അടുക്കളയിലെ സാധാരണ സുഗന്ധവ്യഞ്ജനമായ മഞ്ഞൾ ചർമ്മസംരക്ഷണ രംഗത്തും ശ്രദ്ധ നേടുകയാണ്. മഞ്ഞളിലെ പ്രധാന സജീവ ഘടകമായ കുർക്കുമിന് ആന്റിഓക്സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. മുഖക്കുരു, ചർമ്മത്തിലെ ചുവപ്പ്, അസ്വസ്ഥത, കറുത്ത പാടുകൾ തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാൻ മഞ്ഞൾ അടങ്ങിയ ഉൽപ്പന്നങ്ങൾ സഹായിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ എല്ലാ ചർമ്മപ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലിയായി മഞ്ഞളിനെ കാണരുതെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
ദക്ഷിണേഷ്യയിലും മിഡിൽ ഈസ്റ്റിലും നൂറ്റാണ്ടുകളായി മഞ്ഞൾ ചർമ്മസംരക്ഷണത്തിനും പരമ്പരാഗത ചികിത്സാരീതികൾക്കും ഉപയോഗിച്ചുവരുന്നുണ്ട്. ഇന്ന് കോറ ഓർഗാനിക്സ്, മെഡിക്യൂബ്, സൺഡേ റൈലി തുടങ്ങിയ പ്രമുഖ സൗന്ദര്യവർധക ബ്രാൻഡുകളും മഞ്ഞൾ അടിസ്ഥാനമാക്കിയുള്ള സെറം, ഫേസ് ഓയിൽ, മോയ്സ്ചറൈസർ, മാസ്ക് തുടങ്ങിയ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നുണ്ട്.
ആയുർവേദ ജീവിതശൈലി വിദഗ്ധയും ചാസ്മ സ്കിൻ സ്ഥാപകയുമായ മംഗള റാവു-ഡിസയുടെ അഭിപ്രായത്തിൽ, ചർമ്മത്തിലെ ചുവപ്പ്, വീക്കം, സുഷിരങ്ങളിലെ തടസ്സം, അസ്വസ്ഥത എന്നിവ കുറയ്ക്കുന്നതിനായി പരമ്പരാഗതമായി മഞ്ഞൾ ഉപയോഗിച്ചുവരുന്നു. ആധുനിക ഗവേഷണങ്ങളും മഞ്ഞളിലെ കുർക്കുമിന്റെ ചില ഗുണങ്ങളെ പിന്തുണയ്ക്കുന്നുണ്ട്.
ചർമ്മത്തിന് കുർക്കുമിൻ നൽകുന്ന ഗുണങ്ങൾ
മഞ്ഞളിന് മഞ്ഞനിറം നൽകുന്ന പ്രധാന രാസസംയുക്തമാണ് കുർക്കുമിൻ. ചർമ്മസംരക്ഷണത്തിൽ ഇത് പ്രധാനമായും രണ്ട് രീതിയിലാണ് പ്രവർത്തിക്കുന്നത്.
1. ആന്റിഓക്സിഡന്റ് ഗുണം
അൾട്രാവയലറ്റ് രശ്മികൾ, മലിനീകരണം തുടങ്ങിയവയുടെ ഫലമായി ചർമ്മത്തിൽ രൂപപ്പെടുന്ന ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കാൻ കുർക്കുമിന് കഴിയും. ഇവ കൊളാജൻ, എലാസ്റ്റിൻ എന്നിവയുടെ തകർച്ചയ്ക്ക് കാരണമാകാം. അതിനാൽ ചർമ്മത്തിന്റെ സ്വാഭാവിക സംരക്ഷണത്തിന് ആന്റിഓക്സിഡന്റുകൾ സഹായകമാണ്.
2. വീക്കം കുറയ്ക്കാനുള്ള കഴിവ്
ചർമ്മത്തിലെ വീക്കത്തിന് കാരണമാകുന്ന ചില ജൈവപ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ കുർക്കുമിന് കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ന്യൂജേഴ്സി ആസ്ഥാനമായുള്ള ഡെർമറ്റോളജിസ്റ്റ് ഡോ. അലക്സിസ് യംഗിന്റെ അഭിപ്രായത്തിൽ, വീക്കവുമായി ബന്ധപ്പെട്ട NF-kB എന്ന സിഗ്നലിങ് പാതയുടെ പ്രവർത്തനം കുറയ്ക്കാൻ കുർക്കുമിന് കഴിയും.
മുഖക്കുരു, എക്സിമ, സോറിയാസിസ്, ചൊറിച്ചിൽ, റേഡിയേഷൻ ചികിത്സയ്ക്ക് ശേഷമുള്ള ചർമ്മത്തിലെ അസ്വസ്ഥതകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിൽ കുർക്കുമിൻ ശ്രദ്ധ നേടിയിട്ടുണ്ട്. മുറിവുണങ്ങുന്ന പ്രക്രിയയിലും മെലാനിൻ ഉൽപ്പാദനവുമായി ബന്ധപ്പെട്ട ടൈറോസിനേസ് എന്ന എൻസൈമിലും ഇതിന് സ്വാധീനമുണ്ടാകാമെന്നും പഠനങ്ങൾ പരിശോധിക്കുന്നുണ്ട്.
മുഖക്കുരുവിനും ചർമ്മത്തിലെ ചുവപ്പിനും സഹായകരമോ?
എളുപ്പത്തിൽ ചുവന്നുപോകുന്ന ചർമ്മം, മുഖക്കുരുവിന് ശേഷം നിലനിൽക്കുന്ന ചുവപ്പ്, റെറ്റിനോൾ പോലുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതിന് ശേഷമുള്ള അസ്വസ്ഥത എന്നിവ കുറയ്ക്കുന്നതിൽ കുർക്കുമിൻ സഹായകമാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ചർമ്മത്തിലെ ചൂട്, ചുവപ്പ്, സംവേദനക്ഷമത, പ്രകോപനം തുടങ്ങിയവയെ വീക്കത്തിന്റെ ലക്ഷണങ്ങളായാണ് ആയുർവേദം പരമ്പരാഗതമായി കണക്കാക്കുന്നത്. ഇത്തരം അവസ്ഥകളെ ശമിപ്പിക്കാനാണ് മഞ്ഞൾ ഉപയോഗിച്ചിരുന്നതെന്ന് മംഗള റാവു വിശദീകരിക്കുന്നു.
എന്നാൽ മഞ്ഞൾ മാത്രം ഉപയോഗിച്ചാൽ എല്ലാ ചർമ്മപ്രശ്നങ്ങളും പരിഹരിക്കാനാകില്ല. അതുകൊണ്ടുതന്നെ മിക്ക ആധുനിക ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളിലും വിറ്റാമിൻ സി, നിയാസിനാമൈഡ്, കോജിക് ആസിഡ് തുടങ്ങിയ മറ്റ് സജീവ ഘടകങ്ങൾക്കൊപ്പമാണ് മഞ്ഞൾ ഉൾപ്പെടുത്തുന്നത്.
കറുത്ത പാടുകൾ മാറ്റാൻ മഞ്ഞൾ സഹായിക്കുമോ?
ചർമ്മത്തിലെ കറുത്ത പാടുകളും ഹൈപ്പർപിഗ്മെന്റേഷനും കുറയ്ക്കാൻ മഞ്ഞൾ സഹായിക്കുമെന്ന പ്രചാരണം വ്യാപകമാണ്. എന്നാൽ ഇതിന്റെ ഫലപ്രാപ്തിയെക്കുറിച്ച് അമിതമായ പ്രതീക്ഷ വേണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
മഞ്ഞൾ ഒരാഴ്ചയ്ക്കുള്ളിൽ കറുത്ത പാടുകൾ ഇല്ലാതാക്കുന്ന ബ്ലീച്ചിങ് ഏജന്റല്ലെന്ന് ഡെർമറ്റോളജിസ്റ്റ് ഡോ. അലക്സിസ് യംഗ് പറയുന്നു. സ്ഥിരമായ ഉപയോഗത്തിലൂടെ പാടുകളുടെ നിറം കുറയ്ക്കാനും പുതിയ പാടുകൾ രൂപപ്പെടുന്നത് നിയന്ത്രിക്കാനും സഹായിച്ചേക്കാം. എന്നാൽ ഇതിനായി ദീർഘകാല ഉപയോഗം ആവശ്യമാണ്.
ഒന്റാറിയോ ആസ്ഥാനമായുള്ള ഡെർമറ്റോളജിസ്റ്റ് ഡോ. മാരിസ പോൻസോയുടെ അഭിപ്രായത്തിൽ, കുർക്കുമിന്റെ ആന്റിഓക്സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളെക്കുറിച്ചുള്ള തെളിവുകളെ അപേക്ഷിച്ച് നിലവിലുള്ള ഹൈപ്പർപിഗ്മെന്റേഷൻ ചികിത്സിക്കുന്നതിലുള്ള ഫലപ്രാപ്തിക്ക് തെളിവുകൾ കുറവാണ്.
മഞ്ഞൾപ്പൊടി നേരിട്ട് മുഖത്ത് പുരട്ടാമോ?
അടുക്കളയിൽ ഉപയോഗിക്കുന്ന മഞ്ഞൾപ്പൊടി മുഖത്ത് പുരട്ടിയാൽ മികച്ച ചർമ്മസംരക്ഷണ ഫലം ലഭിക്കുമെന്ന് കരുതുന്നവരുണ്ട്. എന്നാൽ ഇത് ശരിയായ രീതിയല്ലെന്നാണ് വിദഗ്ധർ പറയുന്നത്.
കുർക്കുമിന് വെള്ളത്തിൽ ലയിക്കാനുള്ള കഴിവ് കുറവാണ്. വെളിച്ചത്തിലും വായുവിലും സമ്പർക്കം വരുമ്പോൾ ഇതിന്റെ സ്ഥിരതയും കുറയാം. കൂടാതെ ചർമ്മത്തിന്റെ ആഴത്തിലുള്ള പാളികളിലേക്ക് എത്താനുള്ള കഴിവും പരിമിതമാണ്.
പാചകത്തിനുപയോഗിക്കുന്ന മഞ്ഞളിൽ ഏകദേശം മൂന്ന് ശതമാനം മാത്രമാണ് കുർക്കുമിൻ. പ്രത്യേക രീതിയിൽ സംസ്കരിക്കുകയോ സ്ഥിരത ഉറപ്പാക്കുകയോ ചെയ്യാത്ത മഞ്ഞൾപ്പൊടി ചർമ്മത്തിൽ പുരട്ടിയാൽ പ്രതീക്ഷിക്കുന്ന ഫലം ലഭിക്കണമെന്നില്ല. പകരം ചർമ്മത്തിന് താൽക്കാലികമായി മഞ്ഞനിറം ലഭിക്കാനാണ് സാധ്യതയെന്ന് ഡോ. യംഗ് ചൂണ്ടിക്കാട്ടുന്നു.
എൻക്യാപ്സുലേഷൻ; ഫലപ്രദമായ കുർക്കുമിനായി സാങ്കേതികവിദ്യ
കുർക്കുമിന്റെ സ്ഥിരതയും ചർമ്മത്തിലേക്കുള്ള ആഗിരണശേഷിയും വർധിപ്പിക്കാൻ സൗന്ദര്യവർധക വ്യവസായം പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നുണ്ട്.
അവയിൽ പ്രധാനമാണ് എൻക്യാപ്സുലേഷൻ. കുർക്കുമിനെ ചെറിയ സംരക്ഷണ കവചങ്ങൾക്കുള്ളിൽ ഉൾപ്പെടുത്തി അതിന്റെ സ്ഥിരത നിലനിർത്തുന്ന രീതിയാണിത്. ഇതുവഴി സജീവ ഘടകം കൂടുതൽ ഫലപ്രദമായി ചർമ്മത്തിലെത്താൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.
മറ്റൊരു രൂപമാണ് ടെട്രാഹൈഡ്രോകുർക്കുമിൻ. കുർക്കുമിനിൽ നിന്ന് രാസപരമായി രൂപപ്പെടുത്തിയ ഈ സംയുക്തത്തിന് കൂടുതൽ സ്ഥിരതയും മെച്ചപ്പെട്ട ജൈവലഭ്യതയും ഉണ്ടാകാമെന്ന് ഡോ. യംഗ് വിശദീകരിക്കുന്നു.
വിറ്റാമിൻ സിക്കൊപ്പം ഉപയോഗിക്കാമോ?
മറ്റ് ചില ചർമ്മസംരക്ഷണ ഘടകങ്ങൾക്കൊപ്പം കുർക്കുമിൻ ഉപയോഗിക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പ്രത്യേകിച്ച് വിറ്റാമിൻ സിക്കൊപ്പം ചേർക്കുമ്പോൾ രണ്ട് ആന്റിഓക്സിഡന്റുകളും വ്യത്യസ്ത രീതികളിൽ പ്രവർത്തിച്ച് ചർമ്മത്തിന് സംരക്ഷണം നൽകാൻ സഹായിച്ചേക്കാം.
സൺഡേ റൈലിയുടെ CEO ഗ്ലോ വിറ്റാമിൻ സി, ടർമെറിക് ഫേസ് ഓയിൽ എന്നിവ ഈ കൂട്ടുകെട്ടിന്റെ ഉദാഹരണങ്ങളാണ്.
റെറ്റിനോയിഡുകൾ, എക്സ്ഫോളിയേറ്റിങ് ആസിഡുകൾ തുടങ്ങിയവ ഉപയോഗിക്കുമ്പോൾ ചിലരിൽ ഉണ്ടാകുന്ന ചുവപ്പും അസ്വസ്ഥതയും ശമിപ്പിക്കാനും മഞ്ഞൾ അടങ്ങിയ ഉൽപ്പന്നങ്ങൾ സഹായിച്ചേക്കാം. എന്നാൽ ഓരോ ചർമ്മത്തിന്റെയും പ്രതികരണം വ്യത്യസ്തമായതിനാൽ പുതിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് നടത്തുന്നത് നല്ലതാണ്.
മഞ്ഞൾ അടങ്ങിയ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഉൽപ്പന്നത്തിന്റെ ചേരുവകളുടെ പട്ടികയിൽ മഞ്ഞൾ അല്ലെങ്കിൽ കുർക്കുമ ലോംഗ (Curcuma longa) എന്ന പേര് കാണുന്നതുകൊണ്ടുമാത്രം അത് ഫലപ്രദമാണെന്ന് ഉറപ്പിക്കാനാവില്ലെന്ന് ഡോ. മാരിസ പോൻസോ പറയുന്നു.
ഉൽപ്പന്നം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്:
- കുർക്കുമിൻ ഏത് രൂപത്തിലാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് പരിശോധിക്കുക.
- സജീവ ഘടകത്തിന്റെ സ്ഥിരത ഉറപ്പാക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ടോ എന്ന് നോക്കുക.
- മറ്റ് ചർമ്മസംരക്ഷണ ഘടകങ്ങളുമായുള്ള സംയോജനം വിലയിരുത്തുക.
- നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമാണോ എന്ന് പരിശോധിച്ചശേഷം മാത്രം പതിവായി ഉപയോഗിക്കുക.
മൊത്തത്തിൽ, ചർമ്മത്തിലെ വീക്കം, ചുവപ്പ്, അസ്വസ്ഥത എന്നിവ കുറയ്ക്കുന്നതിന് സഹായകമായ ഒരു സജീവ ഘടകമാണ് കുർക്കുമിൻ. എന്നാൽ പെട്ടെന്നുള്ള ഫലങ്ങൾ പ്രതീക്ഷിക്കാതെ, ശാസ്ത്രീയമായി രൂപപ്പെടുത്തിയ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുകയും സ്ഥിരമായി ഉപയോഗിക്കുകയും ചെയ്യുന്നതാണ് പ്രധാനം. മഞ്ഞൾ ഒരു സഹായക ചേരുവയാണ്, എല്ലാ ചർമ്മപ്രശ്നങ്ങൾക്കുമുള്ള ചികിത്സയല്ലെന്ന കാര്യവും ഓർക്കണം.


