ഭൂമിയിലെ തിരക്കുകളിൽ നിന്ന് മാറി, ചന്ദ്രന്റെ മണ്ണിൽ ഒരു ആഡംബര ഹോട്ടലിൽ രാത്രികൾ ചെലവഴിക്കുക എന്നത് ഒരു സ്വപ്നമായി ഇനി അവശേഷിക്കില്ല. അമേരിക്ക ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ടപ്പ് കമ്പനി ചന്ദ്രനിൽ ഹോട്ടൽ താമസം ഒരുക്കുന്നതിനായുള്ള വിപ്ലവകരമായ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.
ആരാണ് ഈ ദൗത്യത്തിന് പിന്നിൽ?
സിലിക്കൺ വാലിയിൽ നിന്നുള്ള 22 വയസ്സുകാരനായ സ്കൈലർ ചാൻ ആണ് ഗാലക്ടിക് റിസോഴ്സ് യൂട്ടിലൈസേഷൻ സ്പേസ് (GRU Space) എന്ന സ്റ്റാർട്ടപ്പിന് തുടക്കമിട്ടത്. ഭൂമിക്കപ്പുറത്തേക്ക് മനുഷ്യരാശിയുടെ ഭാവി കെട്ടിപ്പടുക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. നാസ ഉൾപ്പെടെയുള്ള മുൻനിര ബഹിരാകാശ ഏജൻസികൾ ചന്ദ്രനിൽ മനുഷ്യവാസം ലക്ഷ്യമിടുമ്പോൾ, 2032-ഓടു കൂടി സ്വന്തം ഹോട്ടൽ യാഥാർത്ഥ്യമാക്കാനാണ് ജി.ആർ.യു. സ്പേസ് ശ്രമിക്കുന്നത്. ഇതുവരെ വെറും പന്ത്രണ്ട് പേർ മാത്രം നടന്ന ചന്ദ്രന്റെ മണ്ണിൽ, ഭൂമിക്കു പുറത്തുള്ള മനുഷ്യജീവിതത്തിന് അടിത്തറ പാകുകയാണ് ഉദ്ദേശ്യം.
ഈ ചാന്ദ്രയാത്ര അല്പം ചിലവേറിയതാണ്. ഹോട്ടൽ താമസത്തിനായി ബുക്കിങ് ആരംഭിച്ചിരിക്കുന്നത് 2.2 കോടി രൂപ (250,000)മുതൽഒമ്പതുകോടിരൂപ(10 ലക്ഷം) വരെയുള്ള തുകയ്ക്കാണ്. യാത്രയുടെ അന്തിമ തുക 90 കോടി രൂപ ($10 മില്യൺ) കടക്കാനാണ് സാധ്യതയെന്ന് കമ്പനി വ്യക്തമാക്കുന്നു.
കൂടാതെ, അപേക്ഷിക്കാൻ തന്നെ 1,000 ഡോളർ (തിരിച്ചുലഭിക്കാത്ത തുക) ഫീസായി നൽകണം. പണം മാത്രം ഉണ്ടായാൽ പോരാ, അപേക്ഷകർ കർശനമായ പശ്ചാത്തല പരിശോധനയ്ക്കും വിധേയരാകണം. യാത്രക്കാരുടെ ശാരീരികവും സാമ്പത്തികവുമായ ശേഷി പരിശോധിക്കുന്നതിനായി മെഡിക്കൽ രേഖകളും മറ്റ് വ്യക്തിഗത വിവരങ്ങളും കമ്പനി ആവശ്യപ്പെടും.
വെറുമൊരു ആഡംബര യാത്ര എന്നതിലുപരി, ശാസ്ത്രീയമായ ഒട്ടേറെ വെല്ലുവിളികൾ ഈ പദ്ധതിക്ക് മുന്നിലുണ്ട്. ഹോട്ടൽ നിർമ്മാണത്തിനാവശ്യമായ ആദ്യ പേലോഡ് 2029-ൽ ചന്ദ്രനിലിറക്കാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്. ചന്ദ്രനിലെ പൊടി (Dust) ഉപയോഗിച്ച് തന്നെ ഇഷ്ടികകൾ നിർമ്മിക്കാനുള്ള വിദ്യ കമ്പനി വികസിപ്പിക്കുന്നുണ്ട്. കഠിനമായ താപനിലയിൽ നിന്നും അപകടകരമായ റേഡിയേഷനിൽ നിന്നും താമസക്കാരെ സംരക്ഷിക്കാൻ ഈ ചാന്ദ്ര ഇഷ്ടികകൾക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.



