കോവിഡ്-19 മഹാമാരിയുടെ ദീർഘകാല പ്രത്യാഘാതങ്ങൾ ഇപ്പോഴും രോഗികളിൽ തുടരുന്നതായി ബിഹാറിലെ ഭഗൽപൂരിലെ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജ് ആശുപത്രി (JLNMCH) നടത്തിയ പഠനം. കഴിഞ്ഞ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തിനിടെ ആശുപത്രിയിലെത്തിയ 4,800 രോഗികളെ വിലയിരുത്തിയപ്പോഴാണ് ലോങ് കോവിഡ് ലക്ഷണങ്ങൾ ഗണ്യമായ തോതിൽ കണ്ടെത്തിയതെന്ന് മെഡിസിൻ വിഭാഗം മേധാവി ഡോ. രാജ്‌കമൽ ചൗധരി അറിയിച്ചു.
പഠനമനുസരിച്ച്, ഗുരുതരാവസ്ഥയിലായിരുന്ന 1,000-ത്തിലധികം രോഗികളിൽ ലോങ് കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തി. ചില രോഗികളിൽ കോവിഡ് വൈറസിൻ്റെ അവശിഷ്ടങ്ങൾ ശരീരത്തിലെ ചില കലകളിൽ നിലനിൽക്കാൻ സാധ്യതയുണ്ടെന്നും, ഇതാണ് രോഗമുക്തിക്ക് ശേഷവും ചില ആരോഗ്യപ്രശ്നങ്ങൾ തുടരാൻ കാരണമാകുന്നതെന്നുമാണ് ഗവേഷകസംഘത്തിൻ്റെ വിലയിരുത്തൽ.
ഹൃദയം, ശ്വാസകോശം, വയറിലെ പാളി, സുഷ്‌മന നാഡിക്ക് ചുറ്റുമുള്ള കലകൾ എന്നിവിടങ്ങളിൽ വൈറസിൻ്റെ അവശിഷ്ടങ്ങൾ നിലനിൽക്കാമെന്നാണ് പഠനത്തിൽ പറയുന്നത്. ഇതുമൂലം ചിലർക്ക് ദീർഘകാലം ക്ഷീണം, പനി, ശരീരവേദന, കാലുകളിൽ മരവിപ്പ്, നാഡീവ്യൂഹ സംബന്ധമായ അസ്വസ്ഥതകൾ തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നു.
വാക്സിൻ സ്വീകരിച്ചവരിലും സ്വീകരിക്കാത്തവരിലും ലോങ് കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതായി പഠനം ചൂണ്ടിക്കാട്ടുന്നു. എന്നാൽ വാക്സിൻ ഫലപ്രദമല്ലെന്ന നിഗമനത്തിലേക്ക് ഈ കണ്ടെത്തലുകൾ നയിക്കുന്നില്ലെന്നും, ഗുരുതര രോഗവും മരണവും തടയുന്നതിൽ വാക്സിനുകളുടെ പങ്ക് നിർണായകമാണെന്നും ആരോഗ്യ വിദഗ്‌ദർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
ലോങ് കോവിഡ് ബാധിച്ചവരിൽ സാധാരണ മരുന്നുകളും ആന്റിബയോട്ടിക്കുകളും എല്ലായ്പ്പോഴും ഫലപ്രദമാകണമെന്നില്ലെന്നും, രോഗമുക്തിക്ക് കൂടുതൽ സമയം വേണ്ടിവരുന്ന സാഹചര്യങ്ങൾ ഉണ്ടാകാമെന്നും ഡോ. രാജ്‌കമൽ ചൗധരി പറഞ്ഞു. ശരീരത്തിൽ അവശേഷിക്കുന്ന വൈറസ് ഘടകങ്ങളെ പൂർണമായും ഇല്ലാതാക്കുന്ന പ്രത്യേക ചികിത്സ നിലവിൽ ലഭ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2023ൽ ആരംഭിച്ച ഗവേഷണത്തിൻ്റെ തുടർച്ചയായാണ് ഈ പഠനം നടത്തിയതെന്ന് ഡോ. രാജ്‌കമൽ ചൗധരി പറഞ്ഞു. ലോങ് കോവിഡ് രോഗികളെ തിരിച്ചറിയുന്നതിനും ദീർഘകാല പ്രത്യാഘാതങ്ങളെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തുന്നതിനുമായി രാജ്യത്തെ വിവിധ ആശുപത്രികളിൽ സമാന ഗവേഷണങ്ങൾ ആരംഭിക്കണമെന്നും, ആവശ്യമായാൽ ബൂസ്റ്റർ വാക്സിനേഷൻ സംബന്ധിച്ച നയം പുനഃപരിശോധിക്കണമെന്നും അദ്ദേഹം കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചു.


