...
Home News ഐടി മേഖലയില്‍ ‘നിശബ്ദ പിരിച്ചുവിടല്‍’; കൂടുതൽ ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടേക്കാം

ഐടി മേഖലയില്‍ ‘നിശബ്ദ പിരിച്ചുവിടല്‍’; കൂടുതൽ ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടേക്കാം

ആപ്പിള്‍, ഗൂഗിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, ഐബിഎം, ഇന്റല്‍ തുടങ്ങി എല്ലാ വന്‍കിട ഐടി സ്ഥാപനങ്ങളും വന്‍തോതില്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിട്ടുണ്ട്.

164

ഇന്ത്യയിലെ ഐടി മേഖലയില്‍ ‘നിശബ്ദ പിരിച്ചുവിടല്‍’ സാഹചര്യം നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച ആറ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സേവന കമ്പനികള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അവരുടെ മൊത്തം ജീവനക്കാരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഐടി കമ്പനി ജീവനക്കാരുടെ സംഘടനയായ ആള്‍ ഇന്ത്യ ഐടി ആന്റ് ഐടിഇഎസ് എംപ്ലോയിസ് യൂണിയന്‍ (എഐഐടിഇയു) റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ടിസിഎസ്, ഇന്‍ഫോസിസ്, എല്‍ടിഐ-മൈന്‍ഡ് ട്രീ, ടെക് മഹീന്ദ്ര, വിപ്രോ എന്നിവരാണ് വന്‍തോതില്‍ ജീവനക്കാരെ വെട്ടിക്കുറച്ചത്. എച്ച്‌സി എല്‍ടെക് മാത്രമാണ് കൂടുതല്‍ ജീവനക്കാരെ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ജോലിക്കെടുത്തത്. സാമ്പത്തിക മാന്ദ്യം, പുനര്‍നിര്‍മാണം, ചിലവ് കുറയ്ക്കല്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് വന്‍തോതിലുള്ള പിരിച്ചുവിടലുകള്‍ കമ്പനികള്‍ നടത്തിവരുന്നത്.

അതേസമയം, വരും വർഷങ്ങളിലും ഐടി മേഖലയിൽ ഇത്തരത്തിൽ ‘നിശബ്ദ പിരിച്ചുവിടൽ’ ഗണ്യമായി തുടരുമെന്നാണ് വിദഗ്ധർ നൽകുന്ന സൂചന. ഇത്തരത്തിൽ പെട്ടന്നുണ്ടാകുന്ന പിരിച്ചുവിടൽ ജീവനക്കാരുടെ ഭാവിയെ തന്നെ കാര്യമായി ബാധിക്കുന്നതാണെന്നും ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.

കോവിഡ് 19 കാലത്ത് നിരവധിപ്പേരെ ഈ കമ്പനികള്‍ അധികമായി ജോലിക്കെടുത്തിരുന്നെന്നും വ്യവസായ മേഖലയെ മൊത്തം ബാധിച്ചിരിക്കുന്ന ഇടിവില്‍ നിന്ന് കരകയറാന്‍ വേണ്ടിയാണ് ഇപ്പോള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത് എന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ആഗോളതലത്തില്‍ ഐടി കമ്പനികളില്‍ രൂപപ്പെട്ടിരിക്കുന്ന പ്രതിസന്ധി ഇന്ത്യന്‍ ഐടി മേഖലയിലും ബാധിച്ചിട്ടുണ്ട്.

ആപ്പിള്‍, ഗൂഗിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, ഐബിഎം, ഇന്റല്‍ തുടങ്ങി എല്ലാ വന്‍കിട ഐടി സ്ഥാപനങ്ങളും വന്‍തോതില്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിട്ടുണ്ട്. ഈ കമ്പനികളില്‍ പുതിയ നിയമനങ്ങളും മരവിപ്പിച്ചിരിക്കുകയോ ഗണ്യമായി കുറച്ചിട്ടുമുണ്ട്. ഒരു സെക്ഷനിലെ ജീവനക്കാര്‍ക്ക് കമ്പനിക്കുള്ളില്‍ തന്നെ മറ്റൊരു സെക്ഷനിലേക്ക് 30 ദിവസത്തിനുള്ളില്‍ ജോലി നല്‍കുമെന്ന് പറഞ്ഞാണ് പല സ്ഥാപനങ്ങളും പിരിച്ചുവിടല്‍ നടത്തുന്നത്.

എന്നാല്‍, പലരും ഈ വാഗ്ദാനം പാലിക്കുന്നില്ല. മറ്റൊരു സെക്ഷനില്‍ ജോലി ലഭിക്കുന്നത് വൈകുമ്പോള്‍ ജീവനക്കാര്‍ സ്വയം പിരിഞ്ഞുപോകാനും മറ്റു സ്ഥാപനങ്ങളില്‍ ജോലി തേടാനും നിര്‍ബന്ധിതരാകുന്നു. 2024-ലെ ആദ്യ അഞ്ചുമാസത്തിനുള്ളില്‍ ഇന്ത്യയിലെ പ്രധാന ഐടി കമ്പനികളില്‍ നിന്ന് 2,000-നും 3,0000-നും ഇടയില്‍ ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ടെന്ന് നാസന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെനറ്റ് (എന്‍ഐടിഇഎസ്) റിപ്പോര്‍ട്ടില്‍ പറയുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.