ഇന്ത്യ ഇന്ന് നേരിടുന്ന യഥാർത്ഥ പ്രതിസന്ധി അപൂർവരോഗങ്ങളോ മഹാമാരികളോ അല്ല, മറിച്ച് ആളുകൾ കഴിക്കുന്ന ആഹാരവും ശ്വസിക്കുന്ന വായുവുമാണെന്ന് ലോകാരോഗ്യസംഘടനയുടെ മുൻ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ മുന്നറിയിപ്പ് നൽകുന്നു. ഒരു നാഷണൽ കോൺക്ലേവിൽ സംസാരിക്കവേയാണ് രാജ്യം നേരിടുന്ന ഈ ഇരട്ട ഭീഷണികളെക്കുറിച്ച് അവർ ഗൗരവമായ ആശങ്കകൾ പങ്കുവെച്ചത്.
ഇന്ത്യയിലെ എല്ലാവർക്കും മതിയായ പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പിച്ചു പറയാനാവാത്ത അവസ്ഥയാണുള്ളത്. ശരീരത്തിന് ആവശ്യമായ കലോറി ലഭിക്കുമ്പോഴും വിറ്റാമിനുകളോ മിനറലുകളോ ലഭിക്കാത്ത അവസ്ഥ വലിയൊരു വെല്ലുവിളിയാണ്. പ്രത്യേകിച്ച്, കുട്ടികളുടെ മസ്തിഷ്ക വികസനത്തിന് നിർണ്ണായകമായ ആദ്യ അഞ്ചുവർഷങ്ങളിൽ പോഷകാഹാരം ലഭിച്ചില്ലെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ ജീവിതകാലം മുഴുവൻ നിലനിൽക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി. 2047-ലേക്ക് രാജ്യം നോക്കുമ്പോൾ, ഇന്നത്തെ കുട്ടികൾ എത്രത്തോളം ശാരീരിക-മാനസിക ആരോഗ്യത്തോടെ വളരുന്നു എന്നതിനെ ആശ്രയിച്ചിരിക്കും രാജ്യത്തിന്റെ തൊഴിൽശക്തിയുടെ ഗുണനിലവാരമെന്നും അവർ ഓർമ്മിപ്പിച്ചു.
നല്ല ഭക്ഷണം എന്നത് എപ്പോഴും വിലയേറിയ ഭക്ഷണമാകണമെന്നില്ലെന്ന് ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു. സംസ്കരിച്ച ഭക്ഷണങ്ങളും പാക്കറ്റിലുള്ള ആഹാരസാധനങ്ങളും വ്യാപകമായി ഉപയോഗിക്കുന്നത് അമിതവണ്ണത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. ഇതിന് പകരമായി പഴങ്ങളും പച്ചക്കറികളും മാംസാഹാരങ്ങളും ധാന്യങ്ങളും ഉൾപ്പെട്ട സമീകൃതാഹാരമാണ് ആരോഗ്യകരമായ ശരീരത്തിന്റെ അടിസ്ഥാനമെന്ന് അവർ വ്യക്തമാക്കി.
പോഷകാഹാരക്കുറവിനൊപ്പം തന്നെ ഗൗരവകരമാണ് രാജ്യത്തെ വായുമലിനീകരണവും. ഇത് മനുഷ്യന്റെ ആയുർദൈർഘ്യം ഗണ്യമായി കുറയ്ക്കുന്നു. വായുമലിനീകരണം മൂലം ഇന്ത്യയിൽ ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകൾക്ക് അകാലമരണം സംഭവിക്കുന്നുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഹൃദയാഘാതം, പക്ഷാഘാതം, ഗുരുതരമായ ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്ക് വായുമലിനീകരണം പ്രധാന കാരണമാകുന്നുണ്ട്. ഇത് രോഗികളെ മാത്രമല്ല, തികച്ചും ആരോഗ്യവാന്മാരായ വ്യക്തികളെയും സാരമായി ബാധിക്കുന്നു.
വായുമലിനീകരണവും പോഷകാഹാരക്കുറവും ഒരേപോലെ മനുഷ്യന്റെ രോഗപ്രതിരോധശേഷിയെയും കാര്യങ്ങൾ ഗ്രഹിക്കാനുള്ള ശേഷിയെയും തകർക്കുന്നു. ഇത് ഉത്പാദനക്ഷമത കുറയ്ക്കുകയും രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക വളർച്ചയെത്തന്നെ പിന്നോട്ടടിക്കുകയും ചെയ്യും. അതിനാൽ, വികസന ലക്ഷ്യങ്ങളിൽ ആരോഗ്യം, പോഷകം എന്നിവയ്ക്ക് മുൻഗണന നൽകണമെന്ന് അവർ നിർദ്ദേശിച്ചു.



