മനുഷ്യൻ്റെ രോഗപ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട അടിസ്ഥാന കണ്ടെത്തലുകൾക്കാണ് ഇത്തവണത്തെ വൈദ്യശാസ്ത്ര നോബേൽ പുരസ്‌കാരം. മേരി ഇ ബ്രോങ്കോവ്, ഫ്രെഡ് റാംസ്ഡെൽ എന്നീ അമേരിക്കക്കാരും ജപ്പാൻകാരനായ ഷിമോൺ സകാഗുച്ചിയുമാണ് പുരസ്‌കാരം പങ്കിട്ടത്ത്. ക്യാൻസർ ചികിത്സക്കും അവയവദാന ശേഷമുള്ള സങ്കീർണതകൾ ഒഴിവാക്കാനും അടക്കം ഉതകുന്ന കണ്ടെത്തലുകൾക്ക് തുടക്കം കുറിക്കുന്നതാണ് ഈ ഗവേഷണം.
രോഗപ്രതിരോധ ശേഷി വളരെ ശക്തമാണ്. നേരത്തെ പരിചിതമല്ലാത്ത സൂക്ഷ്‌മാണുക്കളെ വരെ പ്രതിരോധിക്കാൻ അതിന് ശേഷിയുണ്ട്. എന്നാൽ പുറമെ നിന്നുള്ള കോശങ്ങളാണോ അതോ സ്വന്തം ശരീരത്തിലേത് തന്നെയാണോ എന്ന് തിരിച്ചറിയാൻ സാധിച്ചില്ലെങ്കിൽ, രോഗപ്രതിരോധ കോശങ്ങൾ സ്വയം ആക്രമിച്ച് വലിയ അപകടമുണ്ടാക്കും. ഈ വിവേചനം ഇല്ലാതാകുമ്പോഴാണ് ഓട്ടോ ഇമ്യൂൺ ഡിസീസസ് ഉണ്ടാകുന്നത്. ഇത് ഒഴിവാക്കി ആവശ്യമായ കോശങ്ങളെ തിരിച്ചറിഞ്ഞ് സംരക്ഷിക്കുന്ന കഴിവാണ് ഇമ്യൂണോ ടോളറൻസ്.
മനുഷ്യൻ്റെ രോഗപ്രതിരോധ സംവിധാനത്തിൻ്റെ അടിസ്ഥാനം ടി സെൽസ് എന്നറിയപ്പെടുന്ന ശ്വേത രക്താണുക്കളാണ്. മജ്ജയിൽ രൂപപ്പെട്ട്, തൈമസിലാണ് ഇവ പൂർണ വളർച്ച നേടുന്നത്. തൈമസ് ആണ് ടി സെല്ലുകളെ വിവേചനപരമായ കഴിവ് പരിശീലിപ്പുക്കുന്നത് എന്ന് പറയാം. ഇങ്ങനെ വളർച്ചയുടെ ഘട്ടത്തിൽ തന്നെ അപകടകാരികളായ രോഗപ്രതിരോധ കോശങ്ങളെ ഇല്ലാതാക്കുന്ന ഇമ്യൂണോ ടോളറൻസിനെ സെൻട്രൽ ഇമ്യൂണോ ടോളറൻസ് എന്ന് വിളിക്കുന്നു.
സെൻട്രൽ ഇമ്മ്യൂണോ ടോളറൻസ് മാത്രമാണ് മനുഷ്യന് ഉള്ളത് എന്നാണ് ദീർഘകാലം കരുതിയിരുന്നത്. എന്നാൽ വളർച്ചയുടെ ഘട്ടത്തിന് ശേഷവും അപകടകാരികളായ കോശങ്ങളെ നിയന്ത്രിക്കുന്ന പെരിഫെറൽ ഇമ്യൂണോ ടോളറൻസിനെ കുറിച്ച് പിന്നീട് ശാസ്ത്രലോകം അറിഞ്ഞു. ഇതിൽ പ്രധാനപ്പെട്ട നാഴികകല്ലായിരുന്നു സകാഗുച്ചിയുടെ റെഗുലേറ്ററി ടി സെൽ കണ്ടെത്തൽ.
തൈമസിനെ വെട്ടിച്ച് ശരീരത്തിലേക്ക് കടക്കുന്ന അപകടകാരികളായ രോഗപ്രതിരോധ കോശങ്ങളെ സ്വന്തം ശരീരം ആക്രമിക്കുന്നതിൽ നിന്ന് സുരക്ഷയൊരുക്കുന്ന ടി സെല്ലുകളാണ് റെഗുലേറ്ററി ടി സെല്ലുകൾ. 1995-ലാണ് സകാഗുച്ചി ഇത്തരമൊരു കോശത്തെ കണ്ടെത്തിയത്. ആ കണ്ടെത്തൽ അവിടെ അവസാനിച്ചു. അതിൽ പുതിയ വഴിത്തിരിവ് ഉണ്ടായത് 2001-ലാണ്.
മേരി ഇ ബ്രോങ്കോവും ഫ്രെഡ് റാംസ്ഡെലു ചേർന്ന് എലികളിലാണ് ആദ്യ പരീക്ഷണം നടത്തിയത്. ഓട്ടോ ഇമ്യൂൺ ഡിസോഡർ ഉണ്ടായ എലിയുടെ ജീനുകൾ ഇവർ പഠിച്ചു. ഫോക്‌സ് പി-3 ജീനിൽ മ്യൂട്ടേഷൻ ഉണ്ടായതാണ് രോഗാവസ്ഥക്ക് കാരണമെന്ന് കണ്ടെത്തി. മനുഷ്യരിൽ കാണപ്പെടുന്ന അപൂർവതരം ഓട്ടോ ഇമ്യൂൺ ഡിസീസായ IPEX ആയി ഇവരുടെ അടുത്ത പഠന വിഷയം. ഐപെക്‌സ് സിൻഡ്രം ബാധിച്ച കുട്ടിയിൽ ഫോക്‌സ് പി-3 ജീനിൻ്റെ തകാരാറ് തന്നെയാണ് കാരണമായി കണ്ടെത്തിയത്.
ഈ കണ്ടെത്തൽ സകാഗുച്ചി തൻ്റെ പഠനവുമായി ബന്ധിപ്പിച്ചു. റെഗുലേറ്ററി ടി സെല്ലുകളെ നിയന്ത്രിക്കുന്നത് ഫോക്‌സ് പി-3 ജീനുകളാണെന്ന് സകാഗുച്ചി വിശദീകരിച്ചു. പെരിഫെറൽ ഇമ്മ്യൂൺ ടോളറൻസുമായി ബന്ധപ്പെട്ട അതിനിർണായക കണ്ടെത്തൽ ആയിരുന്നു അത്. സ്വയം ആക്രമിക്കുന്ന രോഗപ്രതിരോധ കോശങ്ങളെ നിയന്ത്രിക്കാൻ കഴിവുള്ള ടി റെഗുലേറ്ററി സെല്ലുകൾ, അവയെ നിയന്ത്രിക്കുന്ന ഫോക്‌സ് പി-3 കോശങ്ങൾ ഇവ രണ്ടും ചികിത്സാ മേഖലയിൽ വലിയ മുന്നേറ്റം തന്നെ ഭാവിയിൽ ഉണ്ടാക്കുമെന്നാണ് നോബേൽ സമിതിയുടെ വിലയിരുത്തൽ.
ടൈപ് 1 ഡയബെറ്റിസ്, റുമാറ്റോയിഡ് ആർത്രൈറ്റിസ് തുടങ്ങിയ ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളുടെ ചികിത്സക്ക് ഈ കണ്ടെത്തൽ നിർണായകമാണ്. തീർന്നില്ല, അവയവം മാറ്റിവെക്കൽ കൂടുതൽ വിജയകരമാക്കാനും ഭാവിയിൽ ഇവ പ്രയോജനപ്പെടുത്താം. പുറത്ത് നിന്നുള്ള ഒരു അവയവം സ്വീകരിക്കുന്നതിൽ ശരീരം കാണിക്കുന്ന പ്രതിരോധമാണ്, അവയവം മാറ്റിവെക്കലിനെ സങ്കീർമാക്കുന്ന മുഖ്യ ഘടകം.
ഈ ഇമ്യൂൺ കോശങ്ങളെ, റെഗുലേറ്ററി ടി സെൽ കൊണ്ട് നിയന്ത്രിച്ച് ആ സങ്കീർണത ഒഴിവാക്കാനാകും. മറ്റൊന്ന് അർബുദ രോഗ ചികിത്സയാണ്. നേരത്തെ പറഞ്ഞതിന് വിപരീതമായി, ഇമ്യൂൺ കോശങ്ങളെ കൂടുതൽ സജീവമാക്കി ശരീരത്തിലെ ക്യാൻസൻ കോശങ്ങളെ നശിപ്പിക്കാം. അതായത് ഇവിടെ റെഗുലേറ്ററി ടി സെല്ലുകളെ നശിപ്പിക്കുകയോ അവയുടെ പ്രവർത്തനം നിയന്ത്രിക്കുകയോ ആണ് വേണ്ടത്.
ആരോഗ്യമേഖലക്ക് മുതൽക്കൂട്ടാകുന്ന ഇത്തരം കണ്ടെത്തലുകളിലേക്ക് എത്തണമെങ്കിൽ നിരവധി പരീക്ഷണ ഘട്ടങ്ങൾ പൂർത്തിയാകേണ്ടതുണ്ട്. ലോകത്തിൻ്റെ പലഭാഗത്ത് അവ പലരീതിയിൽ പുരോഗമിക്കുകയാണ്. അവക്കെല്ലാം അടിസ്ഥാനമായ നിർണായക കണ്ടെത്തലുകൾക്കാണ് 22 വർഷത്തിനിപ്പുറം നോബേൽ പുരസ്‌കാരം.
The 2025 Nobel Prize in Medicine awarded to the discovery of T cells; What are T cells?, Credit: Dilna Madhu
വാർത്തകൾ എക്‌സിൽ ലഭിക്കും വാർത്തകൾ നിങ്ങളുടെ Facebook Feed ൽ ലഭിക്കും വാർത്തകൾ വാട്‍സ് ആപ്പ് വഴിയും ലഭ്യമാണ്



