...
Home News International ധാതു പര്യവേക്ഷണത്തിൽ വിപ്ലവവുമായി ചൈന; ‘എഐ മാപ്പിംഗ്’ സംവിധാനങ്ങൾ പുറത്തിറക്കി

ധാതു പര്യവേക്ഷണത്തിൽ വിപ്ലവവുമായി ചൈന; ‘എഐ മാപ്പിംഗ്’ സംവിധാനങ്ങൾ പുറത്തിറക്കി

ചൈനീസ് പ്രകൃതിവിഭവ മന്ത്രാലയം നടപ്പിലാക്കുന്ന തന്ത്രപരമായ കാമ്പെയ്‌ന്റെ ഭാഗമാണ് ഈ പുതിയ സാങ്കേതികവിദ്യകൾ

3

പതിറ്റാണ്ടുകളായി വിദഗ്ധർ മാത്രം നയിച്ചുവന്നിരുന്ന ഭൂമിശാസ്ത്ര പര്യവേക്ഷണ രംഗത്ത് നിർണ്ണായക ചുവടുവെപ്പുമായി ചൈന. പരമ്പരാഗത രീതികളിൽ നിന്ന് കൃത്യവും വേഗതയേറിയതുമായ ഡാറ്റ-അൽഗോരിതം അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന രണ്ട് പുതിയ ജിയോളജിക്കൽ മാപ്പിംഗ്, ധാതു പര്യവേക്ഷണ സംവിധാനങ്ങൾക്ക് ചൈന തുടക്കമിട്ടു.

ടിയാൻജിനിൽ നടന്ന 28-ാമത് ചൈന മൈനിംഗ് കോൺഫറൻസിലാണ് പ്രകൃതിവിഭവ മന്ത്രാലയത്തിന് കീഴിലുള്ള ചൈന ജിയോളജിക്കൽ സർവേ ‘AI-GeoMapping’, ‘AI-OreSeeking’ എന്നീ രണ്ട് സംവിധാനങ്ങൾ ഔദ്യോഗികമായി പുറത്തിറക്കിയത്. നിർണായക ധാതുക്കളുടെ ആഭ്യന്തര ശേഖരം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ ചുവടുവെപ്പ്.

പ്രധാനപ്പെട്ട രണ്ട് സംവിധാനങ്ങൾ:

  • AI-GeoMapping (എഐ-ജിയോമാപ്പിംഗ്): ഭൂഗർഭ ധാതു മണ്ഡലങ്ങൾ കണ്ടെത്താനുള്ള റോഡ് മാപ്പായി ഈ സംവിധാനം പ്രവർത്തിക്കുന്നു. ഉപഗ്രഹ ചിത്രങ്ങൾ, വായുവിലൂടെയുള്ള ജിയോഫിസിക്കൽ സർവേകൾ എന്നിവ AI വഴി സംയോജിപ്പിച്ച് 90 ശതമാനം കൃത്യതയോടെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ തിരിച്ചറിയാൻ ഇതിലൂടെ സാധിക്കും. ദുർഘടമായ പ്രദേശങ്ങളിലും വനങ്ങളിലും സർവേ നടത്തുമ്പോൾ പരമ്പരാഗത രീതികളെ അപേക്ഷിച്ച് പകുതിയിലധികം സമയം ലാഭിക്കാൻ ഇതിന് കഴിയുന്നുണ്ട്. മൊറോക്കോ, ലാവോസ്, റുവാണ്ട തുടങ്ങിയ രാജ്യങ്ങളിലേക്കും ഈ സംവിധാനം ഇതിനകം വ്യാപിപ്പിച്ചിട്ടുണ്ട്.
  • AI-OreSeeking (എഐ-ഒർസീക്കിംഗ്): മാപ്പ് ചെയ്ത ഭൂമിശാസ്ത്ര ഡാറ്റയ്ക്ക് പുറമെ ജിയോഫിസിക്കൽ, ജിയോകെമിക്കൽ ഡാറ്റാസെറ്റുകൾ കൂടി സംയോജിപ്പിച്ച് കൃത്യമായി എവിടെയാണ് ധാതു നിക്ഷേപങ്ങൾ ഉള്ളതെന്ന് പ്രവചിക്കാൻ ഈ പ്ലാറ്റ്‌ഫോമിന് സാധിക്കും. ദശലക്ഷക്കണക്കിന് രൂപ ചെലവുള്ള ഡ്രില്ലിംഗിന് മുമ്പ് പര്യവേക്ഷണ ലക്ഷ്യങ്ങൾ ഫലപ്രദമായി ചുരുക്കാൻ ഇത് സഹായിക്കുന്നു. സ്വർണ്ണം, ചെമ്പ്, ഇരുമ്പ് തുടങ്ങിയ ധാതുക്കളുടെ പര്യവേക്ഷണത്തിൽ മാസങ്ങൾ വേണ്ടിവരുന്ന ജോലി വെറും അഞ്ച് ദിവസം കൊണ്ട് തീർക്കാൻ ഈ സംവിധാനം വഴി സാധിച്ചിട്ടുണ്ട്.

2030-ഓടെ വികസിപ്പിക്കാവുന്ന പുതിയ ധാതു ശേഖരങ്ങൾ കണ്ടെത്തുക ലക്ഷ്യമിട്ട് ചൈനീസ് പ്രകൃതിവിഭവ മന്ത്രാലയം നടപ്പിലാക്കുന്ന തന്ത്രപരമായ കാമ്പെയ്‌ന്റെ ഭാഗമാണ് ഈ പുതിയ സാങ്കേതികവിദ്യകൾ. ഇത് രാജ്യത്തിന്റെ ഊർജ്ജ-വിഭവ സുരക്ഷ കൂടുതൽ ശക്തമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.