...
Home News Kerala ഉമ്മൻചാണ്ടിയെ തൊട്ടാൽ പൊറുക്കില്ല; സതീശൻ അനുകൂല പ്രകടനത്തിൽ യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ്

ഉമ്മൻചാണ്ടിയെ തൊട്ടാൽ പൊറുക്കില്ല; സതീശൻ അനുകൂല പ്രകടനത്തിൽ യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ്

പ്രവർത്തകരെ നിയന്ത്രിക്കാൻ നേതാക്കൾ തയ്യാറാകണമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് ആവശ്യപ്പെട്ടു

159

വിഡി സതീശൻ അനുകൂല പ്രകടനത്തിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ്. പ്രകടനത്തിൽ ഉമ്മൻചാണ്ടിയുടെ ഫ്ലക്‌സ് കീറിയത്തിനെതിരെ പ്രതിഷേധം. ഫ്ലക്‌സ് കീറിയവർ കോൺഗ്രസുകാരല്ലെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ വ്യക്തമാക്കി. ഉമ്മൻചാണ്ടിയെ തൊട്ടാൽ പൊറുക്കില്ലെന്ന് മുന്നറിയിപ്പ് നൽകി. ഇതിനെ എങ്ങനെ നേരിടണമെന്ന് അറിയാമെന്നും നേമം ഷജീർ ഫേസ്ബുക്കിൽ കുറിച്ചു.

കേരള സംസ്ഥാനത്ത് ഉടനീളം വിഡി സതീശന് വേണ്ടി കോൺഗ്രസ് പ്രവർത്തകർ പ്രകടനവുമായി തെരുവിലിറങ്ങിയതിന് എതിരെ പരോക്ഷ വിമർശനവുമായി കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറും രംഗത്തെത്തി. പ്രവർത്തകരെ നിയന്ത്രിക്കാൻ നേതാക്കൾ തയ്യാറാകണമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് ആവശ്യപ്പെട്ടു.

നേതാക്കന്മാരെ പരസ്യ വിചാരണക്ക് ഇട്ടുകൊടുത്താൽ ഉന്നത നേതാക്കളെ പേരെടുത്തു വിമർശിക്കേണ്ടി വരുമെന്നും അലോഷ്യസ് സേവ്യർ മുന്നറിയിപ്പ് നൽകി. വിഡി സതീശന് അനുകൂലമായ പ്രകടനങ്ങളെ പരോക്ഷമായി വിമർശിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്.

നേമം ഷജീർ ഫേസ്ബുക്കിൽ കുറിച്ചത്:

ഉമ്മൻചാണ്ടിയുടെ ഫ്ലക്‌സ് കീറുന്നവർ കോൺഗ്രസുകാർ എന്ന് കരുതാൻ കഴിയില്ല. അത് തീ കളിയാ. മുഖ്യമന്ത്രിയെ ആരായാലും പാർട്ടി തീരുമാനിക്കട്ടെ. അതിൻ്റെ പേരിൽ ഉമ്മൻ ചാണ്ടിയെ തൊട്ടാൽ പൊറുക്കില്ലാ. അതിനെ എങ്ങനെ നേരിടണമെന്ന് ഞങ്ങൾക്ക് അറിയാം.

ഹൈക്കമാൻഡ് കടുത്ത നടപടിയിലേക്ക്

മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ തീരുമാനം ഹൈക്കമാൻഡിന്‍റെ പരിഗണനയിലിരിക്കെ നേതാക്കൾക്ക് വേണ്ടിയുള്ള പ്രകടനങ്ങളിൽ കടുത്ത അതൃപ്‌തി രേഖപ്പെടുത്തി കോൺഗ്രസ്‌ ഹൈക്കമാൻഡ്. കെപിസിസി വിലക്ക് മറികടന്നും നേതാക്കൾ ശക്തി പ്രകടനങ്ങളിൽ പങ്കെടുക്കുന്നു. നടപടിയെടുക്കാൻ കെപിസിസി നേതൃത്വത്തോട് നിർദ്ദേശിച്ച് ഹൈകമാൻഡ്.

ദീപ ദാസ് മുൻഷി കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കാര്യങ്ങൾ ധരിപ്പിച്ചു. ശക്തി പ്രകടനങ്ങളിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ കെപിസിസി നടപടിക്ക് സാധ്യത. എഐസിസി ഉടൻ നിർദ്ദേശം നൽകിയെക്കും. തെരുവിൽ പ്രകടനം നടത്തുന്നവർക്ക് എതിരെ അച്ചടക്ക നടപടി വേണമെന്ന് ആവശ്യം ഉയർന്നു.

ആർക്കെങ്കിലും വേണ്ടി പ്രകടനങ്ങൾ നടത്തുന്നതും പരസ്യപ്രസ്‌താവനകൾ നടത്തുന്നതും തെറ്റാണെന്നും വിലക്ക് ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും കെപിസിസി പ്രസിഡന്‍റ് അറിയിച്ചു. വിഡി സതീശന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് സംസ്ഥാനത്ത് ഉടനീളം പ്രവർത്തകർ പ്രകടനം നടത്തുന്നതിന് ഇടയിലാണ് കെപിസിസിയുടെ മുന്നറിയിപ്പ് ഉണ്ടായത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.