ത്രിപുര: എച്ച്‌ഐവി ബാധിച്ച് 47 വിദ്യാര്‍ത്ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. 828 വിദ്യാര്‍ത്ഥികളില്‍ എച്ച്‌ഐവി വൈറസ് സ്ഥിരീകരിച്ചതായി സംസ്ഥാന എയ്‌ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അധികൃതര്‍ വ്യക്തമാക്കി. ‘‘828 വിദ്യാര്‍ത്ഥികളില്‍ എച്ച്‌ഐവി അണുബാധ സ്ഥിരീകരിച്ചു. അതില്‍ 572 വിദ്യാര്‍ത്ഥികള്‍ ഇന്നും ജീവനോടെയുണ്ട്. ’’ സംസ്ഥാന എയ്‌ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 220 സ്‌കൂളുകളിലും 24 കോളേജുകളിലും നിന്നുമുള്ള വിദ്യാര്‍ത്ഥികളിലാണ് രോഗം സ്ഥിരീകരിച്ചത്. സിറിഞ്ച് ഉപയോഗിച്ച് കുത്തിവെയ്ക്കുന്ന രീതിയിലുള്ള ലഹരിമരുന്നിൻ്റെ ഉപയോഗമാണ് വിദ്യാര്‍ത്ഥികളില്‍ രോഗവ്യാപനത്തിന് കാരണമായതെന്നാണ് കരുതുന്നത്. ത്രിപുര സംസ്ഥാനത്തെ 164 ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ പുറത്തുവിട്ടതെന്ന് എയ്‌ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
’’സമ്പന്ന കുടുംബത്തില്‍ നിന്നുള്ള കുട്ടികളാണ് രോഗം ബാധിച്ചവരില്‍ ഭൂരിഭാഗം പേരും. സര്‍ക്കാര്‍ ജോലിക്കാരായ മാതാപിതാക്കളുടെ മക്കളും ഇതിലുള്‍പ്പെട്ടിട്ടുണ്ട്. മക്കള്‍ ലഹരികൾക്ക് അടിമയായെന്ന് അച്ഛനമ്മമാര്‍ തിരിച്ചറിയുമ്പാഴേക്കും എല്ലാം കൈവിട്ടു പോയിട്ടുണ്ടാകും,’’ -ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരസ്പരം ലഹരിമരുന്ന് കുത്തിവെയ്ക്കാന്‍ ഉപയോഗിക്കുന്ന സൂചി വഴി രോഗം പടരാന്‍ സാധ്യതയുണ്ട്. ഒരു സൂചിയാണ് ഇത്തരക്കാര്‍ പരസ്പരം ഉപയോഗിക്കുന്നത്.
ജനങ്ങള്‍ സ്റ്റെറിലൈസ് ചെയ്‌ത സൂചികള്‍ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ച് വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി. കൂടാതെ ലഹരിക്ക് അടിമപ്പെട്ടവര്‍ക്ക് കൗണ്‍സലിംഗ്, ഡീ-അഡിക്ഷന്‍ ട്രീറ്റ്‍മെണ്ട് നൽകുന്നതിനൊപ്പം ബോധവല്‍ക്കരണ പരിപാടികളും സംസ്ഥാനത്ത് സംഘടിപ്പിക്കുന്നുണ്ട്.
2024 മെയ് മാസം വരെ സംസ്ഥാനത്ത് 8729 പേര്‍ക്കാണ് എച്ച്‌ഐവി രോഗം സ്ഥിരീകരിച്ചത്. അതില്‍ 5674 പേര്‍ ഇപ്പോഴും ജീവനോടെയുണ്ട്. ഇക്കൂട്ടത്തില്‍ 4570 പേര്‍ പുരുഷന്‍മാരും 1103 പേര്‍ സ്ത്രീകളും ഒരാള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടയാളാണെന്നും എയ്‌ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അധികൃതര്‍ പറഞ്ഞു.