ഫെയർനെസ് ക്രീം ഉപയോഗത്തെ തുടർന്ന് ഗുരുതര വൃക്കരോഗം ബാധിച്ചെന്ന പരാതിയിൽ നിയമ പോരാട്ടത്തിനൊരുങ്ങി 17കാരി. എഫ് ട്യൂൺ (Ftune) ഫെയർനെസ് ക്രീമാണ് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് പെൺകുട്ടിയുടെ ആരോപണം. ക്രീമിന്റെ സാമ്പിൾ ഇതിനകം പൊലീസിന് കൈമാറിയിട്ടുണ്ടെന്നും സംഭവത്തിൽ ഉപഭോക്തൃ കോടതിയെ സമീപിച്ച് നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും പെൺകുട്ടി വ്യക്തമാക്കി.
നിലവിൽ എഫ് ട്യൂൺ ക്രീം ഉപയോഗിക്കുന്നവർ അത് ഉടൻ നിർത്തണമെന്നും സമാനമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ വിവരം വീട്ടുകാരെ അറിയിക്കണമെന്നും പെൺകുട്ടി മുന്നറിയിപ്പ് നൽകി. താൻ നേരിട്ട ദുരനുഭവം മറ്റുള്ളവർക്ക് ഉണ്ടാകരുതെന്ന ഉദ്ദേശ്യത്തോടെയാണ് ഇക്കാര്യം തുറന്നു പറയുന്നതെന്നും പറഞ്ഞു.
ക്ലാസിലെ നിരവധി കുട്ടികൾ ഈ ക്രീം ഉപയോഗിക്കുന്നുണ്ടെന്നും ഉൽപ്പന്നത്തിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ മോശം കമന്റുകൾ നേരിടേണ്ടി വരുന്നുണ്ടെന്നും പെൺകുട്ടി വെളിപ്പെടുത്തി.
മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടാൻ തുടങ്ങിയതോടെയാണ് ആരോഗ്യ പ്രശ്നത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞത്. ക്രീം ഉപയോഗിക്കുന്ന ചിലർ ക്ഷീണം അനുഭവിക്കുന്നതായി പറയുന്നുണ്ടെന്നും പെൺകുട്ടി ചൂണ്ടിക്കാട്ടി. രോഗം പ്രാരംഭഘട്ടത്തിൽ കണ്ടെത്താനായതിനാലാണ് ഗുരുതരമായ പ്രത്യാഘാതങ്ങളിൽ നിന്ന് രക്ഷപ്പെടാനായതെന്നാണ് വിലയിരുത്തൽ. എന്നാൽ ചർമത്തിന് ഇതിനകം കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും തുടർചികിത്സ ആവശ്യമാണെന്നും പെൺകുട്ടി പറഞ്ഞു.
മെർക്കുറി സാന്നിധ്യം; വൃക്കയുടെ അരിപ്പയ്ക്ക് തകരാർ
തുടർച്ചയായ ഫെയർനെസ് ക്രീം ഉപയോഗത്തെ തുടർന്ന് 17-കാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ചതായി കഴിഞ്ഞ ദിവസമാണ് പരാതി പുറത്തുവന്നത്. ക്രീമിലെ അമിതമായ മെർക്കുറി സാന്നിധ്യമാണ് രോഗത്തിന് കാരണമായതെന്നാണ് പ്രാഥമിക കണ്ടെത്തൽ.
മലപ്പുറം അരീക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടർമാരാണ് പെൺകുട്ടിക്ക് മെംബ്രനസ് നെഫ്രോപ്പതി (Membranous Nephropathy) എന്ന വൃക്കരോഗം കണ്ടെത്തിയത്. വൃക്കയിലെ അരിപ്പയുടെ പ്രവർത്തനത്തെ ബാധിക്കുകയും ശരീരത്തിൽ നിന്ന് മൂത്രത്തിലൂടെ അമിതമായി പ്രോട്ടീൻ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്.
വിദഗ്ധ ചികിത്സയിലൂടെ പെൺകുട്ടി നിലവിൽ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ഓൺലൈൻ വഴിയാണ് പെൺകുട്ടി ക്രീം വാങ്ങിയിരുന്നത്.
വ്യാജ സൗന്ദര്യവർധക വസ്തുക്കൾ; പരിശോധന ശക്തമാക്കി
സംഭവത്തിന് പിന്നാലെ ഡ്രഗ് കൺട്രോൾ വിഭാഗം ‘ഓപ്പറേഷൻ സൗന്ദര്യ’ എന്ന പേരിൽ വ്യാപക പരിശോധന ആരംഭിച്ചിരുന്നു. വിപണിയിൽ വിൽക്കുന്ന സൗന്ദര്യവർധക ഉൽപ്പന്നങ്ങളിൽ അനുവദനീയമായതിലും ഉയർന്ന അളവിൽ മെർക്കുറി ഉൾപ്പെടെയുള്ള വിഷാംശങ്ങൾ കണ്ടെത്തുന്ന സംഭവങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പേരും വിലാസവും കൃത്യമായ വിവരങ്ങളുമില്ലാത്ത വ്യാജ ഫെയർനെസ് ക്രീമുകൾ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും വ്യാപകമായി വിൽക്കുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
ഫെയർനെസ് ക്രീമുകൾ വാങ്ങുമ്പോൾ അവയുടെ ചേരുവകൾ, നിർമ്മാതാവിന്റെ വിവരങ്ങൾ, അംഗീകാരം എന്നിവ പരിശോധിക്കേണ്ടതിന്റെ ആവശ്യകതയും ഈ സംഭവം വീണ്ടും ഓർമിപ്പിക്കുന്നു. സംശയാസ്പദമായ ഉൽപ്പന്നങ്ങളുടെ ഉപയോഗം ഒഴിവാക്കണമെന്നും ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും വിദഗ്ധർ നിർദേശിക്കുന്നു.


