...
Home News National വാട്‍സ് ആപ്പിനും ടെലഗ്രാമിനും മൂക്കുകയറിടാൻ കേന്ദ്രം; മെസേജിങ് ആപ്പുകൾക്ക് ഏകീകൃത ചട്ടങ്ങൾ

വാട്‍സ് ആപ്പിനും ടെലഗ്രാമിനും മൂക്കുകയറിടാൻ കേന്ദ്രം; മെസേജിങ് ആപ്പുകൾക്ക് ഏകീകൃത ചട്ടങ്ങൾ

ഓൺലൈൻ തട്ടിപ്പുകളും 'ഡിജിറ്റൽ അറസ്റ്റ്' പോലുള്ള കുറ്റകൃത്യങ്ങളും വർധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്തരമൊരു നടപടിയെന്ന് സർക്കാർ

6

വാട്‌സ്‌ ആപ്പ്, ടെലഗ്രാം, സിഗ്‌നൽ തുടങ്ങിയ എല്ലാ മെസേജിങ് പ്ലാറ്റ്‌ഫോമുകൾക്കും ഏകീകൃത ചട്ടങ്ങൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. വാട്‌സ്‌ ആപ്പിൻ്റെ പുതിയ ‘യൂസർനെയിം’ ഫീച്ചറിനെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് പിന്നാലെയാണ് എല്ലാ ആപ്പുകൾക്കും ഒരേ മാനദണ്ഡം ബാധകമാക്കാനുള്ള കേന്ദ്ര ഇലക്ട്രോണിക്‌സ് -ഐടി മന്ത്രാലയത്തിൻ്റെ ഈ നീക്കം. ഓൺലൈൻ തട്ടിപ്പുകളും ‘ഡിജിറ്റൽ അറസ്റ്റ്’ പോലുള്ള കുറ്റകൃത്യങ്ങളും വർധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്തരമൊരു നടപടിയെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

വാട്‌സ് ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്ന യൂസർനെയിം സംവിധാനം രാജ്യത്ത് വലിയ തോതിൽ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ. ഒരു പ്ലാറ്റ്‌ഫോമിന് മാത്രം ഒരു പ്രത്യേക ഫീച്ചർ വിലക്കുകയും മറ്റുള്ളവയ്ക്ക് അത് അനുവദിക്കുകയും ചെയ്യുന്നത് പ്രായോഗികമല്ല എന്നതിനാലാണ് എല്ലാ ആപ്പുകൾക്കും പൊതുവായ നിയമം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിൻ്റ ഭാഗമായി അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ് എല്ലാ പ്രമുഖ മെസേജിങ് കമ്പനികളുമായും സർക്കാർ ചർച്ചകൾ നടത്തും.

ഈ വിഷയത്തിൽ കേന്ദ്രം അയച്ച നോട്ടീസിന് വാട്സാപ്പും ടെലഗ്രാമും തങ്ങളുടെ സുരക്ഷാ സംവിധാനങ്ങൾ വിശദീകരിച്ചു കൊണ്ട് മറുപടി നൽകിയിട്ടുണ്ട്. എന്നാൽ ജൂലൈ 3ന് നോട്ടീസ് ലഭിച്ചിട്ടും സിഗ്‌നൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവിലെ നിയമങ്ങളിൽ ഏതൊക്കെ ഫീച്ചറുകൾ അനുവദിക്കാം എന്ന കാര്യത്തിൽ വ്യക്തമായ വ്യവസ്ഥകളില്ലാത്തതാണ് പ്രധാന പ്രശ്നമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്. ഈ നിയമപരമായ വിടവ് നികത്തി കൂടുതൽ വ്യക്തത വരുത്താനാണ് പുതിയ ഏകീകൃത ചട്ടങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

അതേസമയം, മെസേജിങ് ആപ്പുകളുടെ പ്രവർത്തന ശൈലിയിലും രൂപകല്പനയിലും സർക്കാരിന് എത്രത്തോളം ഇടപെടാനാകുമെന്ന കാര്യത്തിൽ നിയമ വിദഗ്ധരും ഡിജിറ്റൽ അവകാശ പ്രവർത്തകരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. ആപ്പുകളുടെ സുരക്ഷാ ഫീച്ചറുകളെ സംബന്ധിച്ച് കമ്പനികൾ നൽകിയ മറുപടികൾ ഐടി മന്ത്രാലയം ഇപ്പോൾ പരിശോധിച്ച് വരികയാണ്. വരും ദിവസങ്ങളിൽ നടക്കുന്ന ചർച്ചകൾക്ക് ശേഷമായിരിക്കും ഈ ഏകീകൃത ചട്ടങ്ങളുടെ അന്തിമ രൂപരേഖ തയ്യാറാക്കുക.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.