7 September 2026
Home News Kerala ദൂരം തോറ്റു, നിശ്ചയദാര്‍ഢ്യം ജയിച്ചു; വീട്ടിലിരുന്ന് സിയ സ്‌കൂള്‍ കലോത്സവത്തിൽ ചാലിച്ചത് അതിജീവനത്തിന്റെ നിറക്കൂട്ടുകള്‍

ദൂരം തോറ്റു, നിശ്ചയദാര്‍ഢ്യം ജയിച്ചു; വീട്ടിലിരുന്ന് സിയ സ്‌കൂള്‍ കലോത്സവത്തിൽ ചാലിച്ചത് അതിജീവനത്തിന്റെ നിറക്കൂട്ടുകള്‍

സിയയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രത്യേക ഇടപെടലിലൂടെയാണ് ഓണ്‍ലൈനിലൂടെയാണ് മത്സരത്തില്‍ പങ്കെടുക്കല്‍ സിയയ്ക്ക് സാധ്യമായത്.

246

രോഗാവസ്ഥയ്ക്ക് മുന്നില്‍ കലോത്സവമോഹങ്ങള്‍ തകരാനുവദിക്കാതെ തന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ചിരിക്കുകയാണ് കാസര്‍കോട് ജില്ലയിലെ കൊച്ചുമിടുക്കി സിയ ഫാത്തിമ. ‘വാസ്‌കുലൈറ്റിസ്’ എന്ന ഗുരുതരമായ രോഗാവസ്ഥയോട് പോരാടുന്ന സിയ തന്റെ വീട്ടിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മത്സരത്തില്‍ പങ്കെടുത്ത് നേടിയ എ ഗ്രേഡിന് അതിജീവനത്തിന്റെ തിളക്കം കൂടിയുണ്ട്.

കാസര്‍കോട് പടന്ന വി.കെ.പി.കെ.എച്ച്.എം.എം.ആര്‍.വി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സിയ ഫാത്തിമ. രോഗാവസ്ഥ കാരണം തൃശൂര്‍ വരെ യാത്ര ചെയ്യുന്നത് ജീവന് തന്നെ ഭീഷണിയായേക്കാം എന്ന ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദ്ദേശം സിയയുടെ കലോത്സവ സ്വപ്നങ്ങള്‍ക്ക് മേല്‍ നിഴല്‍ വീഴ്ത്തി. എന്നാല്‍, തളരാന്‍ മനസ്സില്ലാത്ത സിയയുടെ സന്ദേശം വിദ്യാഭ്യാസ മന്ത്രിയുടെയും അധികൃതരുടെയും ശ്രദ്ധയില്‍പ്പെട്ടതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.

സിയയുടെ ആരോഗ്യസ്ഥിതി പരിഗണിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രത്യേക ഇടപെടലിലൂടെയാണ് ഓണ്‍ലൈനിലൂടെയാണ് മത്സരത്തില്‍ പങ്കെടുക്കല്‍ സിയയ്ക്ക് സാധ്യമായത്. വിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് തൃശ്ശൂര്‍ സി.എം.എസ്.എച്ച്.എസ്.എസിലെ വേദി പതിനേഴില്‍ നടന്ന അറബിക് പോസ്റ്റര്‍ ഡിസൈനിംഗ് മത്സരത്തില്‍ സിയയ്ക്ക് ഓണ്‍ലൈനായി പങ്കെടുക്കാന്‍ അവസരമൊരുങ്ങി. തൃശ്ശൂരിലെ മത്സര വേദി 17 ല്‍ മത്സരം തുടങ്ങിയപ്പോള്‍ കിലോമീറ്ററുകള്‍ക്കിപ്പുറം കാസര്‍കോട് പടന്നയിലെ തന്റെ വീട്ടിലിരുന്ന് സിയ നിറക്കൂട്ടുകളാല്‍ വിസ്മയം തീര്‍ത്തു.

കൈറ്റിൻ്റെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടന്ന മത്സരത്തില്‍, തൃശ്ശൂരിലെ വേദിയിലിരുന്ന വിധികര്‍ത്താക്കൾ തത്സമയം സിയയുടെ പ്രകടനം നിരീക്ഷിക്കുകയും മൂല്യനിര്‍ണ്ണയം നടത്തുകയും ചെയ്തു. പ്രതിസന്ധികള്‍ക്ക് മുന്നില്‍ പതറാതെയുള്ള ഈ പത്താം ക്ലാസ്സുകാരിയുടെ പോരാട്ടം കലോത്സവ വേദിയിലെത്തിയ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമായി. മത്സരത്തില്‍ പങ്കെടുക്കാന്‍ പറ്റിയതില്‍ വളരെ സന്തോഷമുണ്ടെന്ന് സിയ പറഞ്ഞു. അതിന് പ്രത്യേകം ഉത്തരവ് നൽകിയ വിദ്യാഭ്യാസ മന്ത്രിയോട് സിയ നന്ദി അറിയിച്ചു.