Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
ക്ഷീണത്തിൽ നിന്നും ബലഹീനതയിൽ നിന്നും ആശ്വാസം; വിറ്റാമിൻ ബി 12ൻ്റെ പ്രാധാന്യം | Nalamidam
30 October 2026
Home Health ക്ഷീണത്തിൽ നിന്നും ബലഹീനതയിൽ നിന്നും ആശ്വാസം; വിറ്റാമിൻ ബി 12ൻ്റെ പ്രാധാന്യം

ക്ഷീണത്തിൽ നിന്നും ബലഹീനതയിൽ നിന്നും ആശ്വാസം; വിറ്റാമിൻ ബി 12ൻ്റെ പ്രാധാന്യം

നേരത്തെയുള്ള രോഗ നിർണയത്തിനും ചികിത്സക്കും ക്ഷീണം ഒഴിവാക്കാൻ മാത്രമല്ല, ഭാവിയിൽ മറ്റ് നാഡീസംബന്ധമായ പ്രശ്‌നങ്ങൾ തടയാനും കഴിയും

235

തിരക്കേറിയ ജീവിതശൈലിയിൽ, കഠിനമായ ശാരീരിക അദ്ധ്വാനം കൂടാതെ പോലും പലർക്കും കടുത്ത ക്ഷീണവും ബലഹീനതയും അനുഭവപ്പെടുന്നു. കൂടാതെ ഊർജ്ജക്കുറവ്, അലസത, ഏകാഗ്രതയില്ലായ്‌മ തുടങ്ങിയ ലക്ഷണങ്ങൾ സാധാരണമായി കൊണ്ടിരിക്കുകയാണ്.

ആരോഗ്യ വിദഗ്‌ദരുടെ അഭിപ്രായത്തിൽ, ഈ പ്രശ്‌നം ഉറക്കക്കുറവിൽ മാത്രം ഒതുങ്ങുന്നില്ല. അവശ്യ പോഷകങ്ങളുടെ, പ്രത്യേകിച്ച് വിറ്റാമിനുകളുടെ അഭാവത്തെയും സൂചിപ്പിക്കാം. ലേഡി ഹാർഡിംഗ് ഹോസ്പിറ്റലിലെ മെഡിസിൻ വിഭാഗം മേധാവി ഡോ. എച്ച്. ഘോട്ടേക്കർ ഈ വിഷയത്തെ കുറിച്ചുള്ള പ്രധാന വിവരങ്ങൾ പങ്കുവെച്ചു.

ക്ഷീണത്തിൻ്റെ സാധാരണ ലക്ഷണങ്ങൾ

ക്ഷീണം ശാരീരിക ആരോഗ്യത്തെ മാത്രമല്ല, മാനസിക ആരോഗ്യത്തെയും ബാധിക്കുന്നു. എല്ലായ്‌പ്പോഴും ബലഹീനത അനുഭവപ്പെടുക, തലകറക്കം, പേശിവേദന, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ഡോ. ഘോട്ടേക്കറുടെ അഭിപ്രായത്തിൽ, ചില ആളുകൾക്ക് പടികൾ കയറുമ്പോൾ ശ്വാസം മുട്ടൽ, വേഗത്തിലുള്ള ഹൃദയമിടിപ്പ്, അല്ലെങ്കിൽ തലയിൽ ഭാരം അനുഭവപ്പെടുന്നു. ചിലപ്പോൾ, ഇരുണ്ട കാഴ്‌ച അല്ലെങ്കിൽ ഇടക്കിടെ കിടക്കാൻ തോന്നൽ എന്നിവയും ശരീരത്തിലെ പോഷക ആഹാരക്കുറവിൻ്റെ വ്യക്തമായ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾ ദീർഘനേരം അവഗണിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകും.

വിറ്റാമിൻ ബി 12: ഊർജ്ജ ഉൽപാദന ഉറവിടം

ശരീരത്തിന് ക്ഷീണം മറികടക്കാൻ ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ബി 12 എന്ന് ഡോ. എച്ച്. ഘോട്ടേക്കർ വിശദീകരിക്കുന്നു. ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിൽ ഈ വിറ്റാമിൻ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കൂടാതെ, ഇത് നാഡീവ്യവസ്ഥയുടെ സുഗമമായ പ്രവർത്തനം നിലനിർത്താൻ സഹായിക്കുന്നു.

ശരീരത്തിലെ വിറ്റാമിൻ ബി 12ൻ്റെ അളവ് കുറയുമ്പോൾ, ഓക്‌സിജൻ വിതരണം തടസപ്പെടുകയും, നിരന്തരമായ ബലഹീനതക്കും തലകറക്കത്തിനും കാരണമാവുകയും ചെയ്യുന്നു. ഊർജ്ജ ഉൽപാദനത്തിന് അത്യാവശ്യമായ ശരീരത്തിൻ്റെ ഉപാപചയ പ്രക്രിയകളെയും ഈ വിറ്റാമിൻ പിന്തുണക്കുന്നു.

ഭക്ഷണത്തിലൂടെ വിറ്റാമിനുകൾ

വിറ്റാമിൻ ബി 12ൻ്റെ കുറവ് പരിഹരിക്കുന്നതിന്, സമീകൃതവും പോഷക സമൃദ്ധവുമായ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. വിദഗ്‌ദരുടെ അഭിപ്രായത്തിൽ, പാൽ, തൈര്, ചീസ്, മുട്ട, മത്സ്യം, മാംസം തുടങ്ങിയ ഭക്ഷണങ്ങൾ വിറ്റാമിൻ ബി 12ൻ്റെ മികച്ച ഉറവിടങ്ങളാണ്. സസ്യാഹാരികൾക്ക് ഫോർട്ടിഫൈഡ് ധാന്യങ്ങളും പാലുൽപ്പന്നങ്ങളും ഒരു നല്ല ഓപ്ഷനാണ്.

ഭക്ഷണത്തിലൂടെ സ്വാഭാവികമായി വിറ്റാമിൻ ലഭിക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗമെന്ന് ഡോ. ഘോട്ടേക്കർ പറയുന്നു. എന്നിരുന്നാലും, ഗുരുതരമായ കുറവുള്ള സന്ദർഭങ്ങളിൽ, മെഡിക്കൽ കൺസൾട്ടേഷന് ശേഷം സപ്ലിമെന്റുകളോ കുത്തിവെയ്പ്പുകളോ ഉപയോഗിക്കാം.

ജീവിത ശൈലിയിലെ പ്രാധാന്യം

ക്ഷീണം കുറക്കുന്നതിൽ പോഷകാഹാരം മാത്രമല്ല, ചിട്ടയായ ജീവിത ശൈലിയും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിൻ്റെ വീണ്ടെടുക്കലിന് മതിയായതും ആഴത്തിലുള്ളതുമായ ഉറക്കം അത്യാവശ്യമാണ്. കൂടാതെ, പതിവ് ലഘുവ്യായാമം, യോഗ അല്ലെങ്കിൽ നടത്തം ശരീരത്തെ സജീവമായി നിലനിർത്തുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

മാനസിക സമ്മർദ്ദവും ശാരീരിക ക്ഷീണത്തിന് ഒരു പ്രധാന കാരണമാണ്. അതിനാൽ മാനസിക ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും സ്ക്രീൻ സമയം കുറക്കുന്നതും ഗുണം ചെയ്യും. ദിവസം മുഴുവൻ ചെറിയ ഇടവേളകൾ എടുക്കുന്നത് ഊർജ്ജ നില നിലനിർത്താൻ സഹായിക്കുന്നു.

മെഡിക്കൽ പരിശോധനകൾ

ജീവിത ശൈലിയിലും ഭക്ഷണക്രമത്തിലും മാറ്റങ്ങൾ വരുത്തിയിട്ടും ക്ഷീണം തുടരുകയാണെങ്കിൽ, വിദഗ്‌ദർ രക്തപരിശോധന നിർദ്ദേശിക്കുന്നു. വിറ്റാമിൻ ബി 12ൻ്റെ അളവ് പരിശോധിക്കുന്നത് ശരീരത്തിന് അധിക സപ്ലിമെന്റുകൾ ആവശ്യമുണ്ടോ എന്ന് നിർണയിക്കാൻ സഹായിക്കും.

ഡോ. ഘോട്ടേക്കറുടെ അഭിപ്രായത്തിൽ, ഒരു ഡോക്ടറെ സമീപിക്കാതെ ഏതെങ്കിലും തരത്തിലുള്ള വിറ്റാമിൻ സപ്ലിമെന്റുകൾ കഴിക്കരുത്. നേരത്തെയുള്ള രോഗ നിർണയത്തിനും ചികിത്സക്കും ക്ഷീണം ഒഴിവാക്കാൻ മാത്രമല്ല, ഭാവിയിൽ മറ്റ് നാഡീസംബന്ധമായ പ്രശ്‌നങ്ങൾ തടയാനും കഴിയും.