...
Home News International ‘കൊലയാളി റോബോട്ടുകൾ’ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം; കരാറിന്റെ സാധ്യത പരിശോധിക്കാൻ 128 രാജ്യങ്ങൾ

‘കൊലയാളി റോബോട്ടുകൾ’ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം; കരാറിന്റെ സാധ്യത പരിശോധിക്കാൻ 128 രാജ്യങ്ങൾ

ഇത്തരം ആയുധങ്ങളുടെ ഉപയോഗത്തിന് വ്യക്തമായ അന്താരാഷ്ട്ര നിയമങ്ങളും ഉത്തരവാദിത്ത സംവിധാനങ്ങളും വേണമെന്ന ആവശ്യവും ഇതോടെ വീണ്ടും ശക്തമായിരിക്കുകയാണ്

19

ജനീവ: മനുഷ്യരുടെ നേരിട്ടുള്ള നിയന്ത്രണമില്ലാതെ ലക്ഷ്യങ്ങളെ കണ്ടെത്തി ആക്രമിക്കാൻ ശേഷിയുള്ള മാരക സ്വയംഭരണ ആയുധങ്ങൾക്ക് (Killer Robots) നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കവുമായി 128 രാജ്യങ്ങൾ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇത്തരം ആയുധങ്ങളെ നിയന്ത്രിക്കുന്നതിനുള്ള അന്താരാഷ്ട്ര കരാറിന്റെ സാധ്യതകൾ വിശദമായി പരിശോധിക്കാൻ രാജ്യങ്ങൾ സമ്മതിച്ചു. സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിലാണ് സുപ്രധാന തീരുമാനം.

മനുഷ്യന്റെ ഇടപെടലില്ലാതെ വെടിവയ്ക്കണോ കൊല്ലണോ എന്ന് തീരുമാനിക്കാൻ കഴിയുന്ന ആയുധങ്ങൾക്കെതിരെ നിയമപരമായ നിയന്ത്രണങ്ങൾ അടിയന്തരമായി വേണമെന്ന ആവശ്യവുമായി നൂറോളം രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൺവെൻഷൻ ഓൺ സെർട്ടൻ കൺവെൻഷണൽ വെപ്പൺസ് (CCW) സമ്മേളനത്തിൽ ശനിയാഴ്ച പ്രഖ്യാപനമുണ്ടായത്.

അമേരിക്കയും റഷ്യയും ഇസ്രയേലും എതിർപ്പുമായി

മാരക സ്വയംഭരണ ആയുധങ്ങളുടെ നിയന്ത്രണത്തിനായുള്ള നീക്കത്തെ അമേരിക്ക, റഷ്യ, ഇസ്രയേൽ തുടങ്ങിയ പ്രമുഖ ആയുധ നിർമാതാക്കൾ എതിർത്തു. CCW ചട്ടപ്രകാരം സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാൻ അംഗരാജ്യങ്ങളുടെ ഏകകണ്ഠമായ സമ്മതം ആവശ്യമാണ്. ഇതാണ് നിയമപരമായ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള നീക്കത്തിന് പ്രധാന തടസ്സമായത്.

നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് റഷ്യ എതിർപ്പ് ഉന്നയിച്ചതിനെത്തുടർന്ന് ചില ഔദ്യോഗിക സമ്മേളനങ്ങൾ റദ്ദാക്കേണ്ടിവന്നതായി നയതന്ത്ര പ്രതിനിധികൾ അറിയിച്ചു. അന്തിമ പ്രഖ്യാപനത്തിലെ വാചകങ്ങൾ സംബന്ധിച്ച ചർച്ചകൾ രാത്രി വൈകിയും തുടർന്നു.

സമ്മേളനത്തിന് നേതൃത്വം നൽകിയ സ്വിസ് നയതന്ത്രജ്ഞൻ ജൂലിയൻ തോനിയുടെ നേതൃത്വത്തിലാണ് സമവായത്തിനുള്ള ശ്രമങ്ങൾ നടന്നത്. കരാറിനായി നേരിട്ട് ചർച്ചകൾ നടത്തണമെന്ന നിർദേശത്തോട് ചില രാജ്യങ്ങൾ വിയോജിച്ചു. ഒടുവിൽ കരാറിന്റെ സാധ്യതയും രൂപവും വികസിപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് ധാരണയായത്.

പത്ത് വർഷത്തെ ചർച്ചകൾക്ക് നിർണായക വഴിത്തിരിവ്

മാരക സ്വയംഭരണ ആയുധങ്ങളെ നിയന്ത്രിക്കുന്നതിനായി പത്ത് വർഷത്തിലേറെയായി അന്താരാഷ്ട്ര തലത്തിൽ ചർച്ചകൾ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി ഉണ്ടായ പുതിയ ധാരണ മാനുഷിക നിരായുധീകരണ രംഗത്തെ സുപ്രധാന ചുവടുവയ്പ്പാണെന്ന് ജൂലിയൻ തോനി പറഞ്ഞു.

ആഗോളതലത്തിൽ കടുത്ത ഭിന്നതകൾ നിലനിൽക്കുമ്പോഴും ബഹുമുഖ നയതന്ത്രത്തിലൂടെ വ്യക്തമായ തീരുമാനങ്ങളിലേക്ക് എത്താൻ കഴിയുമെന്നതിന്റെ തെളിവാണ് പുതിയ ധാരണയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ അടിസ്ഥാനത്തിൽ ഏതൊക്കെ സ്വയംഭരണ ആയുധങ്ങൾ നിരോധിക്കണം, ഏതൊക്കെ അനുവദിക്കാം, ഏതൊക്കെ കർശന നിയന്ത്രണങ്ങൾക്ക് വിധേയമാക്കണം തുടങ്ങിയ കാര്യങ്ങൾ തുടർനടപടികളിലൂടെ നിർണയിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘നിയന്ത്രണ നീക്കം വെള്ളം ചേർത്തത്’

അതേസമയം, പുതിയ തീരുമാനത്തിനെതിരെ മനുഷ്യാവകാശ സംഘടനകളും ആയുധ നിയന്ത്രണ പ്രവർത്തകരും രംഗത്തെത്തി. സ്വയംഭരണ ആയുധങ്ങളുടെ വികസനത്തിനും ഉപയോഗത്തിനുമെതിരെ പ്രവർത്തിക്കുന്ന 300 സംഘടനകളുടെ കൂട്ടായ്മയായ ‘സ്റ്റോപ്പ് കില്ലർ റോബോട്ട്സ്’ പുതിയ ധാരണയെ ദുർബലമായ നടപടിയെന്നാണ് വിശേഷിപ്പിച്ചത്.

നിയമപരമായി ബാധകമായ അന്താരാഷ്ട്ര കരാറിലേക്ക് വ്യക്തമായ വഴിയൊരുക്കാൻ തീരുമാനത്തിന് സാധിക്കുന്നില്ലെന്നാണ് സംഘടനയുടെ വിമർശനം.

യുദ്ധമേഖലകളിൽ ഇതിനകം തന്നെ സ്വയംഭരണ ആയുധങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ നിക്കോൾ വാൻ റൂയിജെൻ പറഞ്ഞു. ലക്ഷ്യങ്ങളെ തിരിച്ചറിയാനും ആക്രമിക്കാനും നിർമിതബുദ്ധി (AI) ഉപയോഗിക്കുന്ന സംവിധാനങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

നിയമപരമായി ബാധകമായ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് വൈകിക്കുന്നത് സാധാരണക്കാരുടെയും മനുഷ്യരാശിയുടെയും സുരക്ഷയെ അപകടത്തിലാക്കുമെന്ന് അവർ എഎഫ്പിയോട് പ്രതികരിച്ചു.

സാങ്കേതികവിദ്യ മുന്നോട്ട്, നിയമങ്ങൾ പിന്നിൽ

ഹ്യൂമൻ റൈറ്റ്സ് വാച്ചിലെ ആയുധ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ വെരിറ്റി കോയിലും തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ചു.

പുതിയ നിയമങ്ങൾ അംഗീകരിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ പ്രഖ്യാപനത്തിലില്ലെന്നും അതേസമയം സ്വയംഭരണ ആയുധങ്ങളുടെ സാങ്കേതികവിദ്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.

മനുഷ്യന്റെ നേരിട്ടുള്ള ഇടപെടലില്ലാതെ ലക്ഷ്യങ്ങളെ തിരഞ്ഞെടുക്കുകയും ആക്രമണം നടത്തുകയും ചെയ്യുന്ന ആയുധങ്ങൾ ഭാവിയിലെ യുദ്ധരംഗത്ത് വലിയ ഭീഷണിയാകുമെന്ന ആശങ്ക ശക്തമാണ്. ഇത്തരം ആയുധങ്ങളുടെ ഉപയോഗത്തിന് വ്യക്തമായ അന്താരാഷ്ട്ര നിയമങ്ങളും ഉത്തരവാദിത്ത സംവിധാനങ്ങളും വേണമെന്ന ആവശ്യവും ഇതോടെ വീണ്ടും ശക്തമായിരിക്കുകയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.