...
Home News വാട്സാപ്പ് സ്വകാര്യത ഒരു കെട്ടുകഥയോ?; മെറ്റയ്ക്കെതിരെ അന്താരാഷ്ട്ര നിയമപോരാട്ടം

വാട്സാപ്പ് സ്വകാര്യത ഒരു കെട്ടുകഥയോ?; മെറ്റയ്ക്കെതിരെ അന്താരാഷ്ട്ര നിയമപോരാട്ടം

265

വാട്സാപ്പ് ഇല്ലാത്ത ഒരു സ്മാർട്ട്ഫോണിനെക്കുറിച്ച് ഇന്ന് നമുക്ക് ചിന്തിക്കാനാവില്ല. നമ്മുടെ സ്വകാര്യ സംഭാഷണങ്ങളും രഹസ്യങ്ങളും സുരക്ഷിതമാണെന്ന വിശ്വാസത്തിലാണ് നാം ഓരോ സന്ദേശവും അയക്കുന്നത്. എന്നാൽ, മെറ്റ നൽകുന്ന ഈ ‘സ്വകാര്യതാ ഉറപ്പുകൾ’ വെറും പൊള്ളയാണെന്ന വെളിപ്പെടുത്തൽ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട മെറ്റയുടെ അവകാശവാദങ്ങൾ തെറ്റാണെന്ന് ആരോപിച്ച് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വലിയൊരു നിയമപോരാട്ടം ആരംഭിച്ചിരിക്കുകയാണ്.

ഇന്ത്യ, ബ്രസീൽ, ഓസ്‌ട്രേലിയ, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളുടെ ഒരു അന്താരാഷ്ട്ര കൂട്ടായ്മയാണ് മെറ്റയുടെ അവകാശവാദങ്ങൾക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. സാൻഫ്രാൻസിസ്കോയിലെ യു.എസ്. ഡിസ്ട്രിക്ട് കോടതിയിൽ ഫയൽ ചെയ്ത ഈ ഹർജി പ്രകാരം, വാട്സാപ്പിലെ സുരക്ഷയെക്കുറിച്ച് വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ച് മെറ്റ ഉപഭോക്താക്കളെ കബളിപ്പിക്കുകയാണെന്നാണ് ആരോപണം. ബ്ലൂംബെർഗ് പുറത്തുവിട്ട ഈ വാർത്ത സാങ്കേതിക ലോകത്ത് വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

സന്ദേശങ്ങൾ അയക്കുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കും അല്ലാതെ മെറ്റയ്ക്കും വാട്സാപ്പിനും പോലും അത് കാണാൻ കഴിയില്ലെന്ന ‘എൻഡ് ടു എൻഡ് എൻക്രിപ്ഷൻ’ വാദമാണ് ഇവിടെ പ്രധാനമായും ചോദ്യം ചെയ്യപ്പെടുന്നത്. സിഗ്നൽ പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയാണ് ഈ സുരക്ഷയെന്ന് മെറ്റ അവകാശപ്പെടുമ്പോഴും, പ്രായോഗികമായി കമ്പനി ഈ വിവരങ്ങൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് ഹർജിയിൽ പറയുന്നു. ഉപഭോക്താക്കളുടെ സ്വകാര്യ ചാറ്റുകൾ പരിശോധിക്കാൻ കമ്പനി ജീവനക്കാർക്ക് സാധിക്കുമെന്ന ഗൗരവതരമായ ആരോപണവും ഹർജിയിലുണ്ട്.

അജ്ഞാതരായ ചില വിസിൽബ്ലോവർമാരുടെ (വിവരദാതാക്കൾ) വെളിപ്പെടുത്തലുകളെ അടിസ്ഥാനമാക്കിയാണ് ഈ കേസ് മുന്നോട്ട് നീങ്ങുന്നത്. ഒരു ക്ലാസ്-ആക്ഷൻ ഹർജിയായി ഇതിനെ പരിഗണിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. എന്നാൽ, ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് മെറ്റയുടെ നിലപാട്. കഴിഞ്ഞ പത്ത് വർഷമായി വാട്സാപ്പ് എൻക്രിപ്ഷൻ കൃത്യമായി പാലിക്കുന്നുണ്ടെന്നും, ഈ ഹർജി വെറും ‘കെട്ടുകഥ’ മാത്രമാണെന്നും മെറ്റ വക്താവ് ആൻഡി സ്റ്റോൺ വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാരുടെ അഭിഭാഷകർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.