...
Home News ഗൂഗിൾ പേയിലെ ‘പോക്കറ്റ് മണി’ ഫീച്ചർ തട്ടിപ്പോ? സത്യവസ്ഥ ഇങ്ങനെ; വ്യാജ പ്രചരണങ്ങളിൽ വീഴരുത്

ഗൂഗിൾ പേയിലെ ‘പോക്കറ്റ് മണി’ ഫീച്ചർ തട്ടിപ്പോ? സത്യവസ്ഥ ഇങ്ങനെ; വ്യാജ പ്രചരണങ്ങളിൽ വീഴരുത്

ഈ ഫീച്ചറിന്റെ ഐക്കണിൽ സ്പർശിക്കുന്നത് വഴി മാത്രം പണം നഷ്ടപ്പെടുമെന്ന പ്രചാരണം പൂർണ്ണമായും തെറ്റാണ്. പോക്കറ്റ് മണി ഐക്കണിൽ ആദ്യമായി ക്ലിക്ക് ചെയ്യുമ്പോൾ സെക്കൻഡറി യൂസറെ ചേർക്കാനുള്ള ഓപ്ഷനുകൾ മാത്രമാണ് കാണുക

182

യുപിഐ ഇടപാടുകളിൽ മുൻപന്തിയിലുള്ള ഗൂഗിൾ പേ അടുത്തിടെ അവതരിപ്പിച്ച ‘പോക്കറ്റ് മണി’ എന്ന പുതിയ ഫീച്ചറിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണങ്ങൾ ശക്തമാകുന്നു. ഈ സേവനം ഒരു വലിയ തട്ടിപ്പാണെന്നും ഇതിന്റെ ഐക്കണിൽ തൊട്ടാൽ ഉടൻ തന്നെ ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടമാകുമെന്നും മുന്നറിയിപ്പ് നൽകുന്ന ഒരു മലയാളം ശബ്ദ സന്ദേശമാണ് വാട്സാപ്പിൽ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ, ഇത്തരം സന്ദേശങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും ഇത് ഗൂഗിൾ പേയുടെ ഔദ്യോഗികമായ ഒരു സുരക്ഷിത സേവനമാണെന്നും വസ്തുതാന്വേഷണങ്ങൾ വ്യക്തമാക്കുന്നു.

യഥാർത്ഥത്തിൽ ബാങ്ക് അക്കൗണ്ടോ സ്വന്തമായി യുപിഐ ഐഡിയോ ഇല്ലാത്തവർക്കും ഡിജിറ്റൽ ഇടപാടുകൾ സാധ്യമാക്കുന്നതിനായാണ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ഭീം ആപ്പിൽ നേരത്തെ കൊണ്ടുവന്ന ‘യുപിഐ സർക്കിൾ ഫുൾ ഡെലിഗേഷൻ’ എന്ന സംവിധാനത്തെ അടിസ്ഥാനമാക്കിയാണ് ഗൂഗിൾ പേ ഇത് വികസിപ്പിച്ചത്. പ്രധാനമായും കുട്ടികൾക്ക് പഠന ആവശ്യങ്ങൾക്കായി പണം നൽകാനും, മറ്റ് ബന്ധുക്കൾക്കോ ജീവനക്കാർക്കോ ഓരോ തവണയും പണം ചോദിക്കാതെ തന്നെ ഇടപാടുകൾ നടത്താനും ഇതുവഴി സാധിക്കും.

ഈ സംവിധാനം പ്രധാനമായും രണ്ട് രീതിയിലാണ് പ്രവർത്തിക്കുന്നത്. ഒന്നാമത്തെ രീതിയിൽ ഉപയോക്താവിന് ഒരു നിശ്ചിത തുക (15,000 രൂപ വരെ) പരിധിയായി നിശ്ചയിച്ചു നൽകാം, അതിനുള്ളിൽ നിന്ന് ഓരോ തവണയും അനുമതിയില്ലാതെ തന്നെ പരമാവധി 5,000 രൂപ വരെ സെക്കൻഡറി യൂസർക്ക് കൈമാറാൻ കഴിയും. മറ്റൊരു രീതിയിൽ, ഓരോ തവണയും പണം നൽകുമ്പോൾ പ്രൈമറി ഉപയോക്താവിന്റെ ഫോണിലേക്ക് നോട്ടിഫിക്കേഷൻ വരികയും അത് അംഗീകരിച്ചാൽ മാത്രം പണം കൈമാറുകയും ചെയ്യുന്ന ‘അപ്രൂവൽ’ സംവിധാനവും ഇതിലുണ്ട്.

ഈ ഫീച്ചറിന്റെ ഐക്കണിൽ സ്പർശിക്കുന്നത് വഴി മാത്രം പണം നഷ്ടപ്പെടുമെന്ന പ്രചാരണം പൂർണ്ണമായും തെറ്റാണ്. പോക്കറ്റ് മണി ഐക്കണിൽ ആദ്യമായി ക്ലിക്ക് ചെയ്യുമ്പോൾ സെക്കൻഡറി യൂസറെ ചേർക്കാനുള്ള ഓപ്ഷനുകൾ മാത്രമാണ് കാണുക; ഈ നടപടിക്രമങ്ങൾ കൃത്യമായി പൂർത്തിയാക്കാതെ ആർക്കും പണം കൈമാറാൻ സാധിക്കില്ല. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളോടെ എൻപിസിഐയും ഗൂഗിൾ പേയും അവതരിപ്പിച്ച ഈ സേവനം തട്ടിപ്പല്ലെന്നും ഉപയോക്താക്കൾ ഭയപ്പെടേണ്ടതില്ലെന്നും ഉറവിടങ്ങൾ വ്യക്തമാക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.