...
Home News വക്കീലന്മാരുടെ ജോലി ഇനി എളുപ്പമാകും; പുത്തൻ പ്ലഗിനുകളുമായി ‘ക്ലോഡ് എഐ’

വക്കീലന്മാരുടെ ജോലി ഇനി എളുപ്പമാകും; പുത്തൻ പ്ലഗിനുകളുമായി ‘ക്ലോഡ് എഐ’

'ക്ലോഡ് ഫോർ ലീഗൽ' എന്ന സേവനത്തിൻ്റെ തുടർച്ചയായാണ് ഈ പുതിയ പ്ലഗിനുകൾ

125

എഐ സ്റ്റാർട്ടപ്പായ ആന്ത്രോപിക് (Anthropic), അഭിഭാഷകർക്കും നിയമ വിദ്യാർഥികൾക്കും നിയമ സ്ഥാപനങ്ങൾക്കുമായി പ്രത്യേക പ്ലഗിനുകൾ അവതരിപ്പിച്ചു. നിർമിത ബുദ്ധി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കം. ഇതോടെ ആന്ത്രോപിക്കിൻ്റെ എഐ മോഡലായ ക്ലോഡിന് (Claude) നിയമപരമായ ജോലികൾ കൂടുതൽ കാര്യക്ഷമമായും കൃത്യമായും ചെയ്യാൻ സാധിക്കും.

ഈ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച ‘ക്ലോഡ് ഫോർ ലീഗൽ’ എന്ന സേവനത്തിൻ്റെ തുടർച്ചയായാണ് ഈ പുതിയ പ്ലഗിനുകൾ പുറത്തിറക്കിയിരിക്കുന്നത്.

നിയമപരമായ വിവരങ്ങൾ തിരയുക, കരാറുകൾ തയ്യാറാക്കുക, വലിയ ഡോക്യുമെന്റുകൾ പരിശോധിക്കുക തുടങ്ങിയ ജോലികൾ ക്ലോഡ് എഐ ഉപയോഗിച്ച് ഇനി വേഗത്തിൽ പൂർത്തിയാക്കാം. ഇതിനായി കൊമേഴ്സ്യൽ കൗൺസൽ, എംപ്ലോയ്മെന്റ് കൗൺസൽ, ലിറ്റിഗേഷൻ അസോസിയേറ്റ്, “ലോ സ്റ്റുഡന്റ്” തുടങ്ങിയ വൈവിധ്യമാർന്ന ടൂളുകൾ ഈ പ്ലഗിനുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വെണ്ടർ എഗ്രിമെന്റുകൾ പരിശോധിക്കാനും നോൺ- ഡിസ്ക്ലോഷർ എഗ്രിമെന്റുകൾ (NDA) സ്വയം തരംതിരിക്കാനുമുള്ള പ്രത്യേക സൗകര്യവും ഇതിലുണ്ട്.

അഭിഭാഷകർ നിലവിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഡിജിറ്റൽ സംവിധാനങ്ങളിൽ തന്നെ ക്ലോഡ് എഐ നേരിട്ട് ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഇത് രൂപകല്പന ചെയ്‌തിരിക്കുന്നത്. DocuSign, Box, Everlaw, Thomson Reuters തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകളുമായി ക്ലോഡിനെ നേരിട്ട് ബന്ധിപ്പിക്കാൻ സാധിക്കും. സോഫ്റ്റ്‌വേർ ഡെവലപ്പർമാർ കഴിഞ്ഞാൽ നിയമരംഗത്തെ പ്രൊഫഷണലുകളാണ് ക്ലോഡ് എഐ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതെന്ന് ആന്ത്രോപിക്കിൻ്റെ അസോസിയേറ്റ് ജനറൽ കൗൺസൽ മാർക്ക് പൈക്ക് വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ അഭിഭാഷകനാകാൻ ഈ സാങ്കേതിക വിദ്യക്ക് കഴിയുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ടെങ്കിലും, ഇതിൻ്റെ സുരക്ഷയെയും കൃത്യതയെയും സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്നുണ്ട്.

കാലിഫോർണിയയിൽ മുമ്പ് ചാറ്റ്ജിപിടി ഉപയോഗിച്ച് തെറ്റായ വിവരങ്ങൾ കോടതിയിൽ നൽകിയ അഭിഭാഷകന് പിഴ ചുമത്തിയ സംഭവം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവിൽ പണം നൽകി ക്ലോഡ് എഐ സേവനങ്ങൾ ഉപയോഗിക്കുന്നവർക്കും ഗിറ്റ്ഹബ്ബിലെ (GitHub) ഡെവലപ്പർമാർക്കും ഈ പുതിയ ഫീച്ചറുകൾ ലഭ്യമാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.