...
Home News International “റീച്ചാർജ് ചെയ്യാൻ പണമില്ല, സഹായിക്കണേ…”; ചൈനയിൽ ഭിക്ഷാടനത്തിനിറങ്ങി ഹ്യുമനോയിഡ് റോബോട്ട്; വിചിത്ര കാഴ്ച വൈറൽ

“റീച്ചാർജ് ചെയ്യാൻ പണമില്ല, സഹായിക്കണേ…”; ചൈനയിൽ ഭിക്ഷാടനത്തിനിറങ്ങി ഹ്യുമനോയിഡ് റോബോട്ട്; വിചിത്ര കാഴ്ച വൈറൽ

യാചന കൂടുതൽ ഫലപ്രദമാക്കാൻ റോബോട്ടിന്റെ അരികിൽ 'വൈദ്യുതി ബിൽ അടയ്ക്കാനായി സഹായിക്കൂ' എന്ന് എഴുതിയ ഒരു എൽഇഡി ബോർഡും സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ, ലൗഡ് സ്പീക്കറിലൂടെ 'റീച്ചാർജ് ചെയ്യാൻ പണമില്ല' എന്ന് ചൈനീസ് ഭാഷയിൽ റോബോട്ട് നിരന്തരം വിളിച്ചുപറയുന്നുമുണ്ട്.

2

ജീവിതമാർഗ്ഗത്തിനായി മനുഷ്യർ തെരുവുകളിൽ ഭിക്ഷയാചിക്കുന്നത് നമുക്ക് പരിചിതമായ കാഴ്ചയാണ്, എന്നാൽ ഒരു റോബോട്ട് ഭിക്ഷയെടുക്കുന്നത് കണ്ടാലോ? ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ നിന്നുള്ള അത്തരത്തിലൊരു വിചിത്രമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നടപ്പാതയിൽ മുട്ടുകുത്തിയിരുന്ന് ഭിക്ഷ യാചിക്കുന്ന ഒരു ഹ്യുമനോയിഡ് റോബോട്ടിന്റെ ദൃശ്യങ്ങൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ലോകം.

റോബോട്ട് വെറുതെ ഭിക്ഷയെടുക്കുകയല്ല, അതിന് വ്യക്തമായ ഒരു കാരണമുണ്ട്. തന്റെ ബാറ്ററി റീച്ചാർജ് ചെയ്യുന്നതിനുള്ള വൈദ്യുതി ബിൽ അടയ്ക്കാനാണ് ഈ റോബോട്ട് തെരുവിലിറങ്ങിയത്. കൈകൂപ്പി യാചിക്കുന്ന റോബോട്ടിന് അരികിലായി ആളുകൾക്ക് പണം നിക്ഷേപിക്കാനായി ഒരു ഭിക്ഷാപാത്രവും കൂടാതെ ഡിജിറ്റൽ ഇടപാടുകൾക്കായി ഒരു ക്യുആർ (QR) കോഡും സജ്ജീകരിച്ചിട്ടുണ്ട്.

യാചന കൂടുതൽ ഫലപ്രദമാക്കാൻ റോബോട്ടിന്റെ അരികിൽ ‘വൈദ്യുതി ബിൽ അടയ്ക്കാനായി സഹായിക്കൂ’ എന്ന് എഴുതിയ ഒരു എൽഇഡി ബോർഡും സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ, ലൗഡ് സ്പീക്കറിലൂടെ ‘റീച്ചാർജ് ചെയ്യാൻ പണമില്ല’ എന്ന് ചൈനീസ് ഭാഷയിൽ റോബോട്ട് നിരന്തരം വിളിച്ചുപറയുന്നുമുണ്ട്. വഴിയേ പോകുന്നവർ റോബോട്ടിന്റെ ഭിക്ഷാപാത്രത്തിൽ നാണയങ്ങൾ നിക്ഷേപിക്കുന്നതും ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം അയച്ചു നൽകുന്നതും വീഡിയോയിൽ കാണാം.

ചൈനീസ് റോബോട്ടിക്‌സ് കമ്പനിയായ യൂനിട്രീ (Unitree) നിർമ്മിച്ച ‘യൂനിട്രീ ജി1’ എന്ന ഹ്യുമനോയിഡ് റോബോട്ടാണിത്. ഈ വർഷം ആദ്യം തന്നെ ജി1 വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 20,341 അടി ഉയരമുള്ള ഇക്വഡോറിലെ ചിംബൊരാസോ അഗ്നിപർവ്വതത്തിന് മുകളിൽ കയറിയാണ് അന്ന് ഈ റോബോട്ട് വിസ്മയിപ്പിച്ചത്. ഇത്രയും ഉയരത്തിലേക്ക് കയറുന്ന ലോകത്തിലെ ആദ്യ ഹ്യുമനോയിഡ് എന്ന ബഹുമതിയും ജി1 ഇതിലൂടെ സ്വന്തമാക്കിയിരുന്നു.

ഏകദേശം 16 മണിക്കൂർ സമയമെടുത്താണ് ജി1 ചിംബൊരാസോ കൊടുമുടി കീഴടക്കിയത്. കഠിനമായ തണുപ്പിലും കുറഞ്ഞ വായുമർദ്ദത്തിലും റോബോട്ടിന്റെ സിസ്റ്റങ്ങൾ തകരാറില്ലാതെ പ്രവർത്തിക്കുമെന്ന് തെളിയിക്കാൻ ഈ പർവ്വതാരോഹണത്തിലൂടെ സാധിച്ചു. ഇതിനായി പ്രത്യേക കമ്പിളി വസ്ത്രങ്ങളും മഞ്ഞിൽ നടക്കാനുള്ള ഷൂസും അന്ന് റോബോട്ടിനെ ധരിപ്പിച്ചിരുന്നു.

റോബോട്ടിന്റെ ഭിക്ഷാടന വീഡിയോയ്ക്ക് താഴെ രസകരമായ ഒട്ടേറെ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഭിക്ഷക്കാരുടെ പോലും ജോലി എഐ (AI) കവരുകയാണോ എന്ന് ചിലർ ആശങ്കപ്പെടുമ്പോൾ, ഇതൊരു കമ്പനിയുടെ മാർക്കറ്റിംഗ് തന്ത്രമാണോ എന്ന് മറ്റു ചിലർ സംശയിക്കുന്നു. പണം കണ്ടെത്താനുള്ള വിചിത്രമായ മാർഗ്ഗമാണിതെന്നും നേരത്തെ ബീജിംഗിലും ഇത്തരത്തിൽ ‘റോബോട്ട് ഭിക്ഷാടകരെ’ കണ്ടിട്ടുള്ളതായും റിപ്പോർട്ടുകളുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.