...
Home News Kerala ചത്ത് ജീവിക്കണോ അതോ മരിക്കണോ? സ്വയം തീരുമാനിക്കാം; ‘ലിവിങ് വിൽ’ എഴുതാൻ അവസരം

ചത്ത് ജീവിക്കണോ അതോ മരിക്കണോ? സ്വയം തീരുമാനിക്കാം; ‘ലിവിങ് വിൽ’ എഴുതാൻ അവസരം

ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള സാധ്യതയില്ലാത്ത ഗുരുതര രോഗാവസ്ഥയിൽ ചികിത്സാ സംവിധാനങ്ങളുടെ സഹായത്തോടെ മരണം നീട്ടിവെയ്ക്കേണ്ടതില്ലെന്നു മുൻകൂട്ടി തീരുമാനിക്കാനാണ് ഈ സൗകര്യം.

267

മരണം എങ്ങനെ നേരിടണമെന്ന് മുൻകൂട്ടി തീരുമാനിക്കാനാകുന്ന ‘ലിവിങ് വിൽ’ ഒരുക്കാൻ സാധിക്കുന്ന കൗണ്ടർ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ചു. നവംബർ 1നാണ് കൗണ്ടർ പ്രവർത്തനമാരംഭിച്ചത്. ഇതിനകം 87 പേരാണ് തങ്ങളുടെ മരണ താത്പര്യപത്രം ഇവിടെ തയ്യാറാക്കിയിരിക്കുന്നത്.

ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള സാധ്യതയില്ലാത്ത ഗുരുതര രോഗാവസ്ഥയിൽ ചികിത്സാ സംവിധാനങ്ങളുടെ സഹായത്തോടെ മരണം നീട്ടിവെയ്ക്കേണ്ടതില്ലെന്നു മുൻകൂട്ടി തീരുമാനിക്കാനാണ് ഈ സൗകര്യം. അതേസമയം, താത്പര്യപത്രം ഒരുക്കുന്ന സമയത്ത് വ്യക്തിയുടെ ആരോഗ്യനില നല്ലതായിരിക്കണം.

‘ലിവിങ് വിൽ’ തയ്യാറാക്കാൻ 18 വയസ്സു പിന്നിട്ട ഏതൊരാൾക്കും അനുവാദമുണ്ട്. പ്രമാണം തയ്യാറാക്കാൻ കുടുംബാംഗത്തിന്റെ ഒപ്പും സാക്ഷിയുടെയും ഒപ്പും ആവശ്യമാണ്. കൂടാതെ, ഗസറ്റഡ് ഓഫീസറുടെയോ നോട്ടറിയുടെയോ സാക്ഷ്യപത്രവും വേണം. ഒരിക്കൽ താത്പര്യപത്രം തയ്യാറാക്കിയാലും പിന്നീട് മാറ്റങ്ങൾ വരുത്താനുള്ള സൗകര്യവും ഇതിലുണ്ട്.

സിപിഎം നേതാവ് എം.എം. ലോറൻസിന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് മെഡിക്കൽ കോളേജ് അധികൃതർ ഈ സേവനം ആരംഭിച്ചതെന്ന് അധികൃതർ അറിയിച്ചു. മരിക്കുന്നതിന് മുമ്പ് മരണമെന്ന സത്യത്തെ മുൻകൂട്ടി നേരിടാൻ തയ്യാറാവാൻ ‘ലിവിങ് വിൽ’ ആളുകൾക്ക് സഹായകരമാകുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.