...
Home News പാഠപുസ്തകങ്ങൾ ഇനി കഥ പറയും, വിഷ്വലുകളായി മുന്നിലെത്തും; പഠനം ഇനി നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച്

പാഠപുസ്തകങ്ങൾ ഇനി കഥ പറയും, വിഷ്വലുകളായി മുന്നിലെത്തും; പഠനം ഇനി നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച്

സാധാരണ ഡിജിറ്റൽ റീഡറുകൾ ഉപയോഗിക്കുന്നവരേക്കാൾ മികച്ച രീതിയിൽ കാര്യങ്ങൾ ഓർത്തെടുക്കാൻ 'Learn Your Way' ഉപയോഗിക്കുന്നവർക്ക് സാധിക്കുമെന്ന് ഗൂഗിൾ റിസർച്ച് അവകാശപ്പെടുന്നു.

247

വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഗൂഗിൾ അവതരിപ്പിച്ച പുതിയ AI മോഡലാണ് ‘Learn Your Way’. പഠനം ഓരോ വിദ്യാർത്ഥിക്കും വ്യക്തിഗതമായ ഒരനുഭവമാക്കി മാറ്റുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. പാഠപുസ്തകങ്ങളിലെ വിരസമായ ഉള്ളടക്കത്തെ ആകർഷകമായ വിഷ്വലുകളായും ഇന്ററാക്ടീവ് പാഠഭാഗങ്ങളായും മാറ്റാൻ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയും.

ഓരോ വിദ്യാർത്ഥിയുടെയും ഗ്രേഡ് നിലവാരവും താൽപ്പര്യങ്ങളും അനുസരിച്ച് പാഠഭാഗങ്ങൾ ക്രമീകരിക്കപ്പെടുന്നു എന്നത് ഇതിന്റെ വലിയ പ്രത്യേകതയാണ്. ഫീഡ്‌ബാക്കുകൾ മനസ്സിലാക്കി ആവശ്യമെങ്കിൽ പാഠ്യഭാഗങ്ങൾ കൂടുതൽ ലളിതമായി വിശദീകരിച്ചു നൽകാനും ഈ AI ടൂളിന് സാധിക്കും.

വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം. ഉപയോക്താക്കൾ ഒരു പിഡിഎഫ് (PDF) ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്താൽ, അത് സ്ലൈഡുകൾ, ഓഡിയോ പാഠങ്ങൾ, മൈൻഡ് മാപ്പുകൾ, വിവരണങ്ങൾ എന്നിങ്ങനെ വിവിധ രൂപങ്ങളിലേക്ക് മാറ്റാൻ സാധിക്കും.

വിവരങ്ങൾ കുത്തിനിറയ്ക്കുന്നതിന് പകരം, തങ്ങൾക്ക് ഇഷ്ടപ്പെട്ട പഠനരീതി തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നതിലൂടെ പഠനം കൂടുതൽ ഫലപ്രദമാകുന്നു. സാധാരണ ഡിജിറ്റൽ റീഡറുകൾ ഉപയോഗിക്കുന്നവരേക്കാൾ മികച്ച രീതിയിൽ കാര്യങ്ങൾ ഓർത്തെടുക്കാൻ ‘Learn Your Way’ ഉപയോഗിക്കുന്നവർക്ക് സാധിക്കുമെന്ന് ഗൂഗിൾ റിസർച്ച് അവകാശപ്പെടുന്നു.

ഈ ടൂളിന്റെ കാര്യക്ഷമത തെളിയിക്കാൻ 15-നും 18-നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളിൽ ഗൂഗിൾ ഒരു പഠനം നടത്തിയിരുന്നു. പരമ്പരാഗത രീതിയിൽ പഠിച്ചവരേക്കാൾ ‘Learn Your Way’ ഉപയോഗിച്ചവർ പരീക്ഷയിൽ ശരാശരി 9 ശതമാനം ഉയർന്ന സ്കോർ നേടി. പഠനത്തിന് ശേഷം കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് നടത്തിയ ഓർമ്മശക്തി പരിശോധനയിൽ ഇവർ 11 ശതമാനം കൂടുതൽ സ്കോർ നേടുകയും ചെയ്തു. വെറും വായനയ്ക്കപ്പുറം ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലൂടെ പഠിക്കുന്നത് അറിവ് ദീർഘകാലം നിലനിർത്താൻ സഹായിക്കുന്നു എന്നാണ് ഈ കണ്ടെത്തലുകൾ വിരൽ ചൂണ്ടുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.