കൊല്ലം ജില്ലയിലെ കുന്നത്തൂർ പഞ്ചായത്തിലെ ‘പാകിസ്ഥാൻ മുക്കിൻ്റെ’ പേര് പഞ്ചായത്ത് കമ്മിറ്റി മാറ്റി. സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ ബുധനാഴ്‌ച ചേർന്ന യോഗം പേര് മാറ്റാനുള്ള തീരമാനം ഐകകണേ്ഠ്യനെ അംഗീകരിക്കുക ആയിരുന്നു. പഹൽഗാമിൽ ഏപ്രിൽ 22ന് നടന്ന ഭീകര ആക്രമണത്തെ തുടർന്നുണ്ടായ പൊതുജനവികാരം മൂലമാണ് ഈ തീരുമാനമെടുത്തതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട് പറഞ്ഞു.
പേര് മാറ്റം
ബിജെപി അംഗവും വാർഡ് പ്രതിനിധിയുമായ കെജി അനീഷ്യയാണ് പേരുമാറ്റം ആവശ്യപ്പെട്ട് പഞ്ചായത്തിന് കത്ത് സമർപ്പിച്ചത്.തുടർന്ന് 15 പേർ പങ്കെടുത്ത പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ 12-ാം നമ്പർ അജണ്ടയായി വിഷയം ചർച്ച ചെയ്യുകയും പേര് മാറ്റം കമ്മിറ്റി ഐകകണേ്ഠ്യനെ അംഗീകരിക്കുകയും ആയിരുന്നു.
ജംഗ്ഷൻ സ്ഥിതി ചെയ്യുന്ന വാർഡിനെ പ്രതിനിധീകരിക്കുന്ന മജീന ദിലീപ് ചർച്ചയിൽ പങ്കെടുത്തില്ല. ആരോഗ്യപരമായ കാരണങ്ങളാൽ മാറി നിന്നു എന്നാണ് അറിവ്.
എവിടെ പാകിസ്ഥാൻ മുക്ക് ?
17 വാർഡുകൾ ഉള്ള കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ പഞ്ചായത്തിലെ മൂന്നാം വാർഡായ നിലക്കൽ ചേർന്ന് കിടക്കുന്ന പത്തനംതിട്ട ജില്ലയിലെ കടമ്പനാട് പഞ്ചായത്തിലെ പാണ്ടിമലപ്പുറം എന്നീ വാർഡുകളിലായാണ് പാകിസ്ഥാൻ മുക്ക്. കുന്നത്തൂർ പഞ്ചായത്തിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളാണ് 3, 4 വാർഡുകൾ. പഞ്ചായത്തിലെ ഏക മുസ്ലീം പള്ളിയും മൂന്നാം വാർഡിലാണുള്ളത്.
പേര് ഇനിയെന്താകും?
വർഷങ്ങൾക്ക് മുന്നേതന്നെ ഐവർകാലയെ പാകിസ്ഥാൻ മുക്കെന്നാണ് അറിയപ്പെട്ടിരുന്നത്. ഏതാണ്ട് 70 വർഷക്കാലമായി സ്ഥലത്തിൻ്റെ പേര് പാക്കിസ്ഥാൻ മുക്കെന്നാണ് നാട്ടുകാർ പറയുന്നത്. പേര് വന്നതെങ്ങനെയെന്ന് നാട്ടുകാർക്കും പിടിയില്ല. പാകിസ്ഥാൻ മുക്കെന്ന പേര് മാറ്റാൻ പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ നാടിനെ പ്രീയദർശിനി നഗർ എന്ന് വിളിച്ചു.
പഴയകാല പേരായ ‘ഐവര്‍കാല’
ഫലമുണ്ടായില്ല. ചിലർ ശാന്തിസ്ഥാൻ എന്ന പേര് നൽകി. ഒരു കടക്ക് ശാന്തിസ്ഥാൻ എന്ന് പേര് നൽകിയെങ്കിലും ഫലമുണ്ടായില്ല. പഴയകാല പേരായ ‘ഐവര്‍കാല’ എന്നാകും ഈ സ്ഥലം ഇനിമുതൽ അറിയപ്പെടുക.
തിരുവനന്തപുരത്തെ കല്ലറ ഗ്രാമപഞ്ചായത്തിലും സമാന പേരുള്ള ഒരു സ്ഥലമുണ്ട്. കല്ലറ ഗ്രാമപഞ്ചായത്തിലെ അരുവി പുറത്തിനും കുറിഞ്ഞിലക്കാടിനും ഇടയിലുള്ള ഒരു സ്ഥലത്തെയും ‘പാകിസ്ഥാൻ മുക്ക്’ എന്നാണ് അറിയപ്പെടുന്നത്.