പ്രമുഖ എനർജി ഡ്രിങ്ക് ബ്രാൻഡുകൾക്കെതിരെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നടപടി ആരംഭിച്ചു. റെഡ് ബുൾ, സ്റ്റിംഗ്, കാമ്പ ഗോൾഡ് ബൂസ്റ്റ്, അഡ്രിനാലിൻ റഷ്, ഹെൽ എനർജി, മോൺസ്റ്റർ എനർജി തുടങ്ങിയ ബ്രാൻഡുകൾക്കാണ് അതോറിറ്റി നോട്ടീസ് നൽകിയത്.
ഉൽപ്പന്നങ്ങളുടെ ബ്രാൻഡിംഗിലും പരസ്യ പ്രചാരണങ്ങളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതികൾ സ്വീകരിച്ചെന്നാണ് എഫ്എസ്എസ്എഐയുടെ കണ്ടെത്തൽ. നിലവിൽ ‘എനർജി ഡ്രിങ്ക്’ എന്ന വിഭാഗത്തിന് പ്രത്യേക ഭക്ഷ്യ മാനദണ്ഡം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, നിരവധി കമ്പനികൾ ഈ പേര് ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതാണ് അധികൃതർ ചോദ്യം ചെയ്യുന്നത്.
‘ശരീരത്തിനും തലച്ചോറിനും ഊർജം നൽകുന്നു’, ‘ഏകാഗ്രത വർധിപ്പിക്കുന്നു’, ‘ഊർജക്ഷമത കൂട്ടുന്നു’, ‘ക്ഷീണം കുറയ്ക്കുന്നു’ തുടങ്ങിയ ആരോഗ്യ അവകാശവാദങ്ങൾ ഉന്നയിച്ച് നടത്തുന്ന പ്രചാരണങ്ങളും ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നതാണെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കി.
തെറ്റായ പരസ്യങ്ങളിലൂടെയും ശാസ്ത്രീയമായി തെളിയിക്കാത്ത ആരോഗ്യവാഗ്ദാനങ്ങളിലൂടെയും ഉപഭോക്താക്കളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന പ്രവണതയ്‌ക്കെതിരെ അടുത്തിടെ ശക്തമായ നിരീക്ഷണവും നടപടികളും തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. നോട്ടീസ് ലഭിച്ച കമ്പനികളിൽ നിന്ന് വിശദീകരണം തേടിയതായും എഫ്എസ്എസ്എഐ വ്യക്തമാക്കി.


