...
Home Health ‘ഫെയർനെസ് ക്രീം ഉപയോഗിച്ചു’; വൃക്കരോഗവും പ്രതിരോധശേഷി നഷ്ടവും, ദുരനുഭവം പറഞ്ഞ് ഗായകൻ

‘ഫെയർനെസ് ക്രീം ഉപയോഗിച്ചു’; വൃക്കരോഗവും പ്രതിരോധശേഷി നഷ്ടവും, ദുരനുഭവം പറഞ്ഞ് ഗായകൻ

വ്യാജവും ഗുണനിലവാരമില്ലാത്തതുമായ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് ജാഗ്രതാ നിർദേശം നൽകി

292

മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടിവന്ന അനുഭവം തുറന്നുപറഞ്ഞ് ഗായകൻ സലീം കോടത്തൂർ. ക്രീമിന്റെ ഉപയോഗത്തെത്തുടർന്ന് വൃക്കരോഗം ബാധിക്കുകയും ശരീരത്തിന്റെ പ്രതിരോധശേഷി പൂർണമായും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുകയും ചെയ്തതായി അദ്ദേഹം വെളിപ്പെടുത്തി. എട്ടുമാസം നീണ്ട ചികിത്സക്ക് ഒടുവിലാണ് രോഗത്തിൽനിന്ന് മോചിതനായതെന്നും വലിയ ശാരീരിക, മാനസിക, സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെന്നും വീഡിയോ സന്ദേശത്തിലൂടെ സലീം പറഞ്ഞു.

പത്തുവർഷം മുമ്പാണ് സംഭവത്തിനിടയാക്കിയ ക്രീം ഉപയോഗിച്ചതെന്ന് സലീം കോടത്തൂർ വ്യക്തമാക്കി. കാസർകോട്ടുള്ള ഒരു സുഹൃത്ത് വഴിയാണ് ക്രീം ലഭിച്ചത്. അന്ന് നിറം വർധിപ്പിച്ച ഒരു ഗായകനെ കണ്ടപ്പോൾ അതിന് ഉപയോഗിച്ച ഉൽപ്പന്നത്തെക്കുറിച്ച് അന്വേഷിച്ചിരുന്നു. തുടർന്ന് ഒരു ക്രീമിന്റെ പേര് പറഞ്ഞു കൊടുക്കുകയായിരുന്നു. നിയമപരമായ കാരണങ്ങളാൽ ക്രീമിന്റെ പേര് വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം ഒന്നര ബോട്ടിൽ ക്രീം ഉപയോഗിച്ചതോടെ ചർമത്തിന് നിറം വർധിച്ചു. എന്നാൽ ഒന്നര മാസത്തിനുശേഷം ആരോഗ്യ പ്രശ്നങ്ങൾ ആരംഭിച്ചു. മൂത്രത്തിൽ അണുബാധ ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. ഒന്നരമാസത്തോളം തുടർച്ചയായി ആശുപത്രികളിൽ ചികിത്സ തേടി. പിന്നീട് കണ്ണിന്റെ കൺപോളകളിലും കാലുകളിലും നീർക്കെട്ട് അനുഭവപ്പെട്ടു. ശരീരം ക്രമേണ ക്ഷീണിക്കുകയും മൂത്രമൊഴിക്കുമ്പോൾ പത കാണപ്പെടുകയും ചെയ്തു. പരിശോധനയിലാണ് ശരീരത്തിൽ നിന്ന് പ്രോട്ടീൻ നഷ്ടപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയത്.

തുടർന്നുള്ള പരിശോധനകളിലാണ് രോഗത്തിന്റെ ഗൗരവം വ്യക്തമായത്. ശരീരത്തിൽ നിന്ന് പ്രോട്ടീൻ തുടർച്ചയായി നഷ്ടപ്പെടുകയാണെന്നും വൃക്ക തകരാറിലാകാനോ രക്തവുമായി ബന്ധപ്പെട്ട ഗുരുതര പ്രശ്നങ്ങളുണ്ടാകാനോ സാധ്യതയുണ്ടെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയതായി സലീം പറഞ്ഞു.

രോഗം മൂർച്ഛിച്ചതോടെ ജീവിതം തന്നെ പ്രതിസന്ധിയിലായി. ശരീരത്തിൽ നടത്താത്ത പരിശോധനകളില്ലെന്നും എല്ലാ മാസവും മൂന്ന് ദിവസം വീതം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജീവിതകാലം മുഴുവൻ മരുന്നുകൾ കഴിക്കേണ്ടി വരുമെന്നായിരുന്നു ഡോക്ടർമാരുടെ മുന്നറിയിപ്പ്. നാലുമാസത്തിനുള്ളിൽ രോഗാവസ്ഥ കൂടുതൽ ഗുരുതരമായി. മരുന്നുകൾ ഫലപ്രദമാകാത്ത അവസ്ഥയുമുണ്ടായി.

ആളുകൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാൻ പോലും കഴിയാത്ത സാഹചര്യമുണ്ടായി. പിന്നീട് പല്ലുകൾ നീക്കം ചെയ്യേണ്ടിവന്നു. മുഖത്ത് കറുപ്പ് നിറം വ്യാപിക്കുകയും ശാരീരികാവസ്ഥ മോശമാകുകയും ചെയ്തു. എട്ടുമാസത്തെ ചികിത്സയ്ക്കു ശേഷമാണ് രോഗം പൂർണമായും ഭേദമായതെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാവരുടെയും പ്രാർഥനയും ഡോക്ടർമാരുടെ ചികിത്സയുമാണ് ജീവിതത്തിലേക്ക് തിരിച്ചെത്താൻ സഹായിച്ചതെന്നും രോഗം മാറിയത് ഡോക്ടർമാർക്കുപോലും അത്ഭുതമായിരുന്നുവെന്നും സലീം പറഞ്ഞു.

രോഗമുക്തി നേടിയെങ്കിലും ആരോഗ്യ പ്രശ്നങ്ങളുടെ ചില ബുദ്ധിമുട്ടുകൾ ഇപ്പോഴും തുടരുന്നുണ്ട്. ക്ഷീണവും ഉറക്കമില്ലായ്മയും അലട്ടുന്നു. പെപ്സി, കോള, സോഡ, അച്ചാർ, പപ്പടം തുടങ്ങിയവ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കേണ്ടിവന്നു. ഫെയർനെസ് ക്രീമിന്റെ ഉപയോഗത്തെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ കാരണം വേദനസംഹാരികൾ പോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ ജാഗ്രത

ഫെയർനെസ് ക്രീമുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് കേരളത്തിൽ മറ്റൊരു ഗുരുതര സംഭവവും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. മലപ്പുറത്ത് വ്യാജ ഫെയർനെസ് ക്രീം ഉപയോഗിച്ച പതിനേഴുകാരിക്ക് വൃക്കരോഗം ബാധിച്ചതായി പരാതി ഉയർന്നിരുന്നു. ക്രീമിൽ അമിത അളവിൽ മെർക്കുറി അടങ്ങിയിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വ്യാജവും ഗുണനിലവാരമില്ലാത്തതുമായ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിരുന്നു. വകുപ്പ് നടത്തിയ പരിശോധനകളിൽ ഹാനികരമായ ഘടകങ്ങൾ അടങ്ങിയ പത്തുലക്ഷത്തിലേറെ രൂപയുടെ സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതായും റിപ്പോർട്ടുണ്ട്.

ചർമത്തിന്റെ നിറം വർധിപ്പിക്കുമെന്ന പരസ്യവാഗ്ദാനങ്ങളിൽ ആകൃഷ്ടരായി ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർക്ക് സലീം കോടത്തൂരിന്റെ അനുഭവം വലിയ മുന്നറിയിപ്പാണ്. അംഗീകാരമില്ലാത്തതും ചേരുവകൾ വ്യക്തമല്ലാത്തതുമായ ക്രീമുകളുടെ ഉപയോഗം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാമെന്നതിനാൽ ഉപഭോക്താക്കൾ ജാഗ്രത പാലിക്കേണ്ടതുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.