5 September 2026
Home Health പാമ്പുകടിയേറ്റ മരണങ്ങള്‍ തടയാന്‍ ആരോഗ്യ വകുപ്പിന്റെ സമഗ്ര കര്‍മ്മപദ്ധതി

പാമ്പുകടിയേറ്റ മരണങ്ങള്‍ തടയാന്‍ ആരോഗ്യ വകുപ്പിന്റെ സമഗ്ര കര്‍മ്മപദ്ധതി

ആശുപത്രികളെ ഹബ്-ആന്റ്-സ്പോക്ക് മാതൃകയില്‍ ക്രമീകരിച്ച് റഫറല്‍ സംവിധാനം മെച്ചപ്പെടുത്തും. ആന്റി വെനം ലഭ്യമല്ലാത്ത ദൂര പ്രദേശങ്ങളിലെ പിഎച്സി/സിഎച്സികളില്‍ ഇത് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും.

263

പാമ്പുകടിയേറ്റ് മരണങ്ങള്‍ കുറയ്ക്കുന്നതിനായി ആരോഗ്യ വകുപ്പ് പ്രത്യേക കര്‍മ്മപദ്ധതി തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പാമ്പുകടി കേസുകളുടെ നിരീക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തുകയും ലഭ്യമായ ഡാറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്‌സ്‌പോട്ട് മാപ്പിംഗ് നടത്തുകയും ചെയ്യും.

പാമ്പുകടി കേസുകള്‍ കൂടുതലായി എത്തുന്ന ആശുപത്രികളെ “റെഡ് ഫ്‌ളാഗ്” സ്ഥാപനങ്ങളായി തിരിച്ചറിഞ്ഞ് അവിടങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. സാമൂഹിക അധിഷ്ഠിത റിപ്പോര്‍ട്ടിംഗ് സംവിധാനം നടപ്പാക്കി കേസുകള്‍ നിരീക്ഷിക്കുമെന്നും ചികിത്സയിലെ വൈകല്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഹബ്-ആന്റ്-സ്പോക്ക് സംവിധാനം ശക്തമാക്കുന്നു

ആശുപത്രികളെ ഹബ്-ആന്റ്-സ്പോക്ക് മാതൃകയില്‍ ക്രമീകരിച്ച് റഫറല്‍ സംവിധാനം മെച്ചപ്പെടുത്തും. ആന്റി വെനം ലഭ്യമല്ലാത്ത ദൂര പ്രദേശങ്ങളിലെ പിഎച്സി/സിഎച്സികളില്‍ ഇത് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും റഫറല്‍ ആശുപത്രികളും ശക്തിപ്പെടുത്തുകയും റെഡ് ഫ്‌ളാഗ് മേഖലകളില്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്യും. പാമ്പുകടി ഗുരുതരമായതിനാല്‍ സമീപത്തുള്ള സജ്ജമായ ആശുപത്രിയില്‍ ഉടന്‍ ചികിത്സ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയും. ഹമ്പ് നോസ് പിറ്റ് വൈപ്പര്‍, മലബാര്‍ പിറ്റ് വൈപ്പര്‍ തുടങ്ങിയവയ്ക്കായി പ്രത്യേക ചികിത്സാ മാര്‍ഗരേഖകളും നടപ്പാക്കും. ഡോക്ടര്‍മാര്‍ക്ക് പാമ്പുകളെ തിരിച്ചറിയാനുള്ള പരിശീലനവും നഴ്‌സുമാര്‍ക്ക് എല്‍എംഎ (Laryngeal Mask Airway) പരിശീലനവും നല്‍കും. പാമ്പുകടിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളും പ്രോത്സാഹിപ്പിക്കും.

സമൂഹിക പങ്കാളിത്തവും ‘വണ്‍ ഹെല്‍ത്ത്’ സമീപനവും

തൊഴിലാളികള്‍ക്ക് ഗംബൂട്ടുകളും റബ്ബര്‍ ഗ്ലൗസുകളും പോലുള്ള സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കും. കമ്മ്യൂണിറ്റി അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടിംഗ് സംവിധാനങ്ങളും ബോധവത്കരണ പരിപാടികളും വികസിപ്പിക്കും. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും.

ശക്തമായ ബോധവത്കരണം

സര്‍പ്പ വോളന്റിയര്‍മാരുടെ സഹായത്തോടെ അധ്യാപകര്‍ക്ക് ബോധവത്കരണം നല്‍കും. സ്‌കൂള്‍ സോഷ്യല്‍ മീഡിയ ക്ലബ്ബുകള്‍ വഴി വിദ്യാഭ്യാസ വീഡിയോകള്‍ തയ്യാറാക്കും. സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തോടെ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. സംസ്ഥാനതലത്തില്‍ ഏകീകൃത ഐഇസി മെറ്റീരിയലുകള്‍ വികസിപ്പിക്കുകയും പാഠ്യപദ്ധതിയില്‍ പാമ്പുകടി പ്രതിരോധം ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യും.

ആന്റി വെനം വിതരണവും ഫലങ്ങളും

2025ല്‍ 133 ആശുപത്രികളിലായി 8456 വയല്‍ ആന്റി സ്‌നേക്ക് വെനം വിതരണം ചെയ്തതില്‍ 6382 വയല്‍ രോഗികള്‍ക്ക് നല്‍കി. കഴിഞ്ഞ വര്‍ഷം 18 മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്, ഭൂരിപക്ഷം പേരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി വ്യക്തമാക്കുന്നു. തെരഞ്ഞെടുത്ത സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ആന്റി വെനം നല്‍കുന്നത്.

നിലവില്‍ 151 സര്‍ക്കാര്‍ ആശുപത്രികളിലും 150 സ്വകാര്യ ആശുപത്രികളിലും ആന്റി വെനം ലഭ്യമാണ്. ആന്റി വെനം ലഭ്യമായ ആശുപത്രികളുടെ പട്ടിക ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. “കനിവ് 108” ആംബുലന്‍സ് സേവനത്തിലൂടെ രോഗികളെ സമയബന്ധിതമായി ആശുപത്രിയിലെത്തിക്കുന്നു. സേവനം ആരംഭിച്ച അഞ്ച് ദിവസത്തിനിടെ 75 പാമ്പുകടി കേസുകളും 62 സംശയ കേസുകളും വിജയകരമായി കൈകാര്യം ചെയ്തു.

പാമ്പുകടിയേറ്റാല്‍ സ്വീകരിക്കേണ്ട നടപടികള്‍

രോഗലക്ഷണങ്ങളും ലാബ് പരിശോധനകളും അടിസ്ഥാനമാക്കി പ്രോട്ടോക്കോള്‍ പ്രകാരമാണ് ആന്റി വെനം നല്‍കുന്നത്. വാഹനം എത്തുംവരെ 108 ടീമിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. രോഗിയെ ശാന്തനാക്കി നിര്‍ത്തുക; ഭയം വിഷം പെട്ടെന്ന് പടരാന്‍ കാരണമാകും. അനാവശ്യ ചലനം ഒഴിവാക്കി കടിയേറ്റ ഭാഗം അനക്കാതിരിക്കുക. രോഗിയെ ഓടാന്‍ അനുവദിക്കാതെ എടുത്തോ സ്ട്രെച്ചറില്‍ കിടത്തിയോ ആശുപത്രിയിലെത്തിക്കുക. മുറിവ് അമിതമായി മുറുക്കിക്കെട്ടരുത്. എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്.