...
Home News ബഹിരാകാശത്തെ രുചി രഹസ്യങ്ങൾ തേടി നാസ; വിജയികളെ കാത്തിരിക്കുന്നത് കോടികൾ!

ബഹിരാകാശത്തെ രുചി രഹസ്യങ്ങൾ തേടി നാസ; വിജയികളെ കാത്തിരിക്കുന്നത് കോടികൾ!

ബഹിരാകാശ സഞ്ചാരികൾക്ക് ഭൂമിയെ പൂർണ്ണമായും ആശ്രയിക്കാതെ പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കാനുള്ള നൂതന ആശയങ്ങൾ കണ്ടെത്താനാണ് നാസ 'ഡീപ് സ്‌പേസ് ഫുഡ് ചലഞ്ച്: മാർസ് ടു ടേബിൾ' എന്ന ആഗോള മത്സരം സംഘടിപ്പിക്കുന്നത്.

279

ഭൂമിയിൽ നിന്ന് ദശലക്ഷക്കണക്കിന് കിലോമീറ്ററുകൾ അകലെ, ചുവന്ന ഗ്രഹത്തിന്റെ മണ്ണിൽ ഒരു മനുഷ്യനഗരം സ്വപ്നം കാണുകയാണ് ലോകം. ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌ക് ചൊവ്വയിൽ ഒരു സുസ്ഥിര നഗരം സ്ഥാപിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുമ്പോൾ ശാസ്ത്രലോകത്തിന് മുന്നിൽ ഒരു വലിയ ചോദ്യചിഹ്നമുണ്ട്, അവിടെയെത്തുന്ന മനുഷ്യർ എന്ത് കഴിക്കും? ഭൂമിയിൽ നിന്ന് പൊതിഞ്ഞുകെട്ടി കൊണ്ടുപോകുന്ന ഭക്ഷണത്തിന് പരിധികളുണ്ട്. അതുകൊണ്ട് തന്നെ, ബഹിരാകാശത്തെ ‘അടുക്കള’ സജ്ജമാക്കാൻ ലോകമെമ്പാടുമുള്ള പ്രതിഭകളെ ക്ഷണിക്കുകയാണ് നാസ.

എന്താണ് ‘ഡീപ് സ്‌പേസ് ഫുഡ് ചലഞ്ച്’?

ബഹിരാകാശ സഞ്ചാരികൾക്ക് ഭൂമിയെ പൂർണ്ണമായും ആശ്രയിക്കാതെ പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കാനുള്ള നൂതന ആശയങ്ങൾ കണ്ടെത്താനാണ് നാസ ‘ഡീപ് സ്‌പേസ് ഫുഡ് ചലഞ്ച്: മാർസ് ടു ടേബിൾ’ എന്ന ആഗോള മത്സരം സംഘടിപ്പിക്കുന്നത്. മികച്ച ആശയങ്ങൾ സമർപ്പിക്കുന്നവർക്ക് 750,000 ഡോളർ (ഏകദേശം 6.75 കോടി രൂപ) ആണ് സമ്മാനത്തുകയായി വാഗ്ദാനം ചെയ്തിരിക്കുന്നത്. 2026 ജൂലൈ 31 വരെ ഈ മത്സരത്തിനായി രജിസ്റ്റർ ചെയ്യാം.

ലക്ഷ്യം കേവലം ഭക്ഷണമല്ല, ഒരു ജീവിതരീതി

ചൊവ്വയിലെ വാസസ്ഥലങ്ങളിൽ വെറും ഭക്ഷണം എത്തിക്കുക എന്നതല്ല നാസ ഈ മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. മറിച്ച്, അവിടെത്തന്നെ വിഭവങ്ങൾ വളർത്താനും, പാകം ചെയ്യാനും, അവശിഷ്ടങ്ങൾ (Waste) സംസ്‌കരിക്കാനും കഴിയുന്ന ഒരു സമഗ്ര സംവിധാനമാണ് ശാസ്ത്രജ്ഞർ തേടുന്നത്. ഭൂമിയിൽ നിന്നുള്ള സഹായമില്ലാതെ ദീർഘകാലം നിലനിൽക്കാൻ കഴിയുന്ന ഭക്ഷ്യ സംവിധാനമായിരിക്കണം ഇത്.

നാസയുടെ ലൈഫ് സപ്പോർട്ട് സാങ്കേതികവിദ്യയുമായി ചേർന്ന് പ്രവർത്തിക്കാനും, റീസൈക്കിൾ ചെയ്ത വെള്ളവും വായുവും ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കാനും സാധിക്കണം. കൂടാതെ ബഹിരാകാശ സഞ്ചാരികളെ ശാരീരികമായി കരുത്തരാക്കുന്നതിനൊപ്പം അവരെ മാനസികമായി സന്തോഷിപ്പിക്കാനും ഈ ഭക്ഷണത്തിന് കഴിയണം.

ചന്ദ്രനിലേക്കുള്ള ദൗത്യങ്ങളിൽ, പ്രത്യേകിച്ച് ആർട്ടിമിസ് II ദൗത്യത്തിൽ, നാല് ബഹിരാകാശ സഞ്ചാരികൾക്ക് ഭൂമിയിൽ നിന്ന് പാക്ക് ചെയ്ത ഭക്ഷണമാണ് നാസ നൽകുന്നത്. എന്നാൽ ചൊവ്വയുടെ കാര്യം അങ്ങനെയല്ല. അതിദൂരത്തിലുള്ള ആ യാത്രയിൽ ഭൂമിയെ ആശ്രയിക്കുന്നത് അസാധ്യമായതിനാൽ, സഞ്ചാരികൾ സ്വന്തം നിലയിൽ ഭക്ഷണം കണ്ടെത്തേണ്ടി വരും. ചൊവ്വയിലെ ഒരു സംഘത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും നൽകുന്ന വൈവിധ്യമാർന്ന ഭക്ഷ്യസ്രോതസ്സുകളാണ് നാസ ഈ മത്സരത്തിലൂടെ പ്രതീക്ഷിക്കുന്നത്. 2026 സെപ്റ്റംബറോടെ ഈ മത്സരത്തിന്റെ ഔദ്യോഗിക നടപടികൾ അവസാനിക്കുമെന്ന് നാസ അറിയിച്ചിട്ടുണ്ട്. മനുഷ്യൻ ഒരു ബഹുഗ്രഹ ജീവിയായി മാറുന്ന കാലത്ത്, ചൊവ്വയിലെ ആദ്യത്തെ അടുക്കള ഡിസൈൻ ചെയ്യുന്നത് ഒരുപക്ഷേ നിങ്ങളാകാം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.