ദില്ലി: വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിർമിക്കുന്നതിൽ നിന്ന് ഐഎസ്ആർഒ പൂർണമായി പിന്മാറുന്നു. ബിസിനസ് ടുഡേയുടെ ‘ഇന്ത്യ@100 ഇക്കോണമി സമ്മിറ്റി’ൽ സംസാരിക്കവെ ഇൻ- സ്പേസ് (IN-SPACe) ചെയർമാൻ ഡോ. പവൻ ഗോയങ്കയാണ് ഈ നിർണായക വിവരം പുറത്തുവിട്ടത്. ഐഎസ്ആർഒയെ സ്വകാര്യവത്കരിക്കുന്നതിൻ്റെ ഭാഗമായാണ് കേന്ദ്രസർക്കാർ ഈ സുപ്രധാന തീരുമാനമെടുത്തിരിക്കുന്നത്.
പുതിയ മാറ്റങ്ങൾ ഇങ്ങനെ
ഗവേഷണത്തിലും നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിലും മാത്രമായി ഐഎസ്ആർഒയുടെ പ്രവർത്തനം ഇതോടെ ചുരുങ്ങും. ഉത്പാദന മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ പൂർണമായും സ്വകാര്യ വ്യവസായ മേഖലയ്ക്ക് കൈമാറാനാണ് തീരുമാനം.
ഇതിൻ്റെ ആദ്യഘട്ടമെന്ന നിലയിൽ, ലേല പ്രക്രിയ പൂർത്തിയാക്കി സ്മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്.എസ്.എൽ.വി) സാങ്കേതികവിദ്യയും ഉത്പാദന അവകാശവും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന് (എച്ച്.എ.എൽ) കൈമാറിയിട്ടുണ്ട്.
രണ്ടാം ഘട്ടത്തിൽ റോക്കറ്റുകളുടെ നിർമ്മാണവും കൈമാറും
രണ്ടാം ഘട്ടത്തിൽ ഇന്ത്യയുടെ വിശ്വസ്ത റോക്കറ്റുകളായ പി.എസ്.എൽ.വി (PSLV), എൽവിഎം3 (LVM3) എന്നിവയുടെ ഉത്പാദന ചുമതലയും സ്വകാര്യ മേഖലയ്ക്ക് കൈമാറാനാണ് പദ്ധതി. എസ്.എസ്.എൽ.വി കൈമാറ്റം പോലെ പൊതുമേഖലാ കമ്പനികൾക്ക് ഇനിയുള്ള നടപടികളിൽ പങ്കെടുക്കാൻ അനുവാദമുണ്ടായിരിക്കില്ല. പി.എസ്.എൽ.വി, എൽ.വി.എം3 എന്നിവയുടെ ഉത്പാദനത്തിൻ്റെ പൂർണ്ണാധികാരം സ്വകാര്യ മേഖലയ്ക്കായിരിക്കും.
ലക്ഷ്യം ബഹിരാകാശ സമ്പദ്‌വ്യവസ്ഥ
ശാസ്ത്രീയ പര്യവേഷണങ്ങൾ, പ്രത്യേക വൈദഗ്ധ്യമുള്ള ഉപഗ്രഹങ്ങൾ, അത്യാധുനിക സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലായിരിക്കും ഇനി ഐഎസ്ആർഒ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതിന്റെ ഭാഗമായി ഇതിനകം 120-ലധികം സാങ്കേതികവിദ്യകൾ സ്വകാര്യ മേഖലയ്ക്ക് കൈമാറിക്കഴിഞ്ഞതായി പവൻ ഗോയങ്ക വ്യക്തമാക്കി.
കൂടാതെ, ഒരു പുതിയ വിക്ഷേപണ കേന്ദ്രത്തിൻ്റെ പ്രവർത്തനം സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്. അടുത്ത നാലോ അഞ്ചോ മാസത്തിനുള്ളിൽ ഇതിനായുള്ള ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കും.
2033-ഓടെ ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ നിലവിലുള്ള 8 ബില്യൺ ഡോളറിൽ നിന്ന് 44 ബില്യൺ ഡോളറായി ഉയർത്തുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി പ്രതിരോധ വകുപ്പ് ഇതിനകം സ്വകാര്യ കമ്പനികൾക്ക് 31 ഉപഗ്രഹങ്ങളുടെ നിർമ്മാണ ഓർഡർ നൽകിയിട്ടുണ്ട്. ഈ പദ്ധതിയുടെ കീഴിൽ ബാക്കി വരുന്ന 21 ഉപഗ്രഹങ്ങൾ ഐഎസ്ആർഒയും നിർമിക്കും.


