മുടി കൊഴിയുന്നത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ടെൻഷൻ ഉണ്ടാക്കുന്ന കാര്യമാണ്. മുടി കൊഴിയുന്നത് കഷണ്ടിയിലേക്ക് നയിക്കുമോ എന്നതാണ് പലരുടെയും ആശങ്ക. പാരമ്പര്യവും വാര്‍ധക്യവുമായി മുടി കൊഴിച്ചിലിന് ഏറെ ബന്ധമുണ്ട്. എന്നിരുന്നാലും പുരുഷന്മാരില്‍ കഷണ്ടി ഉണ്ടാകാനുള്ള ഒരു കാരണം പുകവലി ആണെന്നാണ് ഒരു പഠനം. നിരവധി പഠനങ്ങൾ ഇക്കാര്യം സ്ഥിരീകരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.
പുകവലിക്കുന്ന പുരുഷന്മാരില്‍ പുകവലിക്കാത്തവരെ അപേക്ഷിച്ച് കഷണ്ടിവരാനുളള സാധ്യത കൂടുതലാണെന്ന് നിരവധി പഠനങ്ങൾ പറയുന്നു. പുകവലിക്കാര്‍ക്ക് മുടികൊഴിച്ചിലിനുള്ള സാധ്യത ഇരട്ടിയോളം കൂടുതലായിരിക്കും എന്നാണ് കണ്ടെത്തൽ. പുകവലി രക്ത ചംക്രമണത്തെയും ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
പുകവലിക്കുന്നവരില്‍ രക്തക്കുഴലുകള്‍ ചുരുങ്ങും. ഇതോടെ ഓക്‌സിജന്‍ ഒഴുക്ക് കുറയുകയും പോഷകങ്ങളുടെ വിതരണം കുറയുകയും ചെയ്യും. ആരോഗ്യമുളള മുടി വളരുന്നത് രോമകൂപങ്ങളില്‍ ഓക്‌സിജനും പോഷകങ്ങളും ലഭിക്കുന്നതിനെ ആശ്രയിച്ചാണ്. ശരിയായ പോഷണം ലഭിച്ചില്ലെങ്കില്‍ മുടി കനം കുറഞ്ഞ് ദുര്‍ബലമാകും, ഇതോടെ വേഗത്തില്‍ കൊഴിഞ്ഞു പോകുകയും ചെയ്യും. എല്ലാ പുകവലിക്കാരിലും കഷണ്ടി വരുമെന്ന് ഇതിന് അർത്ഥമില്ല, എന്നാൽ സാധ്യത കൂടുതലാണ്.
തലയോട്ടിയിലെ ആരോഗ്യമുള്ള ഫോളിക്കിളുകളെ മുടിയുടെ വളര്‍ച്ച ആശ്രയിച്ചിരിക്കുന്നു. നിക്കോട്ടിന്‍, കാര്‍ബണ്‍ മോണോക്‌സൈഡ് തുടങ്ങിയ ദോഷകരമായ വസ്‌തുക്കൾ പുകവലിക്കുമ്പോൾ ശരീരത്തിലെത്തും. ഇത്തരം പദാര്‍ഥങ്ങള്‍ തലയോട്ടിയിലെ രക്തയോട്ടം കുറക്കുകയും നീര്‍വീക്കം വര്‍ധിപ്പിക്കുകയും ഓക്‌സിഡേറ്റീവ് സ്‌ട്രെസ് (ദോഷകരമായ തന്മാത്രകള്‍ ഉണ്ടാക്കുന്ന കേടുപാടുകള്‍) ഉണ്ടാകുന്നതിനും കാരണമാകും. മുടിവളര്‍ച്ചക്ക് കാരണമായ കോശങ്ങളെ നശിപ്പിക്കാനും ഓക്‌സിഡേറ്റീവ് സ്‌ട്രെസിനാകും. കാലക്രമേണ ഇത് മുടിയിഴകളെ ദുര്‍ബലമാക്കുകയും മുടിവളര്‍ച്ചയെ തന്നെ തകർക്കുകയും ചെയ്യും.
അകാല നരയ്ക്കും പുകവലി ഒരു കാരണമാകുന്നുണ്ട്. മുടിക്ക് നിറം നല്‍കുന്നത് മെലാനിന്‍ എന്ന പിഗ്‌മെണ്ട് ആണ്. രോമകൂപങ്ങളിലുള്ള പ്രത്യേക കോശങ്ങളിലാണ് ഇത് ഉത്പാദിപ്പിക്കപ്പെടുന്നത്. പ്രായമാകുമ്പോള്‍ മെലാനിൻ്റെ ഉത്പാദനം സ്വാഭാവികമായി കുറയുകയും നരയുണ്ടാകുകയും ചെയ്യുന്നു. എന്നാല്‍ പുകവലിക്കുന്നവരില്‍ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് വര്‍ധിക്കുമെന്ന് പറഞ്ഞല്ലോ. ഈ സമ്മര്‍ദ്ദം മെലാനിന്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ നശിപ്പിക്കും. ഇത് മുടി നരക്കാനും കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു.



