...
Home News പരസ്യം കാണിച്ച് വെറുപ്പിക്കാൻ ഇൻസ്റ്റാഗ്രാമും; സ്കിപ് ചെയ്യാനാകാത്ത പരസ്യം വരുന്നു

പരസ്യം കാണിച്ച് വെറുപ്പിക്കാൻ ഇൻസ്റ്റാഗ്രാമും; സ്കിപ് ചെയ്യാനാകാത്ത പരസ്യം വരുന്നു

സൗജന്യമായി യൂട്യൂബ് ഉപയോഗിക്കുന്നവര്‍ക്ക് സ്‌കിപ്പ് ചെയ്യാനാകാത്ത തരത്തില്‍ പരസ്യങ്ങള്‍ കാണിക്കാറുണ്ട്. അതില്‍ ചില വീഡിയോകള്‍ക്ക് ഒരു മിനിറ്റിലേറെ ദൈര്‍ഘ്യവുമുണ്ടാവാറുണ്ട്.

234

ഇൻസ്റ്റാഗ്രാമിൽ പുതിയ പരസ്യ രീതി പരീക്ഷിക്കാനുള്ള നീക്കം തുടങ്ങിയതായി റിപ്പോർട്ട്‌. ഫീഡ് സ്‌ക്രോള്‍ ചെയ്യുന്നതിനിടെ സ്‌കിപ്പ് ചെയ്യാനാകാത്ത പരസ്യങ്ങള്‍ കാണിക്കുക എന്നതാണ് പുതിയ നീക്കത്തിന്റെ ഭാഗമായി ചെയ്യുന്നത്. ആഡ് ബ്രേക്‌സ് എന്ന പേരിലാണ് ഇതറിയപ്പെടുക.

നിലവില്‍ ചുരുക്കം ചില ഉപഭോക്താക്കളിൽ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് പരീക്ഷിക്കുന്നുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് മെറ്റ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ചില ഉപഭോക്താക്കളാണ് സോഷ്യല്‍മീഡിയയിലൂടെ ഇത്തരത്തിലുള്ള പരീക്ഷണം നടക്കുന്നുണ്ടെന്ന വിവരം കൈമാറിയത്.

മൂന്ന് മുതല്‍ അഞ്ച് സെക്കന്റ് വരെയുള്ള സ്‌കിപ്പ് ചെയ്യാനാകാത്ത പരസ്യങ്ങളാണ് കാണുക. ഫീഡ് സ്‌ക്രോള്‍ ചെയ്യുന്നതിനിടെയാണ് ഇവ കാണാറുള്ളത്. ഇത് വന്നാല്‍ ചിലപ്പോള്‍ ബ്രൗസ് ചെയ്യുന്നതിന് മുമ്പ് തന്നെ പരസ്യങ്ങള്‍ കാണേണ്ടി വന്നേക്കുമെന്നാണ് ഇതെക്കുറിച്ച് പുറത്തുവന്ന കുറിപ്പില്‍ പറയുന്നത്. പരസ്യത്തിലെ ഇന്‍ഫോ ബട്ടനില്‍ ക്ലിക്ക് ചെയ്ത ഉപഭോക്താവിന്റെതാണ് ശ്രദ്ധേയമാകുന്ന ഈ കുറിപ്പ്. ഉപഭോക്താക്കള്‍ക്ക് ഇത്തരമൊരു പരസ്യ രീതി ശല്യമാകുമെന്ന വിമര്‍ശനം ഉയരുന്നുണ്ട്.

ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുമ്പ് ഉപഭോക്താക്കളുടെ അഭിപ്രായം തേടാനാകാം ഇപ്പോള്‍ ഇത് പരീക്ഷിക്കുന്നതെന്ന അഭ്യൂഹവുമുണ്ട്. സൗജന്യമായി യൂട്യൂബ് ഉപയോഗിക്കുന്നവര്‍ക്ക് സ്‌കിപ്പ് ചെയ്യാനാകാത്ത തരത്തില്‍ പരസ്യങ്ങള്‍ കാണിക്കാറുണ്ട്. അതില്‍ ചില വീഡിയോകള്‍ക്ക് ഒരു മിനിറ്റിലേറെ ദൈര്‍ഘ്യവുമുണ്ടാവാറുണ്ട്.

യൂട്യൂബ് പ്രീമിയം വരിക്കാരായാല്‍ ഈ പരസ്യങ്ങളൊന്നും കാണേണ്ടി വരില്ല. ഇതിന് സമാനമായി ആകും ഇന്‍സ്റ്റാഗ്രാമില്‍ പെയ്ഡ്, സൗജന്യ സബ്സ്‌ക്രിപ്ഷനുകള്‍ അവതരിപ്പിക്കുക. ഇതിനെ കുറിച്ച് മെറ്റ ഇതു വരെ പ്രതികരിച്ചിട്ടില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.