ന്യൂഡൽഹി: കാൻസർ വിരുദ്ധ മരുന്നുകളുടെ വ്യാപാര ലാഭം പരമാവധി ചില്ലറ വിൽപ്പന വിലയുടെ (എംആർപി) 30 ശതമാനമായി പരിമിതപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. കാൻസർ മരുന്നുകളുടെ വില നിയന്ത്രിക്കാൻ കഴിയുമെങ്കിൽ മറ്റ് മരുന്നുകളുടെ വ്യാപാര ലാഭത്തിനും പരിധി നിശ്ചയിച്ചുകൂടേയെന്ന് കോടതി ചോദിച്ചു. മരുന്നുകളുടെ വിലനിർണയത്തിൽ നിലവിലുള്ള നിയന്ത്രണ സംവിധാനത്തെക്കുറിച്ച് വിശദീകരണം തേടിയ കോടതി, വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ കൂടുതൽ നടപടികൾ ആവശ്യപ്പെടുകയും ചെയ്തു.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് തിങ്കളാഴ്ച വിഷയത്തിൽ വാദം കേട്ടത്.
കേന്ദ്ര വിശദീകരണത്തിൽ അതൃപ്തി
കാൻസർ വിരുദ്ധ മരുന്നുകളുടെ വ്യാപാര ലാഭം എംആർപിയുടെ 30 ശതമാനമായി പരിമിതപ്പെടുത്താൻ സർക്കാർ സുപ്രധാന തീരുമാനമെടുത്തിട്ടുണ്ടെന്നും ഇതിലൂടെ രോഗികൾക്ക് പ്രതിവർഷം ഏകദേശം 2,500 കോടി രൂപയുടെ ലാഭമുണ്ടാകുമെന്നുമാണ് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചത്.
എന്നാൽ, കേന്ദ്രത്തിന്റെ വിശദീകരണം രോഗികൾക്ക് നേരിട്ട് പ്രയോജനപ്പെടുന്ന നടപടികൾ വ്യക്തമാക്കുന്നില്ലെന്ന നിരീക്ഷണമാണ് ബെഞ്ച് നടത്തിയത്.
“സന്തോഷിക്കാൻ കഴിയുന്ന ഒന്നല്ല ഇത്. രോഗികൾക്ക് പ്രയോജനപ്പെടുന്നതായി ഒന്നും കാണുന്നില്ല,” എന്നായിരുന്നു കോടതിയുടെ പരാമർശം.
കാൻസർ മരുന്നുകൾക്ക് ലാഭപരിധി നിശ്ചയിക്കാൻ കഴിയുന്ന സാഹചര്യത്തിൽ മറ്റ് മരുന്നുകൾക്കും സമാനമായ നിയന്ത്രണം ഏർപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും ജസ്റ്റിസ് വിക്രം നാഥ് ചോദിച്ചു.
11 രൂപയുടെ സലൈൻ 270 രൂപയ്ക്ക് വിൽക്കുന്നതെങ്ങനെ?
മരുന്നുകളുടെ യഥാർഥ വിലയും വിപണിയിലെ വിൽപ്പന വിലയും തമ്മിലുള്ള വലിയ വ്യത്യാസമാണ് കോടതി പ്രധാനമായും ചൂണ്ടിക്കാട്ടിയത്.
യഥാർഥത്തിൽ 11 രൂപ വിലവരുന്ന സലൈൻ ഡ്രിപ്പ് വിപണിയിൽ 270 രൂപയ്ക്ക് വിൽക്കുന്നതെങ്ങനെയെന്ന് കോടതി ചോദിച്ചു. ഗതാഗതം, അസംസ്കൃത വസ്തുക്കൾ, ഗവേഷണം, വികസനം തുടങ്ങിയ ചെലവുകൾ ഉണ്ടെന്ന കാര്യം അംഗീകരിക്കാമെങ്കിലും അവയെല്ലാം എംആർപിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.
യഥാർഥ വിലയുടെ നൂറുകണക്കിന് മടങ്ങ് ഈടാക്കാൻ അനുവദിക്കുന്നതിന്റെ യുക്തി എന്താണെന്നും കോടതി ചോദിച്ചു.
സ്റ്റെന്റിന്റെയും ആന്റിബയോട്ടിക്കിന്റെയും വില
മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും വിലയിലെ വ്യത്യാസം ചൂണ്ടിക്കാട്ടി ജസ്റ്റിസ് സന്ദീപ് മേത്തയും വിമർശനം ഉന്നയിച്ചു.
ഇന്ത്യയിൽ നിർമിക്കുന്ന കാർഡിയാക് സ്റ്റെന്റിന് ഏകദേശം 5,000 രൂപ വിലയുണ്ടെങ്കിലും ആശുപത്രികളിൽ ഇത് 25,000 രൂപയിലധികം ഈടാക്കി വിൽക്കുന്ന സാഹചര്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതുപോലെ, സാധാരണ ആന്റിബയോട്ടിക്കായ അസിത്രോമൈസിന്റെ യഥാർഥ വില ഏകദേശം 28 രൂപയായിരിക്കെ വിപണിയിൽ 70 രൂപയിലധികം ഈടാക്കുന്നതും കോടതി പരാമർശിച്ചു.
ഇത്തരം വിലവ്യത്യാസങ്ങൾ നിയന്ത്രിക്കാൻ കൂടുതൽ ഫലപ്രദമായ നടപടികൾ ആവശ്യമാണെന്ന നിലപാടാണ് കോടതിയുടെ നിരീക്ഷണങ്ങളിൽ പ്രതിഫലിച്ചത്.
വിലനിയന്ത്രണത്തിന് പരിധി: കേന്ദ്രം
മരുന്നുകളുടെ വിലയ്ക്ക് കർശനമായ പരിധി നിശ്ചയിക്കുന്നതിൽ പ്രായോഗികമായ പരിമിതികളുണ്ടെന്ന് കേന്ദ്രസർക്കാർ കോടതിയിൽ വിശദീകരിച്ചു.
ഉയർന്ന വ്യാപാര ലാഭം ലഭിക്കുന്നതിലൂടെ മരുന്നുകൾ വിദൂര പ്രദേശങ്ങളിലെത്തിക്കാൻ വിതരണക്കാർക്ക് പ്രോത്സാഹനം ലഭിക്കുന്നുണ്ടെന്നും അതിനാൽ എല്ലാ മരുന്നുകൾക്കും ഒരേ തരത്തിലുള്ള ലാഭപരിധി ഏർപ്പെടുത്തുന്നത് വെല്ലുവിളിയാണെന്നും തുഷാർ മേത്ത വാദിച്ചു.
ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും ചികിത്സയ്ക്കായി വിദേശത്തുനിന്ന് നിരവധി പേർ രാജ്യത്തെത്തുന്നുണ്ടെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയും ചൂണ്ടിക്കാട്ടി.
എന്നാൽ, മരുന്നുകളുടെ വിതരണം തടസ്സപ്പെടുന്ന സാഹചര്യമുണ്ടെങ്കിൽ അത് പരിഹരിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് കോടതി വ്യക്തമാക്കി. മരുന്ന് വില നിയന്ത്രണ ഉത്തരവായ ഡിപിസിഒയുടെ പരിധിയിൽ ഏതൊക്കെ മരുന്നുകൾ ഉൾപ്പെടുത്തണം എന്നതാണ് പ്രധാനമായും പരിശോധിക്കേണ്ട വിഷയമെന്നും ബെഞ്ച് നിരീക്ഷിച്ചു.
935 മരുന്നുകളുടെ വില നിശ്ചയിച്ചതായി കേന്ദ്രം
മരുന്നുകളുടെ വിലനിയന്ത്രണവുമായി ബന്ധപ്പെട്ട് 551 പേജുള്ള വിശദമായ സത്യവാങ്മൂലമാണ് കേന്ദ്രസർക്കാർ സമർപ്പിച്ചത്.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ദേശീയ അവശ്യ മരുന്നുകളുടെ പട്ടിക (എൻഎൽഇഎം) തയ്യാറാക്കുന്നതെന്ന് കേന്ദ്രം അറിയിച്ചു. 2011, 2015 വർഷങ്ങൾക്കു പിന്നാലെ 2022ലാണ് പട്ടിക ഏറ്റവും ഒടുവിൽ പുതുക്കിയത്.
2022ലെ പട്ടികയിൽ 388 മരുന്നുകളും 900ലധികം ഫോർമുലേഷനുകളും ഉൾപ്പെടുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ പട്ടിക, ദേശീയ ആരോഗ്യ പരിപാടികൾ, ഇന്ത്യൻ ഫാർമക്കോപ്പിയ തുടങ്ങിയവ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കുന്നത്.
2013ലെ ഡ്രഗ്സ് പ്രൈസ് കൺട്രോൾ ഓർഡർ (ഡിപിസിഒ) പ്രകാരം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള മരുന്നുകളുടെ പരമാവധി വില നിശ്ചയിക്കുന്നത് വിപണിയിലെ വിലവിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. വിപണിയിൽ നിർണായകമായ വിഹിതമുള്ള ബ്രാൻഡുകളുടെയും ജനറിക് മരുന്നുകളുടെയും വിലയുടെ ശരാശരി കണക്കാക്കി നിശ്ചിത മാർജിൻ ചേർത്താണ് വില നിർണയിക്കുന്നതെന്നും കേന്ദ്രം വിശദീകരിച്ചു.
ഇത്തരത്തിൽ ഇതുവരെ 935 ഫോർമുലേഷനുകളുടെ പരമാവധി വില നിശ്ചയിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
പട്ടികയിൽ ഉൾപ്പെടാത്ത മരുന്നുകളുടെ പ്രാരംഭ വില നിശ്ചയിക്കാൻ നിർമാതാക്കൾക്ക് സ്വാതന്ത്ര്യമുണ്ടെങ്കിലും, അവയുടെ എംആർപി നിരീക്ഷിക്കുന്നുണ്ടെന്നും കഴിഞ്ഞ 12 മാസത്തെ വിലയിൽനിന്ന് 10 ശതമാനത്തിലധികം വർധന അനുവദിക്കാതിരിക്കാനുള്ള സംവിധാനം നിലവിലുണ്ടെന്നും കേന്ദ്രം അറിയിച്ചു.
ഒക്ടോബർ 27നകം കൂടുതൽ വിശദീകരണം നൽകണം
മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിനുള്ള നിലവിലെ സംവിധാനവും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള സാധ്യതകളും വിശദീകരിക്കാൻ കേന്ദ്രസർക്കാരിന് സുപ്രീം കോടതി സമയം അനുവദിച്ചു. കേസ് ഒക്ടോബർ 27ന് വീണ്ടും പരിഗണിക്കും.
സർക്കാരിന്റെ നടപടികൾക്ക് കോടതി പിന്തുണ നൽകുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞ സെപ്റ്റംബർ 29നും കാൻസർ മരുന്നുകളുടെ വില ആശുപത്രികൾ പലമടങ്ങ് വർധിപ്പിച്ച് ഈടാക്കുന്നതിനെതിരെ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. എല്ലാ മരുന്നുകൾക്കും 16 ശതമാനം വ്യാപാര മാർജിൻ ഏകീകരിക്കുന്നതിന്റെ സാധ്യതയും അന്ന് കോടതി ഉന്നയിച്ചു.
ആശുപത്രികൾ നിർബന്ധമായും സ്വന്തം കെമിസ്റ്റുകളിൽനിന്ന് മരുന്നുകൾ വാങ്ങാൻ രോഗികളെ നിർദേശിക്കുന്ന രീതിയും പരിശോധിക്കാൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടിരുന്നു.
മരുന്നുകളുടെ വിലനിയന്ത്രണം, ജനറിക് മരുന്നുകളുടെ കുറിപ്പടി, മെഡിക്കൽ ഉപകരണങ്ങളുടെ വിലനിർണയം എന്നിവയുമായി ബന്ധപ്പെട്ട ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയിൽ മരുന്നുകൾ ലഭ്യമാക്കുന്നതിനുള്ള കേന്ദ്രത്തിന്റെ നടപടികൾ എന്തൊക്കെയായിരിക്കുമെന്നതിലാണ് ഇനി ശ്രദ്ധ.


