കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. ആവേശത്തിലൂന്നിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഒടുവില്‍ ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ വോട്ടര്‍മാരാണ് പോളിങ് ബൂത്തിലേക്ക് എത്തുന്നത്.
ആകെ 36, 630 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. 1.32 കോടിയിലധികം വോട്ടര്‍മാര്‍ക്കായി 15, 432 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. വടക്കന്‍ ജില്ലകളില്‍ വ്യാഴാഴ്‌ചയാണ് വോട്ടെടുപ്പ്. ചൊവാഴ്‌ച വൈകിട്ടോടെ പരസ്യപ്രചരണം അവസാനിക്കും.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി വിഎസ് അച്യുതാനന്ദൻ്റെ ഭാര്യ വസുമതിയും മകന്‍ അരുണ്‍കുമാറും. അച്ഛനില്ലാത്ത ആദ്യത്തെ തെരഞ്ഞെടുപ്പ് ആണിതെന്നും അതിൻ്റെ ബുദ്ധിമുട്ടുണ്ടെന്നും അരുണ്‍ കുമാര്‍ പ്രതികരിച്ചു. ആലപ്പുഴ പുന്നപ്ര വടക്ക് പഞ്ചായത്ത് ബഡ്‌സ് സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തിലാണ് ഇരുവരും വോട്ട് രേഖപ്പെടുത്തിയത്.
വോട്ട് ചെയ്യണമെന്ന് അമ്മക്ക് നിര്‍ബന്ധമായിരുന്നു. വയ്യാഞ്ഞിട്ടും അതുകൊണ്ടാണ് വന്നത്. പണ്ട് മുതല്‍ അച്ഛൻ്റെ കൂടെയായിരുന്നു വോട്ട് ചെയ്യാനെത്താറെന്നും അരുണ്‍ കുമാര്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് ചരിത്രത്തിലുടനീളം എല്‍ഡിഎഫ് ആണ് വളരെ മികച്ച വിവരം കൈവരിച്ചതെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എംഎ ബേബി. എല്‍ഡിഎഫ് കേരളത്തില്‍ ഉടനീളം മികച്ച വിജയം കൈവരിക്കുമെന്നും എംഎ ബേബി പറഞ്ഞു.
കേരളമൊട്ടാകെ ഭരണമാറ്റത്തിന് വേണ്ടിയുള്ള ശക്തമായ വികാരം കാണുന്നുണ്ടെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് എകെ ആൻ്റെണി. തദ്ദേശ തെരഞ്ഞെടുപ്പ് ഭരണമാറ്റത്തിൻ്റെ വേഗത വര്‍ധിപ്പിക്കുന്നതാണ്. ജനങ്ങളാകെ കക്ഷിഭേദമന്യേ ജാതിമത വിത്യാസമില്ലാതെ ഈ ഭരണത്തില്‍ മടുത്തുവെന്നും എകെ ആൻ്റെണി പറഞ്ഞു.
ബിജെപിയെ സംബന്ധിച്ച് വോട്ട് ശതമാനം കുറയും. ബിജപി ക്ഷീണിച്ചു കൊണ്ടിരിക്കുകയാണ്. ഭരണമാറ്റമുണ്ടാക്കാന്‍ കഴിയുന്ന ഏകമുന്നണി യുഡിഎഫ് ആണെന്നും എകെ ആൻ്റെണി വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിച്ചു.























