പശ്ചിമബംഗാളിലും നിപ വൈറസ് ആശങ്ക വിതയ്ക്കുന്നു. ഒരാഴ്ചയ്ക്കിടെ അഞ്ച് ആരോഗ്യപ്രവർത്തകർക്കാണ് സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചത്. രോഗപ്രതിരോധ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്നവർക്ക് തന്നെ രോഗം ബാധിച്ചത് ആരോഗ്യവകുപ്പിനെ അതീവ ജാഗ്രതയിലാക്കിയിരിക്കുകയാണ്.
നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന രണ്ട് നഴ്സുമാർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ഒരു ഡോക്ടർ, മറ്റൊരു നഴ്സ്, ഒരു ആരോഗ്യപ്രവർത്തക എന്നിവർക്കും കൂടി രോഗബാധ റിപ്പോർട്ട് ചെയ്തു. നിലവിൽ രോഗം സ്ഥിരീകരിച്ച അഞ്ചുപേരും ബെലെഘട്ടയിലെ ഇൻഫെക്ഷ്യസ് ഡിസീസ് ആശുപത്രിയിൽ തീവ്രപരിചരണത്തിലാണ്. ഇവരിൽ ഒരു നഴ്സിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും എന്നാൽ മറ്റൊരാളുടെ നില ഗുരുതരമായി തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. രോഗികളുമായി സമ്പർക്കം പുലർത്തിയ നൂറോളം പേരെ നിലവിൽ ക്വാറന്റീനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
1998-ൽ മലേഷ്യയിലാണ് നിപ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞതെങ്കിലും ഇന്ത്യയിൽ ഇതിന്റെ സാന്നിധ്യം ആദ്യം റിപ്പോർട്ട് ചെയ്യുന്നത് പശ്ചിമബംഗാളിലാണ്. 2001-ൽ സിലിഗുരിയിലുണ്ടായ നിപ ബാധയിൽ 66 പേർക്ക് രോഗം ബാധിക്കുകയും 45 പേർ മരിക്കുകയും ചെയ്തിരുന്നു. തുടർന്ന് 2007-ൽ നാദിയയിലും രോഗബാധയുണ്ടായി. ഇതിനുശേഷം കേരളത്തിൽ 2018, 2021, 2023, 2024 വർഷങ്ങളിൽ നിപ സ്ഥിരീകരിച്ചിരുന്നു. 2018-ൽ കേരളത്തിൽ 21 പേരാണ് നിപ ബാധിച്ച് മരിച്ചത്.
എങ്ങനെ പകരുന്നു? ലക്ഷണങ്ങൾ എന്തെല്ലാം?
വവ്വാലുകളും പന്നികളുമാണ് ഈ വൈറസിന്റെ പ്രധാന വാഹകർ. വൈറസ് ബാധയുള്ള വവ്വാലുകളുടെ മൂത്രം, കാഷ്ഠം, ഉമിനീർ എന്നിവ കലർന്ന പാനീയങ്ങളിലൂടെയോ അവ കടിച്ച പഴങ്ങളിലൂടെയോ രോഗം മനുഷ്യരിലേക്ക് പകരാം. വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാതെ രോഗിയുമായി സമ്പർക്കം പുലർത്തുന്നതിലൂടെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും രോഗം പടരും.
ശരീരത്തിൽ വൈറസ് പ്രവേശിച്ച് 4 മുതൽ 14 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. പ്രധാന ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്:
- കടുത്ത പനി, തലവേദന, ശരീരവേദന, ശ്വാസതടസ്സം.
- രോഗം മൂർച്ഛിക്കുമ്പോൾ ഛർദ്ദി, സ്ഥലകാല ബോധമില്ലായ്മ, മാനസിക വിഭ്രാന്തി.
- അപസ്മാരം, ബോധക്ഷയം എന്നിവയും സംഭവിക്കാം.
കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന ഗുരുതരമായ അവസ്ഥയാണിത്. രക്തം, മൂത്രം, തൊണ്ടയിലെ സ്രവം, സുഷുമ്നാസ്രവം എന്നിവ പരിശോധിച്ചാണ് രോഗം സ്ഥിരീകരിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന ആരോഗ്യവകുപ്പുകൾ കടുത്ത നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. വവ്വാലുകൾ കടിച്ച പഴങ്ങൾ കഴിക്കാതിരിക്കാനും വ്യക്തിശുചിത്വം പാലിക്കാനും അധികൃതർ കർശന നിർദ്ദേശം നൽകുന്നു. രോഗബാധിതരുമായി സമ്പർക്കമുണ്ടായവരെ കണ്ടെത്താനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണ്.


