...
Home News ടെസ്‌ലയുടെ ‘സൈബർകാബ്’ പ്രോട്ടോടൈപ്പ് അവതരിപ്പിച്ച് മസ്‌ക്; 2026-ൽ ഉൽപ്പാദനം തുടങ്ങും

ടെസ്‌ലയുടെ ‘സൈബർകാബ്’ പ്രോട്ടോടൈപ്പ് അവതരിപ്പിച്ച് മസ്‌ക്; 2026-ൽ ഉൽപ്പാദനം തുടങ്ങും

2025 ഓടെ ടെക്സസിലും കാലിഫോർണിയയിലും ടെസ്‌ലയുടെ പൂർണമായും സ്വയം ഓടിക്കാവുന്ന റോബോടാക്‌സികൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

203

ഡ്രൈവർ ആവശ്യമില്ലാതെ സ്വയം ഓടാൻ കഴിയുന്ന ടെസ്‌ലയുടെ റോബോടാക്‌സി ‘സൈബർകാബി’ന്റെ പ്രോട്ടോടൈപ്പ് ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് ടെസ്‌ലയും സ്പേസ് എക്സ് സിഇഒയും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക്. അമേരിക്കയിലെ കാലിഫോർണിയയിലെ ബർബാങ്കിൽ നടന്ന “വീ റോബോട്ട്” ഇവന്റിൽ ആണ് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ വാഹനത്തെ ആദ്യമായി ലോകത്തിന് മുന്നിൽ കാണിച്ചിരിക്കുന്നത്.

ടെസ്‌ലയുടെ മുന്നേറ്റത്തെ രേഖപ്പെടുത്തുന്ന ഈ വാഹനത്തിൽ സ്റ്റിയറിങ് വീലോ പെഡലുകളോ ഇല്ല. ഡ്രൈവർ ഇല്ലാതെയും പൂർണമായും സ്വയം ഓടിക്കാവുന്ന സാങ്കേതികവിദ്യയിലാണ് സൈബർകാബി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് രണ്ട് ഡോറുകളുള്ള സിംപിൾ ഡിസൈൻ.

ഈ ചടങ്ങിൽ മസ്‌ക്, വേദിയിലേക്ക് എത്തിയത് സൈബർകാബ് ഉപയോഗിച്ചാണ്. കൂടാതെ 20 പേരെ വരെ വഹിക്കാനാകുന്ന ‘റോബാവാൻ’ എന്ന ഭാവി വാഹനവും ഒപ്റ്റിമസ് ഹ്യൂമനോയിഡ് റോബോട്ടും ചടങ്ങിൽ പ്രദർശിപ്പിച്ചു.

2026-ൽ സൈബർകാബ് ഉൽപ്പാദനം ആരംഭിക്കുമെന്നു മസ്‌ക് അവകാശപ്പെട്ടു. ഏകദേശം 25.2 ലക്ഷം രൂപയ്ക്കു താഴെ വിലയുള്ള ഈ കാർ മാർക്കറ്റിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി. 2025 ഓടെ ടെക്സസിലും കാലിഫോർണിയയിലും ടെസ്‌ലയുടെ പൂർണമായും സ്വയം ഓടിക്കാവുന്ന റോബോടാക്‌സികൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

സൈബർകാബി അവതരണത്തിനു ശേഷം നിക്ഷേപകരും വാഹന വ്യവസായ വിശകലന വിദഗ്ധരും ഇതിനെ കുറിച്ച് ആവേശത്തോടെയാണ് പ്രതികരിച്ചത്. എന്നാൽ, പൂർണമായും സ്വയം ഓടിക്കാവുന്ന ഈ റോബോടാക്‌സികൾ പ്രായോഗികമാകുമോ എന്നതിനെക്കുറിച്ച് സംശയങ്ങളും ഉയർന്നുവരുന്നുണ്ട്.

പരമ്പരാഗത ഡ്രൈവിങ് സംവിധാനങ്ങൾ ഒഴിവാക്കി യാത്രാ അനുഭവം മെച്ചപ്പെടുത്താനാകുമെന്ന് ടെസ്‌ല അവകാശപ്പെടുന്നു. 2020 ഓടെ പൂർണമായും പ്രവർത്തനക്ഷമമായ റോബോടാക്‌സികൾ പുറത്തിറക്കുമെന്നു 2019-ൽ മസ്‌ക് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും, മറ്റ് പല പദ്ധതികളുടെയും മാറ്റങ്ങൾ കാരണം ഇതുവരെ ഇനിയും ആ യാഥാർഥ്യമാകാൻ സാധിച്ചിട്ടില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.