണമെന്നും യോഗിയോട് അഭ്യർഥിച്ചിട്ടുണ്ട്.
വോട്ടർ പട്ടികയിൽനിന്നുള്ള ഒഴിവാക്കലുകൾ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണോ നടന്നതെന്നും അർഹരായ പൗരന്മാരെ പട്ടികയിൽനിന്ന് അന്യായമായി നീക്കിയിട്ടുണ്ടോ എന്നതുമാണ് കമ്മീഷന്റെ പരിശോധനയിലെ പ്രധാന വിഷയങ്ങൾ.
ജസ്റ്റിസ് മദൻ ബി ലോകുർ അധ്യക്ഷൻ
ജസ്റ്റിസ് മദൻ ബി ലോകുർ അധ്യക്ഷനായ സമിതിയിൽ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ.കെ. പട്നായിക്, മുൻ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ബദർ ദുരെസ് അഹമ്മദ്, ജസ്റ്റിസ് രേഖ ശർമ്മ, ജസ്റ്റിസ് അഞ്ജന പ്രകാശ് എന്നിവരും അംഗങ്ങളാണ്.
തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (SIR) ഭരണഘടനാപരവും നിയമപരവുമായ സാധുത, നടപടിക്രമങ്ങൾ, പൊതുജനങ്ങളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്നിവ വിലയിരുത്തുന്നതിനായാണ് LAFC സ്വതന്ത്ര കമ്മീഷൻ രൂപീകരിച്ചത്.
യോഗിയുടെ പ്രസ്താവനയിലെ കണക്കുകൾ പരിശോധിക്കുന്നതിലൂടെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ വ്യക്തത വരുത്താനാകുമെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ. മുഖ്യമന്ത്രിയിൽ നിന്ന് ലഭിക്കുന്ന രേഖകളും വിവരങ്ങളും അടിസ്ഥാനമാക്കി തുടർനടപടികൾ സ്വീകരിക്കാനാണ് സമിതിയുടെ നീക്കം.


