...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News ചരിത്രം കുറിച്ചു ജോബി ഏവിയേഷൻ: പൈലറ്റില്ലാതെ 3,199 മൈൽ സ്വയം പറന്ന് യാത്രാവിമാനം; വ്യോമയാന മേഖലയിൽ...

ചരിത്രം കുറിച്ചു ജോബി ഏവിയേഷൻ: പൈലറ്റില്ലാതെ 3,199 മൈൽ സ്വയം പറന്ന് യാത്രാവിമാനം; വ്യോമയാന മേഖലയിൽ പുതിയ യുഗം

സാധാരണ ഡ്രോണുകളെയോ ആളില്ലാ വിമാനങ്ങളെയോ പോലെ ദൂരെനിന്ന് റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കുന്ന സംവിധാനമല്ല ഈ വിമാനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. റൺവേയിലൂടെയുള്ള ടാക്സിങ് മുതൽ ടേക്ക്ഓഫ്, ലാൻഡിങ് വരെയുള്ള എല്ലാ ഘട്ടങ്ങളിലും ചുറ്റുമുള്ള സാഹചര്യങ്ങൾ സ്വയം തിരിച്ചറിഞ്ഞ് തീരുമാനങ്ങളെടുക്കാനും യാത്ര നിയന്ത്രിക്കാനും ഇതിന് കഴിയും.

5

അമേരിക്കയിൽ ചരിത്രത്തിലാദ്യമായി പൈലറ്റില്ലാതെ സ്വയം പറക്കുന്ന യാത്രാവിമാനം (സെൽഫ് ഫ്‌ളൈയിങ് എയർപ്ലെയ്ൻ) 3,199 മൈൽ (4,988.97 കിലോമീറ്റർ) വിജയകരമായി സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ചു. പ്രമുഖ എയ്‌റോസ്പേസ് കമ്പനിയായ ജോബി ഏവിയേഷൻ (Joby Aviation) വികസിപ്പിച്ചെടുത്ത ഓട്ടോണമസ് ഫ്ലൈറ്റ് സാങ്കേതികവിദ്യ ഘടിപ്പിച്ച സിംഗിൾ എൻജിൻ സെസ്ന 208ബി ഗ്രാൻഡ് കാരവൻ വിമാനമാണ് ഈ ഭൂഖണ്ഡാന്തര പരീക്ഷണപ്പറക്കൽ പൂർത്തിയാക്കിയത്. മനുഷ്യ പൈലറ്റിന്റെ സഹായമില്ലാതെ യാത്ര വിജയകരമായി പൂർത്തിയാക്കിയതിലൂടെ വ്യോമയാന രംഗത്ത് വൻ സാങ്കേതിക മുന്നേറ്റത്തിനാണ് വഴിതുറന്നിരിക്കുന്നത്.

സാധാരണ ഡ്രോണുകളെയോ ആളില്ലാ വിമാനങ്ങളെയോ പോലെ ദൂരെനിന്ന് റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കുന്ന സംവിധാനമല്ല ഈ വിമാനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. റൺവേയിലൂടെയുള്ള ടാക്സിങ് മുതൽ ടേക്ക്ഓഫ്, ലാൻഡിങ് വരെയുള്ള എല്ലാ ഘട്ടങ്ങളിലും ചുറ്റുമുള്ള സാഹചര്യങ്ങൾ സ്വയം തിരിച്ചറിഞ്ഞ് തീരുമാനങ്ങളെടുക്കാനും യാത്ര നിയന്ത്രിക്കാനും ഇതിന് കഴിയും. സെപ്റ്റംബർ 7-ന് കാലിഫോർണിയയിലെ കോൺകോർഡിൽ നിന്ന് പുറപ്പെട്ട വിമാനം നോർത്ത് കരോലിനയിലെ ഔട്ടർ ബാങ്ക്സ് വരെ വിവിധ ഘട്ടങ്ങളായാണ് യാത്ര നടത്തിയത്. പരീക്ഷണത്തിനിടെ പല പ്രദേശങ്ങളിലെ വിമാനത്താവളങ്ങളിലും എയർഫോഴ്സ് ബേസുകളിലും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.

യാത്രയുടെ ഭാഗമായി ടെക്സസിലെ ഫോർത്ത് വർത്തിലുള്ള അലയൻസ് വിമാനത്താവളത്തിലും സൗത്ത് കരോലിനയിലെ ഷാ എയർഫോഴ്സ് ബേസിലും വിമാനം ഇറങ്ങിയിരുന്നു. കൂടാതെ, ഫീനിക്സ് ഡീർ വാലി പോലെയുള്ള സാന്ദ്രതയേറിയതും തിരക്കേറിയതുമായ ജനറൽ ഏവിയേഷൻ വിമാനത്താവളങ്ങളുടെ വ്യോമാതിർത്തിയിലൂടെയും വിമാനം വിജയകരമായി കടന്നുപോയി. 1903-ൽ വിൽബർ റൈറ്റും ഓർവിൽ റൈറ്റും ചേർന്ന് ചരിത്രത്തിലെ ആദ്യ പറക്കൽ നടത്തിയ നോർത്ത് കരോലിനയിലെ കിറ്റി ഹോക്കിലുള്ള റൈറ്റ്ബ്രദേഴ്സ് നാഷണൽ മെമ്മോറിയലിന് മുകളിലൂടെ പറന്നുകൊണ്ടാണ് ഈ വിമാനം അതിന്റെ സുപ്രധാന യാത്ര മുന്നോട്ട് കൊണ്ടുപോയത്.

പുതിയ ഇലക്ട്രിക് വിമാനങ്ങൾക്ക് സർക്കാരിന്റെ ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കാൻ തങ്ങളുടെ ‘J208’ സോഫ്റ്റ്‌വെയർ സാധാരണ സെസ്ന 208ബി ഗ്രാൻഡ് കാരവൻ വിമാനത്തിൽ ഘടിപ്പിക്കുകയായിരുന്നു. സാധാരണ വിമാനങ്ങളിലും പൈലറ്റില്ലാ സാങ്കേതികവിദ്യ വിജയകരമായി പ്രവർത്തിപ്പിക്കാനാകുമെന്ന് തെളിയിച്ച ഈ പരീക്ഷണത്തിന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ (FAA) പ്രത്യേക അനുമതിയും ലഭിച്ചിരുന്നു. പ്രധാന ഫ്ലൈറ്റ് കൺട്രോൾ സംവിധാനങ്ങൾക്ക് പുറമേ റഡാർ, ക്യാമറകൾ, ലിഡാർ (LiDAR), തടസ്സങ്ങൾ സ്വയം മറികടന്ന് പറക്കാനുള്ള സോഫ്റ്റ്‌വെയർ, തത്സമയ കാലാവസ്ഥാ നിരീക്ഷണ സംവിധാനം എന്നിവയും ഈ വിമാനത്തിൽ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു.

വാഷിങ്ണ ഡി.സി., കെന്റക്കി, കൻസസ്, ഒക്ലഹോമ, യൂട്ടാ, ഒറിഗോൺ എന്നീ സംസ്ഥാനങ്ങളിലൂടെയുള്ള യാത്രകൾക്ക് ശേഷം കാലിഫോർണിയയിലേക്കുള്ള മടക്കയാത്രയ്ക്ക് സജ്ജമാവുകയാണ് ഈ വിമാനം. സാധാരണ വ്യാവസായിക വ്യോമയാന മേഖലയിൽ പൈലറ്റില്ലാ യാത്രാവിമാനങ്ങൾ യഥാർത്ഥ്യമാക്കുന്നതിൽ ഈ പരീക്ഷണപ്പറക്കൽ സുപ്രധാന ചുവടുവെപ്പായി മാറും. സെൽഫ് ഫ്ലൈയിങ് സാങ്കേതികവിദ്യ കൂടുതൽ വികസിക്കുന്നതോടെ ഭാവിയിലെ വിമാന യാത്രകളുടെ സുരക്ഷയിലും കാര്യക്ഷമതയിലും വലിയ മാറ്റങ്ങൾ കൈവരിക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.