...
Home News ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യൻ: ആർട്ടെമിസ് 2 ചരിത്രപരമായ യാത്രയ്ക്ക് ഒരുങ്ങുന്നു

ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യൻ: ആർട്ടെമിസ് 2 ചരിത്രപരമായ യാത്രയ്ക്ക് ഒരുങ്ങുന്നു

അതിസങ്കീർണ്ണമായ ഈ ദൗത്യത്തിനായി ലോകത്തിലെ ഏറ്റവും ശക്തമായ എസ്എൽഎസ് (SLS) റോക്കറ്റാണ് വിക്ഷേപണ വാഹനമായി ഉപയോഗിക്കുന്നത്. ഏകദേശം 5000 കോടി ഡോളർ ചെലവഴിച്ചാണ് ഈ ദൗത്യം ഒരുക്കിയിരിക്കുന്നത്.

263

അരനൂറ്റാണ്ടിന്റെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് മനുഷ്യൻ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കുതിക്കാൻ തയ്യാറെടുക്കുന്നു. 1972-ന് ശേഷം ആദ്യമായി മനുഷ്യർ ചന്ദ്രന്റെ അരികിലെത്തുന്ന ഈ നിമിഷം ശാസ്ത്രലോകം ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ആർട്ടെമിസ് ദൗത്യത്തിലെ ഏറ്റവും നിർണ്ണായകമായ ഘട്ടമായ ‘ആർട്ടെമിസ് 2’ ലൂടെയാണ് ഈ ചാന്ദ്രയാത്ര.

പത്ത് ദിവസം, നാല് സഞ്ചാരികൾ, ഒരു വലിയ ലക്ഷ്യം

മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആർട്ടെമിസ് ദൗത്യത്തിലെ ആദ്യ വിക്ഷേപണമായ ആർട്ടെമിസ് 2 വരാനിരിക്കുന്ന ഫെബ്രുവരിയിൽ നടന്നേക്കും. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഈ ദൗത്യത്തിൽ നാല് സഞ്ചാരികളാണ് ചരിത്രത്തിന്റെ ഭാഗമാകുന്നത്. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച് എന്നിവർക്കൊപ്പം കനേഡിയൻ സ്‌പേസ് ഏജൻസിയുടെ ജെറെമി ഹാൻസെനും ഈ സംഘത്തിലുണ്ടാകും. ഓറിയോൺ പേടകത്തിൽ ചന്ദ്രനെ വലം വെച്ച് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങിവരിക എന്നതാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം.

സാങ്കേതിക മികവും വൻ നിക്ഷേപവും

അതിസങ്കീർണ്ണമായ ഈ ദൗത്യത്തിനായി ലോകത്തിലെ ഏറ്റവും ശക്തമായ എസ്എൽഎസ് (SLS) റോക്കറ്റാണ് വിക്ഷേപണ വാഹനമായി ഉപയോഗിക്കുന്നത്. ഏകദേശം 5000 കോടി ഡോളർ ചെലവഴിച്ചാണ് ഈ ദൗത്യം ഒരുക്കിയിരിക്കുന്നത്. 2022-ൽ നടന്ന ആർട്ടെമിസ് 1 ദൗത്യത്തിന് ശേഷം, ഓറിയോൺ പേടകത്തിൽ മനുഷ്യർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് ആർട്ടെമിസ് 2 തയ്യാറാക്കിയിരിക്കുന്നത്. പേടകത്തിന്റെ കാര്യക്ഷമതയും മനുഷ്യർക്ക് അതിൽ എത്രത്തോളം സുരക്ഷിതമായി യാത്ര ചെയ്യാമെന്ന പരീക്ഷണവുമാണ് ഇതിലൂടെ നടക്കുന്നത്.

വെറുമൊരു സന്ദർശനം എന്നതിലുപരി, ചന്ദ്രനിൽ മനുഷ്യരുടെ സ്ഥിര സാന്നിധ്യം ഉറപ്പാക്കുന്നതിനുള്ള ഒരു താവളം സ്ഥാപിക്കുക എന്ന വലിയ ലക്ഷ്യമാണ് നാസയ്ക്കുള്ളത്. ഇതിന്റെ ഭാഗമായി ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിരവധി തവണ ഡ്രസ് റിഹേഴ്‌സലുകൾ ദൗത്യസംഘം പൂർത്തിയാക്കി കഴിഞ്ഞു. എങ്കിലും, ബഹിരാകാശ യാത്രകളിൽ അപകടസാധ്യതകൾ ഏറെയാണ്. ഓറിയോൺ പേടകത്തിന്റെ ആദ്യ മനുഷ്യ പരീക്ഷണമായതിനാൽ, യാത്രയ്ക്കിടെ എന്തെങ്കിലും തരത്തിലുള്ള സാങ്കേതിക തകരാറുകൾ നേരിട്ടാൽ ദൗത്യം ഉപേക്ഷിച്ച് സഞ്ചാരികളെ സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പൂർത്തിയാക്കിയാൽ, അത് അടുത്ത ഘട്ടമായ ആർട്ടെമിസ് 3-ലേക്കുള്ള വലിയൊരു ചുവടുവെപ്പായിരിക്കും. ഈ ദൗത്യത്തിലൂടെ സഞ്ചാരികളെ നേരിട്ട് ചന്ദ്രന്റെ ഉപരിതലത്തിൽ ഇറക്കാനാണ് നാസ ലക്ഷ്യമിടുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.