...
Home Health കാൻസർ ചികിത്സക്ക് ജാതിക്കയിൽ നിന്ന് കേരളയിലെ ഗവേഷകര്‍ മരുന്ന് വികസിപ്പിച്ചെടുത്തു

കാൻസർ ചികിത്സക്ക് ജാതിക്കയിൽ നിന്ന് കേരളയിലെ ഗവേഷകര്‍ മരുന്ന് വികസിപ്പിച്ചെടുത്തു

മിരിസ്റ്റിസിന്‍‌ എന്ന വസ്‌തു മറ്റ് പദാര്‍ഥങ്ങളുമായി ചേര്‍ത്താണ് നാനോമെഡിസിന്‍ വികസിപ്പിച്ചത്

384

ജാതിക്കയിൽ നിന്ന് കാൻസർ പ്രതിരോധിക്കാനുള്ള മരുന്നുകൾ കണ്ടെത്തിയിരിക്കുകയാണ് കേരള സര്‍വകലാ ശാലയിലെ ഒരു കൂട്ടം ഗവേഷകർ. സ്‌തനാര്‍ബുദ ചികിത്സക്കുള്ള മരുന്നുകളാണ് സര്‍വകലാ ശാലയിലെ സെൻ്റെര്‍ ഫോര്‍ അഡ്വാൻസ്‌ഡ് കാന്‍സര്‍ റിസര്‍ച്ചിലെ ഗവേഷകസംഘം വികസിപ്പിച്ചെടുത്തത്.

മൂന്നുവർഷത്തെ വിശദ പഠനത്തിന് ഒടുവിലാണ് നാനോമെഡിസിൻ കണ്ടെത്തിയത്. സെൻ്റെര്‍ ഡയറക്ടര്‍ ഡോ. പിഎം ജനീഷ്, ഗവേഷക വിദ്യാര്‍ഥികളായ മഹേഷ് ചന്ദ്രന്‍, സുധിന, അഭിരാമി, ആകാശ് എന്നിവരുടെ നേതൃത്വത്തിലാണ് ഗവേഷണം നടത്തി മരുന്ന് വികസിപ്പിച്ചെടുത്തത്.

ജാതിക്കയില്‍ നിന്ന് വേര്‍തിരിച്ചടുത്ത മിരിസ്റ്റിസിന്‍‌ എന്ന വസ്‌തു മറ്റ് പദാര്‍ഥങ്ങളുമായി ചേര്‍ത്താണ് നാനോമെഡിസിന്‍ വികസിപ്പിച്ചത്. അതോടൊപ്പം മറ്റ് കോശങ്ങള്‍ക്ക് ദോഷമില്ലാതെ കാന്‍സര്‍ കോശങ്ങളെ മാത്രം നശിപ്പിക്കുന്ന വിധത്തിലാണ് മരുന്ന് തയ്യാറാക്കിയെടുത്തത്. കീമോതെറാപ്പി ചെയ്യുമ്പോഴുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ കേരള സര്‍വകലാ ശാലയുടെ മരുന്നിന് ഉണ്ടാവില്ലെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

മരുന്ന് കാന്‍സര്‍ കോശങ്ങളിലും സ്‌തനാര്‍ബുദമുള്ള എലികളിലും പരീക്ഷിച്ച് വിജയിച്ചിരുന്നു. സ്പ്രിന്‍ജര്‍ നേച്ചറിൻ്റെ ക്ലസ്റ്റര്‍ സയന്‍സ് എന്ന അന്താരാഷ്ട്ര ജേണലില്‍ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചു. ഇനി പേറ്റന്റിന് അപേക്ഷിക്കുമെന്നും തുടര്‍ന്ന് മരുന്ന് കമ്പനികളുമായി സഹകരിച്ച് വ്യാവസായിക അടിസ്ഥാനത്തില്‍ വിപണിയിൽ ഇറക്കുമെന്നും ഗവേഷകർ വ്യക്തമാക്കി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.