...
Home News International യുകെയിൽ പൊലീസ് കസ്‌റ്റഡിയിൽ നഴ്‌സിംഗ് ജീവനക്കാരൻ മരിച്ച സംഭവം; അന്വേഷണം തുടങ്ങി

യുകെയിൽ പൊലീസ് കസ്‌റ്റഡിയിൽ നഴ്‌സിംഗ് ജീവനക്കാരൻ മരിച്ച സംഭവം; അന്വേഷണം തുടങ്ങി

ഓക്സ്ഫോർഡിൽ പോസ്‌റ്റുമോർട്ടത്തിന് ശേഷം മാത്രമേ യഥാർത്ഥ മരണ കാരണം വ്യക്‌തമാകൂ

283

ബെയിങ് സ്‌റ്റോക്ക്: എറണാകുളം പിറവം സ്വദേശിയായ നഴ്‌സിംഗ് ജീവനക്കാരൻ യുകെയിലെ പൊലീസ് കസ്‌റ്റഡിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്തിൽ അന്വേഷണം തുടങ്ങി. പിറവം, മണീട് ഗവ.എൽപി സ്‌കൂളിന് സമീപം കുന്നത്ത് കളപ്പുരയിൽ എൽദോസാണ് മരിച്ചത്. 34 വയസാണ് പ്രായം.

ഇംഗ്ലണ്ടിലെ ബെയിങ് സ്‌റ്റോക്കിലാണ് ദുരൂഹ സംഭവം. നഴ്‌സിംഗ് ജീവനക്കാരിയായ ഭാര്യയുടെ പരാതിയിയിലാണ് പൊലീസ് എൽദോസിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് മരണത്തിന് എന്താണ് കാരണമായതെന്ന് ദുരൂഹമായി തുടരുന്നു.

എൽദോസിൻ്റെ യുകെയിലുള്ള മാതൃസഹോദര ഭാര്യയും മകനും ഇതിനിടെ സ്‌റ്റേഷനിലെത്തി കണ്ടിരുന്നു. ഫോണും എടിഎം കാർഡും എൽദോസ് ഇവർക്ക് കൈമാറിയിരുന്നു. പിന്നാലെ യുകെയിൽ ബിസിനസ് ചെയ്യുന്ന ഇരുവരും പിറവത്തേക്ക് പോയി. ഇതിനുശേഷം ബർമിൻഹാമിൽ മാതൃസഹോദര ഭാര്യയും മകനും താമസിക്കുന്ന വീട്ടിൽ പൊലീസ് അന്വേഷിച്ച് എത്തിയിരുന്നതായും പറയുന്നു.

ഇതിനിടെ ഇക്കഴിഞ്ഞ 27ന് വൈകിട്ട് നാട്ടിലെ ഫോണിൽ വിളിച്ചു മരണം നടന്നുവെന്ന് അറിയിക്കുകയായിരുന്നു. ഓക്സ്ഫോർഡിൽ പോസ്‌റ്റുമോർട്ടത്തിന് ശേഷം മാത്രമേ യഥാർത്ഥ മരണ കാരണം വ്യക്‌തമാകൂ.

മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. നാട്ടിൽ നഴ്‌സിങ് പഠനം പൂർത്തിയാക്കിയതിന് ശേഷമാണ് എൽദോസ് യുകെയിൽ ജോലിക്കായി പോയത്. എൽദോസിൻ്റെ അപ്രതീക്ഷിത മരണത്തിൽ ബന്ധുക്കൾ അതീവ ദുഃഖത്തിലായി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.