കോൺഗ്രസ് MLA രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണങ്ങളെ ചുറ്റിപ്പറ്റി പാർട്ടിയ്ക്കുള്ളിൽ പ്രതികരണങ്ങൾ തമ്മിൽ തീവ്രവ്യത്യാസമാണ് കാണുന്നത്. കേസിൽ പാർട്ടി അതിജീവിതയ്ക്ക് ഒപ്പമാണോയെന്ന ചോദ്യത്തിന് “നിയമം നിയമത്തിന്റെ വഴിക്ക് പോക്കട്ടെ” എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. പെട്ടെന്ന് ഒരു കേസ് ഉയർന്നതിന്റെ പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് കെ. മുരളീധരൻ്റെ വിലയിരുത്തൽ. രാഹുലിനെതിരെ പുറത്ത് വന്ന ഓഡിയോയുടെ ഗൗരവത്തെക്കുറിച്ചുള്ള ചോദ്യത്തിന് “ഫോറൻസിക് പരിശോധിക്കട്ടെ” എന്നായിരുന്നു വി. കെ. ശ്രീകണ്ഠൻ്റെ മറുപടി.
അതേസമയം, കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാനില്ലെന്ന നിലപാടിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി. തുറന്ന വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. “ഇത്തരം വ്യക്തികളെ ആരും ന്യായീകരിക്കരുത്; നാറിയവനെ ചുമന്നാൽ ചുമന്നവനും നാറും” എന്ന കടുത്ത ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാകാതിരിക്കാൻ കൈക്കൊണ്ട നടപടിയെ എല്ലാ കോൺഗ്രസ് പ്രവർത്തകരും പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഹുലിന് അനുകൂലമായ പ്രസ്താവനകളുമായി എത്തിയ കെപിസിസി അധ്യക്ഷനും വർക്കിംഗ് പ്രസിഡന്റുമാർക്കും എതിരെ പാർട്ടിയ്ക്കുള്ളിൽ തന്നെ വിമർശനങ്ങളുയർന്നിട്ടുണ്ട്. സസ്പെൻഡ് ചെയ്ത വ്യക്തിക്ക് പാർട്ടി വേദികളിൽ എത്താൻ അവസരം നൽകിയതും നിയന്ത്രണം വേണമെന്ന ആവശ്യവും മുതിർന്ന നേതാക്കൾ മുന്നോട്ടുവച്ചിരിക്കുകയാണ്.
ഇതിനിടെ, തെരഞ്ഞെടുപ്പ് വേളയിൽ ഉണ്ടായ വിവാദങ്ങളും രാഹുലിനെതിരായ കേസും കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന വിലയിരുത്തലാണ് പ്രമുഖർ പങ്കുവെക്കുന്നത്. രാഹുലിനെ സ്ഥിരമായി പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. കൂടാതെ നിലവിലെ പ്രതിസന്ധികളെ മറികടക്കാൻ ശബരിമല സ്വർണക്കൊള്ളയുൾപ്പെടുത്തി പ്രതിരോധം നടത്തുന്ന നിലപാടിൽ നിന്നും വിട്ടുനിൽക്കേണ്ടതുണ്ടെന്ന അഭിപ്രായവും നേതാക്കൾക്കിടയിൽ ഉയർന്നുവരുന്നു.



