...
Home News ഇൻസ്റ്റാഗ്രാം പ്ലസ് വരുന്നു; ഇനി സ്റ്റോറികൾ ഒളിച്ചു കാണാം, ഫീച്ചറുകൾ നിരവധി

ഇൻസ്റ്റാഗ്രാം പ്ലസ് വരുന്നു; ഇനി സ്റ്റോറികൾ ഒളിച്ചു കാണാം, ഫീച്ചറുകൾ നിരവധി

നിലവിലുള്ള 'ക്ലോസ് ഫ്രണ്ട്‌സ്' പട്ടികയ്ക്ക് പുറമെ, ഇഷ്ടാനുസരണം എത്ര ഗ്രൂപ്പുകൾ വേണമെങ്കിലും നിർമ്മിച്ച് ഓരോ സ്റ്റോറിയും ആര് കാണണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും ഉപഭോക്താവിനുണ്ടാകും.

214

ഇൻസ്റ്റാഗ്രാം ഉപഭോക്താക്കൾക്കായി ‘ഇൻസ്റ്റാഗ്രാം പ്ലസ്’ (Instagram Plus) എന്ന പേരിൽ പുതിയ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സേവനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മെറ്റ. നിലവിൽ മെക്സിക്കോ, ജപ്പാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ ഈ പുതിയ ഫീച്ചറിന്റെ പരീക്ഷണം നടന്നുവരികയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കണ്ടന്റ് ക്രിയേറ്റർമാർക്കും ബിസിനസുകൾക്കുമായുള്ള ‘മെറ്റ വെരിഫൈഡ്’ സേവനത്തിൽ നിന്നും വ്യത്യസ്തമായി, സാധാരണ ഉപഭോക്താക്കളെ ലക്ഷ്യമിട്ടു കൊണ്ടുള്ള ഈ സേവനം വരും മാസങ്ങളിൽ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

ആകർഷകമായ നിരവധി ഫീച്ചറുകളാണ് ഇൻസ്റ്റാഗ്രാം പ്ലസ് വരിക്കാർക്കായി കാത്തിരിക്കുന്നത്. മറ്റൊരാൾ പങ്കുവെച്ച സ്റ്റോറി അവർ അറിയാതെ തന്നെ കാണാനുള്ള ‘ഗോസ്റ്റ് വ്യൂവിംഗ്’ (ghost-viewing) സൗകര്യമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. കൂടാതെ, സാധാരണ 24 മണിക്കൂർ മാത്രം നിലനിൽക്കുന്ന സ്റ്റോറികൾ 48 മണിക്കൂർ വരെ പ്രദർശിപ്പിക്കാനും, നമ്മുടെ സ്റ്റോറികൾ ആരെങ്കിലും വീണ്ടും വീണ്ടും കാണുന്നുണ്ടോ എന്ന് മനസ്സിലാക്കാനും ഈ പ്ലാൻ വഴി വരിക്കാർക്ക് സാധിക്കും.

സ്റ്റോറികളുടെ റീച്ച് വർദ്ധിപ്പിക്കുന്നതിനായി ആഴ്ചയിലൊരിക്കൽ ‘സ്‌പോട്ട്‌ലൈറ്റ്’ ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്. ആനിമേഷനോടു കൂടിയ പ്രത്യേക ‘സൂപ്പർ ലൈക്കുകൾ’, സ്റ്റോറി കണ്ടവരുടെ പട്ടികയിൽ നിന്ന് പ്രത്യേക വ്യക്തികളെ തിരയാനുള്ള സെർച്ച് ഓപ്ഷൻ എന്നിവയും പ്രീമിയം വരിക്കാർക്ക് ലഭിക്കും. നിലവിലുള്ള ‘ക്ലോസ് ഫ്രണ്ട്‌സ്’ പട്ടികയ്ക്ക് പുറമെ, ഇഷ്ടാനുസരണം എത്ര ഗ്രൂപ്പുകൾ വേണമെങ്കിലും നിർമ്മിച്ച് ഓരോ സ്റ്റോറിയും ആര് കാണണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും ഉപഭോക്താവിനുണ്ടാകും.

രാജ്യങ്ങൾക്കനുസരിച്ച് സബ്‌സ്‌ക്രിപ്‌ഷൻ നിരക്കിൽ മാറ്റമുണ്ടാകും. മെക്സിക്കോയിൽ പ്രതിമാസം ഏകദേശം 180 രൂപയും (2.20 ഡോളർ), ജപ്പാനിൽ 2 ഡോളറുമാണ് നിലവിൽ ഈടാക്കുന്നത്. 25 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുള്ള സ്‌നാപ്ചാറ്റ് പ്ലസ് (Snapchat+) പോലുള്ള സേവനങ്ങളുടെ വിജയത്തെ തുടർന്നാണ് മെറ്റയുടെ ഈ നീക്കം. ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവയിലും സമാനമായ പരീക്ഷണങ്ങൾ നടത്താൻ പദ്ധതിയുണ്ടെങ്കിലും, ഇതുവരെ സൗജന്യമായി ഉപയോഗിച്ചിരുന്ന സേവനങ്ങൾക്ക് പണം നൽകേണ്ടി വരുന്നത് ഉപഭോക്താക്കൾക്കിടയിൽ നേരിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.