...
Home Health എച്ച്ഐവിയെ പ്രതിരോധിക്കാൻ പുതിയ വാക്സിൻ; പരീക്ഷണങ്ങളിൽ അത്ഭുതകരമായ ഫലങ്ങൾ

എച്ച്ഐവിയെ പ്രതിരോധിക്കാൻ പുതിയ വാക്സിൻ; പരീക്ഷണങ്ങളിൽ അത്ഭുതകരമായ ഫലങ്ങൾ

അമേരിക്കയിലെ ലാ ജോല്ല ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇമ്മ്യൂണോളജി, സ്ക്രിപ്സ് റിസർച്ച്, ഇന്റർനാഷണൽ എയ്ഡ്സ് വാക്സിൻ ഇനിഷ്യേറ്റീവ് എന്നിവയുടെ നേതൃത്വത്തിലാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്.

3

എച്ച്ഐവി/എയ്ഡ്സിനെതിരായ ഫലപ്രദമായ വാക്സിൻ വികസിപ്പിക്കാനുള്ള പതിറ്റാണ്ടുകളായുള്ള ശാസ്ത്രലോകത്തിന്റെ ശ്രമങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്ന പുതിയ കണ്ടെത്തൽ പുറത്തുവന്നു. കുരങ്ങുകൾ ഉൾപ്പെടെയുള്ള പ്രൈമേറ്റുകളിൽ നടത്തിയ പരീക്ഷണങ്ങളിൽ പുതിയ പരീക്ഷണാത്മക വാക്സിൻ ശക്തമായ പ്രതിരോധപ്രതികരണം സൃഷ്ടിച്ചതായി ഗവേഷകർ അറിയിച്ചു. വൈറസിന്റെ വിവിധ വകഭേദങ്ങളെ ചെറുക്കാൻ ശേഷിയുള്ള വിശാല സ്പെക്ട്രം ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കാൻ വാക്സിനിന് കഴിഞ്ഞതായും അവർ വ്യക്തമാക്കി. പഠനഫലങ്ങൾ പ്രമുഖ ശാസ്ത്ര ജേണലായ നേച്ചർ പ്രസിദ്ധീകരിച്ചു.

അമേരിക്കയിലെ ലാ ജോല്ല ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇമ്മ്യൂണോളജി, സ്ക്രിപ്സ് റിസർച്ച്, ഇന്റർനാഷണൽ എയ്ഡ്സ് വാക്സിൻ ഇനിഷ്യേറ്റീവ് എന്നിവയുടെ നേതൃത്വത്തിലാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. വൈറസിനെ നേരിട്ട് ലക്ഷ്യമിടുന്നതിനുപകരം മനുഷ്യശരീരത്തിലെ ബി-കോശങ്ങളെ ഘട്ടംഘട്ടമായി പരിശീലിപ്പിക്കുന്ന രീതിയാണ് പുതിയ വാക്സിനിന്റെ പ്രത്യേകത. ഇതിലൂടെ നിരന്തരം രൂപമാറ്റം സംഭവിക്കുന്ന എച്ച്ഐവിയുടെ വിവിധ ഇനങ്ങളെ തിരിച്ചറിഞ്ഞ് നിർവീര്യമാക്കാൻ കഴിവുള്ള ശക്തമായ ആന്റിബോഡികൾ രൂപപ്പെടുന്നു.

എച്ച്ഐവി വൈറസിന്റെ നിരന്തരമായ ജനിതക വ്യതിയാനങ്ങളും പ്രതിരോധ സംവിധാനത്തിൽ നിന്ന് മറഞ്ഞുനിൽക്കാനുള്ള കഴിവും വാക്സിൻ വികസനത്തെ ഇതുവരെ ഏറെ സങ്കീർണമാക്കിയിരുന്നു. എന്നാൽ പുതിയ സാങ്കേതിക വിദ്യ ഈ വെല്ലുവിളികളെ മറികടക്കാൻ സഹായിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. മൃഗപരീക്ഷണങ്ങളിൽ ഇത്രയും ശക്തമായ പ്രതിരോധ പ്രതികരണം ലഭിക്കുന്നത് ആദ്യമായാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

പ്രൈമേറ്റുകളിൽ ലഭിച്ച വിജയകരമായ ഫലങ്ങളുടെ അടിസ്ഥാനത്തിൽ സമാന തന്ത്രം ഉപയോഗിച്ചുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾ മനുഷ്യരിലും ആരംഭിച്ചിട്ടുണ്ട്. എന്നാൽ വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച അന്തിമ നിഗമനത്തിലെത്താൻ കൂടുതൽ പഠനങ്ങളും ദീർഘകാല നിരീക്ഷണവും ആവശ്യമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

നിലവിൽ എച്ച്ഐവി നിയന്ത്രിക്കാൻ ഫലപ്രദമായ മരുന്നുകൾ ലഭ്യമാണെങ്കിലും, ലോകമെമ്പാടുമുള്ള പുതിയ അണുബാധകൾ തടയുന്നതിനും രോഗവ്യാപനം കുറയ്ക്കുന്നതിനും സുരക്ഷിതവും ഫലപ്രദവുമായ ഒരു വാക്സിൻ നിർണായകമാണെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു. ആ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായാണ് പുതിയ ഗവേഷണഫലത്തെ ശാസ്ത്രലോകം വിലയിരുത്തുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.