...
Home Business വേഗത്തില്‍ ലാഭം ഉണ്ടാക്കാനുള്ള പ്രതീക്ഷയും കടുത്ത സാമ്പത്തിക പ്രതിസന്ധിയും; യുവാക്കള്‍ ഓഹരി വിപണിയിലേക്ക്

വേഗത്തില്‍ ലാഭം ഉണ്ടാക്കാനുള്ള പ്രതീക്ഷയും കടുത്ത സാമ്പത്തിക പ്രതിസന്ധിയും; യുവാക്കള്‍ ഓഹരി വിപണിയിലേക്ക്

ഫ്യൂചർ, ഓപ്ഷന്‍ ട്രേഡിങ്ങിലും 93% പേര്‍ക്ക് നഷ്ടമുണ്ടായിട്ടുണ്ടെന്നും, ഈ മേഖലയില്‍ പ്രതീക്ഷിച്ച ലാഭം നേടാന്‍ കഴിയാതെ വളരെയധികം യുവാക്കള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളപ്പെടുന്നുവെന്നതും കണക്കുകള്‍ വ്യക്തമാക്കുന്നു.

215

രാജ്യത്തെ യുവാക്കള്‍ കുറച്ചുസമയംകൊണ്ട് പരമാവധി ലാഭം ഉണ്ടാക്കാനുള്ള പ്രതീക്ഷയോടെ ഓഹരി വിപണിയിലേക്ക് പ്രവേശിക്കുകയാണ്. സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI) നടത്തിയ പഠനപ്രകാരം, മുപ്പതുവയസിൽ താഴെയുള്ള യുവാക്കള്‍ ഓഹരി വിപണിയില്‍ ഏറ്റവും സജീവമാണ്. യുവാക്കൾ കൂടുതലും പഠനമോ മുന്നൊരുക്കമോ കൂടാതെ ഓഹരി വിപണിയിലേക്ക് ചാടുന്നതാണ് കാണപ്പെടുന്നത്. ഇത് പലരെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും മാനസിക സമ്മര്‍ദത്തിലേക്കുമാണ് നയിക്കുന്നത്. മുപ്പതുവയസ്സില്‍ താഴെയുള്ളവര്‍ വിപണിയിലേയ്ക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഓഹരി വിപണിയിലെ ഏറ്റവും വേഗത്തിലുള്ള വ്യാപാരരീതിയായ ഇന്‍ട്രാഡേ വ്യാപാരത്തിലാണ് യുവാക്കളുടെ താത്പര്യം കൂടുതലായി കാണപ്പെടുന്നത്. 2019-ല്‍ 15 ലക്ഷത്തോളം ആളുകള്‍ ഇന്‍ട്രാഡേ വ്യാപാരത്തിലേര്‍പ്പെട്ടിരുന്നതില്‍ 2023-ല്‍ അത് 69 ലക്ഷമായി ഉയര്‍ന്നു. ഇവരില്‍ മുപ്പതുവയസ്സിൽ താഴെയുള്ളവരുടെ ശതമാനം 48% ആയി ഉയര്‍ന്നിരിക്കുന്നു.

2019-ല്‍ ഇത് വെറും 18% മാത്രമായിരുന്നു. എങ്കിലും ഇന്‍ട്രാഡേ ട്രേഡിങ്ങില്‍ ഭൂരിഭാഗം ആളുകള്‍ക്കും നഷ്ടം നേരിടുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. 2023 സാമ്പത്തികവര്‍ഷത്തില്‍ 71% പേരും ഇന്‍ട്രാഡേ വ്യാപാരത്തില്‍ നഷ്ടം അനുഭവിച്ചപ്പോള്‍, 2022-ല്‍ ഇത് 69% ആയിരുന്നു.

ഫ്യൂചർ, ഓപ്ഷന്‍ ട്രേഡിങ്ങിലും 93% പേര്‍ക്ക് നഷ്ടമുണ്ടായിട്ടുണ്ടെന്നും, ഈ മേഖലയില്‍ പ്രതീക്ഷിച്ച ലാഭം നേടാന്‍ കഴിയാതെ വളരെയധികം യുവാക്കള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളപ്പെടുന്നുവെന്നതും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ശരാശരി കണക്കുകള്‍ പ്രകാരം ഫ്യൂചര്‍/ഓപ്ഷന്‍ ട്രേഡിങ്ങില്‍ നിന്ന് ഒരു വ്യക്തിക്ക് 2 ലക്ഷം രൂപ വരെ നഷ്ടമായിട്ടുണ്ടെന്ന് പഠനം പറയുന്നു.

ട്രേഡിങ് ആപ്പുകളുടെ വിപുലമായ മാര്‍ക്കറ്റിങ് തന്ത്രങ്ങളാണ് ട്രേഡിങ്ങിലേയ്ക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചെറിയ നഷ്ടങ്ങള്‍ നികത്താനായി കൂടുതല്‍ പണം മുടക്കുന്നത്, അധികസമയം വ്യാപാരത്തിലായി ചെലവഴിക്കുന്നത്, സാമ്പത്തിക പ്രശ്നങ്ങളിലേക്ക് ആളുകളെ വലിച്ചിഴക്കുന്നതാണ് വ്യാപകമായി കണ്ടുവരുന്നത്.

ഇതിനുശേഷം, പലരും കടം വാങ്ങി നിക്ഷേപം നടത്താന്‍ തുടങ്ങുകയും വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ വീഴുകയും ചെയ്യുന്നതായും, ഇത് കുടുംബ ബന്ധങ്ങളിലും സാമൂഹിക ഇടപാടുകളിലും ദോഷകരമായ ബാധ്യതകള്‍ ഉണ്ടാക്കുന്നുവെന്നതും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.