...
Home Health മെലിഞ്ഞിരുന്നാൽ മാത്രം പോരാ; ‘മെലിഞ്ഞവരിലും’ ഒളിഞ്ഞിരിക്കുന്ന ഈ അഞ്ച് ആരോഗ്യ ഭീഷണികൾ തിരിച്ചറിയണം

മെലിഞ്ഞിരുന്നാൽ മാത്രം പോരാ; ‘മെലിഞ്ഞവരിലും’ ഒളിഞ്ഞിരിക്കുന്ന ഈ അഞ്ച് ആരോഗ്യ ഭീഷണികൾ തിരിച്ചറിയണം

കൃത്യമായ വ്യായാമമില്ലാത്തത് മൂലം പേശികളുടെ കരുത്ത് നഷ്ടപ്പെടുകയും അവ ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥയും മെലിഞ്ഞവരിൽ കണ്ടുവരുന്നു.

177

വണ്ണമുള്ളവർ നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾ സാധാരണയായി ചർച്ച ചെയ്യപ്പെടാറുണ്ടെങ്കിലും, മെലിഞ്ഞിരിക്കുന്നതാണ് ആരോഗ്യത്തിന്റെ ഏക ലക്ഷണമെന്ന് കരുതുന്നത് തെറ്റാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ലണ്ടനിൽ നിന്നുള്ള ഡോ. സുമിത് ശർമ എക്സിൽ (X) പങ്കുവെച്ച പോസ്റ്റിലൂടെയാണ്, പുറമെ മെലിഞ്ഞു കാണപ്പെടുന്നവരിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒളിഞ്ഞിരിപ്പുണ്ടാകാമെന്ന് വ്യക്തമാക്കിയത്. മെലിഞ്ഞവരിലും വിസറൽ ഫാറ്റ്, ഇൻഫ്ലമേഷൻ, ഇൻസുലിൻ പ്രതിരോധം, പേശീക്ഷയം, മെറ്റബോളിസം തകരാറിലാവുക തുടങ്ങിയ അഞ്ച് പ്രധാന വെല്ലുവിളികൾ ഉണ്ടാകാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പുറമെ നിന്ന് നോക്കുമ്പോൾ മെലിഞ്ഞവരാണെങ്കിലും അടിവയറിൽ സുപ്രധാന അവയവങ്ങൾക്ക് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്ന വിസറൽ ഫാറ്റ് (Visceral Fat) എന്ന അവസ്ഥ ഇത്തരക്കാരിൽ കണ്ടേക്കാം. ഇത് പലപ്പോഴും പുറമെ അറിയാൻ സാധിക്കില്ലെങ്കിലും പ്രമേഹം, ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ പല ഗുരുതരമായ അവസ്ഥകളിലേക്കും നയിക്കാൻ കാരണമാകുന്നു. അതുകൊണ്ട് തന്നെ ശരീരഭാരം കുറവായിരിക്കുന്നത് കൊണ്ടുമാത്രം ഒരാൾ പൂർണ്ണ ആരോഗ്യവാനാണെന്ന് ഉറപ്പിക്കാനാവില്ല.

ശരീരത്തിലെ മറ്റൊരു പ്രധാന വെല്ലുവിളിയാണ് വിട്ടുമാറാത്ത ഇൻഫ്ലമേഷൻ അഥവാ വീക്കം. അണുബാധയിൽ നിന്നും മുറിവുകളിൽ നിന്നും സംരക്ഷിക്കാനുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനമാണിതെങ്കിലും, ദീർഘകാലം നീണ്ടുനിൽക്കുന്ന വീക്കം ആർത്രൈറ്റിസ്, കാൻസർ, ഹൃദ്രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും. ഇതിനുപുറമെ, ഇൻസുലിനോട് ശരീരം ശരിയായി പ്രതികരിക്കാത്ത ഇൻസുലിൻ പ്രതിരോധം (Insulin Resistance) ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിക്കാൻ വലിയ സാധ്യതയുണ്ടെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.

കൃത്യമായ വ്യായാമമില്ലാത്തത് മൂലം പേശികളുടെ കരുത്ത് നഷ്ടപ്പെടുകയും അവ ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥയും മെലിഞ്ഞവരിൽ കണ്ടുവരുന്നു. ഉപാപചയ ആരോഗ്യം അഥവാ മെറ്റബോളിക് ഹെൽത്ത് മോശമാകുന്നത് ഉയർന്ന കൊളസ്ട്രോൾ, ഫാറ്റി ലിവർ, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇൻസുലിൻ പ്രതിരോധവും അടിവയറിലെ കൊഴുപ്പും ചേരുന്നത് ഈ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കാൻ ഇടയാക്കുന്നു.

ശരീരത്തിന്റെ ബാഹ്യരൂപം മാത്രം നോക്കി ആരോഗ്യം വിലയിരുത്തുന്നത് തികച്ചും അപകടകരമാണ്. മെലിഞ്ഞിരിക്കുന്നതിലുപരി മുകളിൽ പറഞ്ഞ അഞ്ച് ശാരീരിക ഘടകങ്ങൾ കൂടി കൃത്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഒരാൾക്ക് ആരോഗ്യകരമായ ശരീരം ഉണ്ടെന്ന് കണക്കാക്കാനാവൂ. അതിനാൽ മെലിഞ്ഞിരിക്കുന്നവരും തങ്ങളുടെ മെറ്റബോളിക് ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് ഡോക്ടർ ഓർമ്മിപ്പിക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.