...
Home News അനിശ്ചിതമായി നീളുന്ന സുനിതാ വില്യംസിൻ്റെ ഭൂമിയിലേക്കുള്ള മടക്കയാത്ര

അനിശ്ചിതമായി നീളുന്ന സുനിതാ വില്യംസിൻ്റെ ഭൂമിയിലേക്കുള്ള മടക്കയാത്ര

ഒരു പുതിയ സ്പേസ് എക്സ് ക്രൂ ഡ്രാഗൺ ക്യാപ്‌സ്യൂളിനുള്ള തയ്യാറെടുപ്പുകളാണ് രക്ഷാദൗത്യത്തിൻ്റെ കാലതാമസത്തിന് കാരണമെന്നാണ് നാസ നൽകുന്ന വിശദീകരണം

234

അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസ്, ബുച്ച് വിൽമോർ എന്നിവരെ ഭൂമിയിലേക്ക് തിരികെയെത്തിക്കുന്നത് വൈകും. 2025 ഫെബ്രുവരിയിൽ ഇരുവരും ഭൂമിയിൽ മടങ്ങിയെത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ.

പക്ഷെ ഇപ്പോഴുള്ള സാഹചര്യത്തിൽ അത് സാധ്യമല്ല. ഏറ്റവും പുതിയ വിവരം അനുസരിച്ച് 2025 മാര്‍ച്ചിനുശേഷം മാത്രമേ ബഹിരാകാശ യാത്രികർക്ക് തിരികെയെത്താൻ കഴിയുകയുള്ളൂ. ഒരു പുതിയ സ്പേസ് എക്സ് ക്രൂ ഡ്രാഗൺ ക്യാപ്‌സ്യൂളിനുള്ള തയ്യാറെടുപ്പുകളാണ് രക്ഷാദൗത്യത്തിൻ്റെ കാലതാമസത്തിന് കാരണമെന്നാണ് നാസ നൽകുന്ന വിശദീകരണം

. “ഒരു പുതിയ ബഹിരാകാശ പേടകത്തിൻ്റെ നിർമ്മാണം , അസംബ്ലി, ടെസ്റ്റിങ് എന്നിവ വളരെ ശ്രമകരമായ ഒന്നാണ്. അത് വിശദമായിതന്നെ ശ്രദ്ധിക്കേണ്ടതുണ്ട്” – നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാം മേധാവി സ്റ്റീവ് സ്റ്റിച്ച് പറയുന്നു. ഇലോൺ മസ്‌കിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം വഴിയായിരിക്കും രക്ഷാദൗത്യമെന്ന് നാസ നേരത്തേ അറിയിച്ചിരുന്നു

ഈ വർഷം ജൂൺ 5ന് എട്ട് ദിവസത്തെ ദൗത്യത്തിൻ്റെ ഭാഗമായിട്ടാണ് സുനിതയും ബുച്ചറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. പക്ഷെ ഇവർ സഞ്ചരിച്ച ബോയിങ്ങിൻ്റെ സ്റ്റാർലൈനറിന് അവിടെയെത്തിയപ്പോൾ സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് രണ്ടുപേരും ബഹിരാകാശത്ത് കുടുങ്ങുകയായിരുന്നു.

ഈ സെപ്റ്റംബറിൽ ബഹിരാകാശ യാത്രികരെ കൂട്ടാതെ സ്റ്റാര്‍ലൈനര്‍ മാത്രം നാസ ഭൂമിയിലേക്ക് തിരികെ എത്തിക്കുകയായിരുന്നു. സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയുമാണ് ബഹിരാകാശ യാത്രികരുടെ മടങ്ങിവരവിന് തിരിച്ചടിയായത്. ക്രൂ സ്പേസ് ട്രാൻസ്‌പോർട്ടേഷൻ നാസയുടെ കൊമേഴ്‌സ്യൽ ക്രൂ പ്രോഗ്രാമുമായി സഹകരിച്ച് ബോയിങ് വികസിപ്പിച്ച പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടകമാണ് സ്റ്റാര്‍ലൈനര്‍.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.