...
Home News National ശത്രുവിന്റെ കണ്ണുകെട്ടുന്ന ‘മിഥ്യ’: അഗ്നി മിസൈലുകൾക്ക് ഇനി അജയ്യമായ പ്രതിരോധ കവചം

ശത്രുവിന്റെ കണ്ണുകെട്ടുന്ന ‘മിഥ്യ’: അഗ്നി മിസൈലുകൾക്ക് ഇനി അജയ്യമായ പ്രതിരോധ കവചം

ഡിആർഡിഒയ്ക്ക് കീഴിലുള്ള ഡിഫൻസ് ഇലക്ട്രോണിക്‌സ് റിസർച്ച് ലബോറട്ടറി, ഡിഫൻസ് ലബോറട്ടറി ജോധ്പൂർ എന്നിവയ്ക്കൊപ്പം ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് , ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളും ഈ പദ്ധതിയിൽ സജീവമാണ്.

184

ശത്രുരാജ്യങ്ങളുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിച്ച് ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിക്കാൻ അഗ്നി മിസൈലുകളെ പ്രാപ്തമാക്കുന്ന ‘മിഥ്യ’ എന്ന അത്യാധുനിക സംവിധാനം ഇന്ത്യ വികസിപ്പിക്കുന്നു. ഡിആർഡിഒയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന ഈ ഇലക്ട്രോണിക് കൗണ്ടർമെഷർ അഥവാ പെനട്രേഷൻ എയ്ഡ് സംവിധാനം രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ വലിയൊരു വിപ്ലവത്തിനാണ് തുടക്കം കുറിക്കുന്നത്.

ശത്രുവിന്റെ റഡാറുകളെയും സെൻസറുകളെയും അത്യാധുനിക സാങ്കേതികവിദ്യയിലൂടെ മറികടന്ന് ഇന്ത്യയുടെ മിസൈൽ വാർഹെഡുകൾ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന ദൗത്യം.

സംസ്‌കൃതത്തിൽ ‘സത്യമെന്ന് തോന്നിക്കുന്ന മിഥ്യാബോധം’ എന്നർത്ഥം വരുന്ന ‘മിഥ്യ’, അതിന്റെ പേരിനെ അന്വർത്ഥമാക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. മിസൈൽ വിക്ഷേപിക്കപ്പെടുമ്പോൾ, അത് ശത്രുവിന്റെ വ്യോമ പ്രതിരോധ റഡാറുകൾക്ക് മുന്നിൽ യഥാർത്ഥ വാർഹെഡാണെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന ഡീകോയ് അഥവാ വ്യാജ പോർമുനകൾ പുറത്തുവിടുന്നു. ശത്രുവിന്റെ പ്രതിരോധ കമ്പ്യൂട്ടറുകൾ ഈ വ്യാജ ലക്ഷ്യങ്ങളെ തകർക്കാൻ വിലയേറിയ ഇന്റർസെപ്റ്റർ മിസൈലുകൾ പ്രയോഗിക്കുമ്പോൾ, ഇതിന്റെ മറവിൽ യഥാർത്ഥ ആണവായുധമോ സ്‌ഫോടകവസ്തുക്കളോ വഹിക്കുന്ന പോർമുനകൾ തടസ്സമില്ലാതെ ലക്ഷ്യം ഭേദിക്കുന്നു.

ഇന്ത്യയുടെ ‘ആദ്യം ആക്രമിക്കില്ല’എന്ന ആണവനയത്തിൽ കൃത്യതയാർന്ന സെക്കൻഡ് സ്‌ട്രൈക്ക് ശേഷിക്ക് വലിയ പ്രാധാന്യമുണ്ട്. ചൈന ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾ അത്യാധുനിക ബാലിസ്റ്റിക് മിസൈൽ പ്രതിരോധ റഡാറുകളും ഇന്റർസെപ്റ്റർ മിസൈലുകളും വിന്യസിച്ചിട്ടുള്ള സാഹചര്യത്തിൽ, സാധാരണ ബാലിസ്റ്റിക് മിസൈലുകൾക്ക് അവയെ ഭേദിക്കുക ബുദ്ധിമുട്ടാണ്. ഈ വെല്ലുവിളിയെ നേരിടാൻ റോഡ്-മൊബൈൽ, റെയിൽ-മൊബൈൽ അഗ്‌നി മിസൈലുകളിൽ മിഥ്യ പോലുള്ള കൗണ്ടർമെഷർ സംവിധാനങ്ങൾ ഉൾപ്പെടുത്തുന്നത് ഇന്ത്യയ്ക്ക് യുദ്ധഭൂമിയിൽ വലിയ മുൻതൂക്കം നൽകുന്നു.

ബാലിസ്റ്റിക് മിസൈലുകൾ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുന്ന (Re-entry) സങ്കീർണ്ണമായ ഘട്ടത്തിലാണ് മിഥ്യ പ്രവർത്തിച്ചു തുടങ്ങുന്നത്. എംഐആർവി (MIRV) സാങ്കേതികവിദ്യയുള്ള മിസൈലുകളിൽ ഈ സംവിധാനം ഘടിപ്പിക്കുന്നതോടെ ശത്രുവിന്റെ പ്രതിരോധ വ്യൂഹങ്ങളെ നിഷ്പ്രഭമാക്കാൻ സാധിക്കും. ഇതിനുപുറമെ, റിസർച്ച് സെന്റർ ഇമാറത് വികസിപ്പിച്ച ‘ക്വാഡ്രിഗർ മോണോപൾസ് ഫ്രീക്വൻസി സീക്കർ’ പോലുള്ള നൂതന സംവിധാനങ്ങൾ മിസൈലുകളെ ശത്രുവിന്റെ ജാമിങ് ശ്രമങ്ങളിൽ നിന്ന് സംരക്ഷിക്കുകയും കൂടുതൽ കൃത്യത ഉറപ്പാക്കുകയും ചെയ്യുന്നു.

പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിക്കുന്ന ഈ പദ്ധതി ‘ആത്മനിർഭർ ഭാരത്’ ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ്. ഡിആർഡിഒയ്ക്ക് കീഴിലുള്ള ഡിഫൻസ് ഇലക്ട്രോണിക്‌സ് റിസർച്ച് ലബോറട്ടറി, ഡിഫൻസ് ലബോറട്ടറി ജോധ്പൂർ എന്നിവയ്ക്കൊപ്പം ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് , ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളും ഈ പദ്ധതിയിൽ സജീവമാണ്. സ്വകാര്യ മേഖലയിൽ നിന്നുള്ള യുണിസ്ട്രിങ് ടെക് സൊല്യൂഷൻസിനും ഈ സംവിധാനത്തിന്റെ വികസനത്തിനായി 30.01 കോടി രൂപയുടെ കരാർ അടുത്തിടെ നൽകിയിട്ടുണ്ട്.

നിലവിൽ വികസനത്തിന്റെ അവസാന ഘട്ടത്തിലുള്ള മിഥ്യയുടെ പ്രീ-ഇൻഡക്ഷൻ പരീക്ഷണങ്ങൾ 2026-ൽ നടക്കാനാണ് സാധ്യത. 2026 അവസാനത്തോടെയോ 2027 മധ്യത്തോടെയോ ഈ സംവിധാനം പൂർണ്ണമായും സജ്ജമാകുകയും അഗ്‌നി-5, അഗ്‌നി പ്രൈം മിസൈലുകളുടെ ഭാഗമാകുകയും ചെയ്യും. ഇതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ മാത്രം കൈവശം വെച്ചിരിക്കുന്ന അതിനൂതന പെനട്രേഷൻ എയ്ഡ് സാങ്കേതികവിദ്യയുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ചുവടുവെക്കും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.