കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായകമായ ചുവടുവെപ്പുമായി ഫെയ്സ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃകമ്പനിയായ മെറ്റ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കെതിരെ കേന്ദ്രസർക്കാർ നടപടികൾ ശക്തമാക്കിയ പശ്ചാത്തലത്തിൽ, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളും സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും നിയമപാലകരെ അറിയിക്കാൻ മെറ്റ സമ്മതിച്ചു.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മുൻകൈയെടുക്കാത്ത ഏതൊരു പ്ലാറ്റ്‌ഫോമിനെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. ഹാനികരമായ ഉള്ളടക്കങ്ങളുടെ പ്രചരണം തടയുന്നത് സംബന്ധിച്ച് സോഷ്യൽ മീഡിയ കമ്പനികളുമായി സർക്കാർ നിരന്തരം ചർച്ചകൾ നടത്തിവരികയാണെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാമിൽ പണമടച്ചുള്ള പരസ്യങ്ങളിലൂടെ കുട്ടികളുടെ ലൈംഗിക ചൂഷണ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചു എന്ന ആരോപണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ (NHRC) ഇടപെട്ടിട്ടുണ്ട്. ഈ വിഷയത്തിൽ ഡൽഹി പോലീസിനോട് സമഗ്രമായ അന്വേഷണം നടത്താൻ NHRC ആവശ്യപ്പെട്ടു. പോക്‌സോ (POCSO) നിയമപ്രകാരമുള്ള നിർബന്ധിത റിപ്പോർട്ടിംഗ് ബാധ്യതകൾ മെറ്റയും മറ്റ് സമാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ഡൽഹി പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടാതെ, കുട്ടികളുടെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട പരസ്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി നാഷണൽ കമ്മിഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (NCPCR) സെപ്റ്റംബർ 9-ന് മെറ്റ ഇന്ത്യയുടെ പ്രതിനിധികളെ വിളിച്ചുവരുത്തിയിരുന്നു. മെറ്റയുടെ പ്ലാറ്റ്‌ഫോമുകളിൽ ഇത്തരം പരസ്യങ്ങൾ വരുന്നുണ്ടെന്ന് വെളിപ്പെടുത്തിയ ‘ബിബിസി ഐ’ (BBC Eye) നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് NCPCR സ്വമേധയാ കേസെടുത്തത്. തുടർന്ന് ജൂലൈ മാസത്തിൽ മെറ്റയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഏതൊരു സോഷ്യൽ മീഡിയ കമ്പനിയും കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ ബാധ്യസ്ഥരാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഹാനികരവും അനഭിലഷണീയവുമായ ഉള്ളടക്കങ്ങൾ കണ്ടെത്തി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ കർശനമായി തുടരുമെന്ന് സർക്കാർ അറിയിച്ചു. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയമപാലകരെ അറിയിക്കാമെന്ന് സമ്മതിച്ചെങ്കിലും, ഈ രംഗത്ത് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് മെറ്റ വൃത്തങ്ങളും വ്യക്തമാക്കുന്നു.


