കാൻസർ ചികിത്സാ രംഗത്ത് നിർണായക ചുവടുവയ്പ്പുമായി വടക്കുകിഴക്കൻ ഇന്ത്യ. രാജ്യത്തെ ആദ്യ പൊതുമേഖലാ പ്രോട്ടോൺ ബീം തെറാപ്പി കേന്ദ്രം അസമിലെ ഗുവാഹത്തിയിൽ സ്ഥാപിക്കും. ഇതിനായി ബെൽജിയം ആസ്ഥാനമായുള്ള അയോൺ ബീം ആപ്ലിക്കേഷൻസുമായി (ഐബിഎ) അസം സർക്കാർ 600 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഗുവാഹത്തി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ (ജിഎംസിഎച്ച്) പരിസരത്താണ് അത്യാധുനിക ചികിത്സാ കേന്ദ്രം സജ്ജമാക്കുക.
ശനിയാഴ്ച ഗുവാഹത്തിയിലെ ലോക് സേവാ ഭവനിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. അസമിലെയും സമീപ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും കാൻസർ രോഗികൾക്ക് കുറഞ്ഞ ചെലവിൽ ആധുനികവും കൃത്യതയേറിയതുമായ റേഡിയേഷൻ ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിൽ സ്വകാര്യ ആശുപത്രികളിൽ മാത്രം ലഭ്യമായ പ്രോട്ടോൺ തെറാപ്പിക്ക് ഏകദേശം 50 ലക്ഷം രൂപ ചെലവുവരും. ഈ ചികിത്സ സാധാരണക്കാർക്കും ലഭ്യമാക്കുന്നതിനാണ് പൊതുമേഖലയിൽ കേന്ദ്രം സ്ഥാപിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സാധാരണ എക്സ്-റേകൾക്ക് പകരം പ്രോട്ടോണുകൾ ഉപയോഗിച്ച് കാൻസർ കോശങ്ങളെ ലക്ഷ്യമിടുന്ന നൂതന റേഡിയേഷൻ ചികിത്സാരീതിയാണ് പ്രോട്ടോൺ തെറാപ്പി. ചുറ്റുമുള്ള ആരോഗ്യകരമായ കലകൾക്ക് ഉണ്ടാകാവുന്ന നാശം കുറച്ച് മുഴകളിലേക്ക് കൃത്യമായി വികിരണം എത്തിക്കാൻ ഇതിലൂടെ കഴിയും. തലച്ചോറ്, നട്ടെല്ല് തുടങ്ങിയ നിർണായക അവയവങ്ങൾക്ക് സമീപമുള്ള മുഴകൾക്കും കുട്ടികളിലെ ചിലതരം കാൻസറുകൾക്കും ഈ ചികിത്സ പ്രയോജനകരമാണ്.
പദ്ധതിയുടെ ആകെ ചെലവായ 600 കോടി രൂപയിൽ 315 കോടി ലോകബാങ്കും 285 കോടി അസം സർക്കാരുമാണ് വഹിക്കുക. ചികിത്സാ കേന്ദ്രത്തിലെ ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും ഐബിഎ പ്രത്യേക പരിശീലനവും നൽകും. സംസ്ഥാനത്ത് ഇതിനകം 17 കാൻസർ ആശുപത്രികൾ വികസിപ്പിച്ചുവരികയാണെന്നും അവയിൽ 12 എണ്ണം പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. പുതിയ കേന്ദ്രം പ്രവർത്തനസജ്ജമാകുന്നതോടെ വടക്കുകിഴക്കൻ മേഖലയിലെ കാൻസർ ചികിത്സയുടെ പ്രധാന കേന്ദ്രമായി ഗുവാഹത്തി മാറുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.


